കരൂർ: രാജ്യത്തിന് തന്നെ വലിയ വേദനയായിരിക്കുകയാണ് തമിഴ്‌നാട്ടിലെ മഹാറാലി ദുരന്തം. നടൻ വിജയ് യുടെ ടിവികെ സംസ്ഥാന പര്യടനത്തിനിടെ ആയിരുന്നു മഹാദുരന്തം സംഭവിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചർച്ചകൾ വീണ്ടും ഉടലെടുത്തിരിക്കുകയാണ്. ടിവികെ യും ഡിഎംകെ യും പരസ്പരം പഴിചാരുമ്പോഴും മരിച്ചുവീണ നിരവധി ജീവനുകൾക്ക് ഇനി ആര് ഉത്തരം പറയും എന്ന അവസ്ഥയാണ്. ആരെയും കണ്ണ് നനയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ദുരന്തമുഖത്ത് ഉള്ളത്. ഇപ്പോഴിതാ, കരളലയിപ്പിക്കുന്ന മറ്റൊരു ദൃശ്യവും സോഷ്യൽ മീഡിയയിൽ ചർച്ചയിരിക്കുകയാണ്.

ദുരന്തമുഖത്ത് അനാഥമായി കിടക്കുന്ന കുറെ ചെരിപ്പുകൾക്കിടയിൽ നൊമ്പരപ്പെടുത്തുന്ന മറ്റൊരു കാഴ്ച. തല തിരിഞ്ഞ് ഒടിഞ്ഞിരിക്കുന്ന നിലയിൽ കുഞ്ഞ് ശരീരം. ഒന്ന് ശ്രദ്ധിച്ച് നോക്കുമ്പോൾ കണ്ടത് ഒരു പൂച്ചക്കുഞ്ഞിന്റെ ശരീരമായിരുന്നു. ആ മഹാറാലിയിൽ മനുഷ്യരോടൊപ്പം ജീവന് വേണ്ടി പിടഞ്ഞവരിൽ പൂച്ചയും. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. പാവം മിണ്ടാപ്രാണി എന്ത് പിഴച്ചു എന്നും ചിലർ പറയുന്നു.

അതിനിടെ, കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലെന്ന് വിവരം. വിജയ് അസുഖബാധിതന്‍ ആണെന്നും രോഗം ഉടന്‍ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമര്‍ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമര്‍ പ്രസാദ് ഉപദേശിക്കുന്നു. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.

അതേ സമയം കരൂരിലെ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ അനുമതി തേടി വിജയ് ഹൈക്കോടതിയെ സമീപിച്ചു. സന്ദര്‍ശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയാണ് ആസൂത്രകന്‍ എന്നും സത്യവങ്മൂലത്തില്‍ ആരോപിക്കുന്നു.

വിജയ് നയിച്ച റാലിയ്ക്കിടെ 41 പേര്‍ മരിച്ച കരൂര്‍ സന്ദര്‍ശിക്കാന്‍ എന്‍ഡിഎ സംഘത്തെ നിയോഗിച്ചു. സന്ദര്‍ശനത്തിനായി എട്ടംഗ സംഘത്തെയാണ് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ നിയോഗിച്ചത്. നടിയും എംപിയുമായ ഹേമ മാലിനിയാകും സംഘത്തിന് നേതൃത്വം നല്‍കുക. അതിനിടെ, കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമനും എല്‍ മുരുകനും ആള്‍ക്കൂട്ട ദുരന്തം ഉണ്ടായ കരൂറിലെത്തി, പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

പതിനൊന്നരയയോടെ കരൂരില്‍ എത്തിയ ഇരുവരും ആദ്യം ദുരന്തം ഉണ്ടായ വേലുചാമിപുരം സന്ദര്‍ശിച്ചു. പിന്നീട് പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി വിവരങ്ങള്‍ തിരക്കി. ചികിത്സയില്‍ ഉള്ളവരെ സന്ദര്‍ശിച്ചു. എന്നാല്‍, ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.