- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; മുന്നോട്ടു നടക്കാന്‍ മടിച്ച ഇവാനയുടെ കയ്യില്‍ ബലമായി പിടിച്ചുകൊണ്ടുപോകുന്ന ഷൈനി; ജീവിക്കാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ മനം മടുത്ത് ജീവനൊടുക്കിയ വീട്ടമ്മയും മക്കളും വീട്ടില്‍ നിന്നിറങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
ഷൈനിയും മക്കളും പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ ഷൈനിയും മക്കളും പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഷൈനിയുടെ വീടിന് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങിയ ഇളയമകള്‍ ഇവാന പോകാന്‍ മടിച്ചുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. മരണ ദിവസം പുലര്‍ച്ചെ നാലേമുക്കാലോടെ വീട് പൂട്ടിയിറങ്ങിയ ഷൈനിയും മക്കളും റെയില്‍വേ ട്രാക്കിന്റെ ഭാഗത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സാധാരണ എല്ലാ ദിവസവും പുലര്‍ച്ചെ പള്ളിയില്‍ പോകാറുണ്ടായിരുന്ന ഷൈനിയും കുട്ടികളും അന്നും പള്ളിയില്‍ പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വഴിയിലേക്ക് ഇറങ്ങിയ ശേഷം മുന്നോട്ടു നടക്കാന്‍ മടിക്കുന്ന ഇളയ കുട്ടിയുടെ കയ്യില്‍ ഷൈനി ബലമായി പിടിച്ചുകൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൂത്തകുട്ടി ഇവരുടെ പിന്നാലെ ചെല്ലുന്നതും കാണാം. പിന്നീട് രാവിലെ 5.20ന് നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടിയാണ് ഷൈനിയും കുട്ടികളും ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.
ജീവിതം അവസാനിപ്പിക്കുന്നതിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് അവസാനത്തെ വഴിയും തേടി മടുത്ത് തന്റെ സുഹൃത്ത് ജെസിയോട് സംസാരിച്ചത് ഹൃദയഭേദകമായാണ്. ഷൈനിക്ക് ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. സാമ്പത്തിക ബാധ്യതകള്‍ ഏറെയാണ്. ഭര്‍ത്താവ് വക്കില്‍ നോട്ടീസ് സ്വീകരിക്കാത്ത സാഹചര്യം പോലുമുണ്ടായി. ആ ശബ്ദരേഖ രണ്ട് മൂന്ന് ദിവസം മുമ്പ് മറുനാടന്‍ മലയാളി പുറത്തുവിട്ടിരുന്നു. ആ ശബ്ദരേഖയില്‍ ഷൈനി വ്യക്തമായി പറഞ്ഞിരുന്നു ഭര്‍ത്താവ് വക്കീല്‍ നോട്ടീസ് പോലും സ്വീകരിക്കന്നില്ല എന്നായിരുന്നു ആ ശബ്ദരേഖയില്‍ ഷൈനി വെളിപ്പെടുത്തിയത്.
അവസാന നിമിഷം വരെ ഷൈനി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. മക്കളെ എവിടെയെങ്കിലും സുരക്ഷിതമായി ഏല്‍പ്പിച്ച ശേഷം ജീവിത യുദ്ധം തുടരണമെന്നായിരുന്നു ഷൈനിയുടെ ആഗ്രഹം. മക്കളെ സംരക്ഷിക്കേണ്ടത് ഉള്ളതിനാലാണ് ഷൈനിക്ക് ജോലി തേടി ദൂരേക്ക് പോകാന്‍ കഴിയാതെയിരുന്നത്. അതുകൊണ്ടാണ് കാരിത്താസ് അടക്കം കോട്ടയത്തെ ഏതാണ് പന്ത്രണ്ടോളം ആശുപത്രികളില്‍ ജോലി തേടിപ്പോയത്.
അവിടെയൊന്നും ഷൈനിക്ക് ജോലി കിട്ടിയില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് കരിയറില്‍ വന്ന ഇടവേളയാണെങ്കില്‍ രണ്ടാമത്തേത് ഭര്‍ത്താവ് നോബിയുടെ സഹോദരനായ ഫാദര്‍ ബോബിയുടെ തെറ്റായ ഇടപെടലാണ്. ഈ പശ്ചാത്തലത്തില്‍ ഷൈനിക്ക് മറ്റൊരു വഴിയുമില്ലായിരുന്നു. അങ്ങനെ മക്കളെ ഹോസ്റ്റലിലാക്കാന്‍ ഷൈനി തീരുമാനിക്കുകയായിരുന്നു. ഹോസ്റ്റലിലായാല്‍ പിന്നെ അവരുടെ കാര്യം ശരിയാകുമല്ലോ എന്നായിരുന്നു പ്രതീക്ഷ. മക്കള്‍ പഠിച്ചിരുന്ന ഹോളി ക്രോസ് സ്‌കൂളിലെയും എസ് എഫ് എസിലെയും ഹോസ്റ്റലുകളില്‍ അവസരം തേടിയിരുന്നു.
ഒടുവില്‍ ഒരു ഹോസ്റ്റലില്‍ പോയി മക്കളെ ഏല്‍പ്പിക്കാന്‍ ഷൈനി അവര്‍ പറഞ്ഞ എല്ലാ നിബന്ധനകളും അംഗീകരിച്ചിട്ടും തീരുമാനം ഉണ്ടായില്ല. ആ ഹോസ്റ്റലില്‍ കൂടി അവസരം നിഷേധിച്ചതുകൊണ്ടാകാം ഷൈനി ഒടുവില്‍ മക്കള്‍ക്ക് ഒപ്പം ജീവനൊടുക്കാന്‍ തീരുമാനിച്ചത്.
മക്കളെ ഒറ്റയ്ക്കിട്ടിട്ട് ജോലിക്ക് പോകാന്‍ ഷൈനിക്ക് പേടിയായിരുന്നു. ബാന്ദ്രയിലെ ഒരു ആശുപത്രിയില്‍ ജോലി ശരിയായിരുന്നു. പക്ഷെ മക്കളെ ഹോസ്റ്റലില്‍ താമസിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങി വന്നില്ല. ഷൈനി മുമ്പ് ജോലി ചെയ്ത റോസമിസ്റ്റിക എന്ന കെയര്‍ ഹോമില്‍ ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തായ ജെസിയോട് പറയുന്നതിന്റെ ശബ്ദരേഖയില്‍ അവസാന നാളുകളില്‍ ഷൈനി നേരിട്ട പ്രതിസന്ധി വ്യക്തമാണ്.
അവസാന ശബ്ദരേഖ
'സിസ്റ്ററെ നിങ്ങള്‍ക്ക് അറിയാവുന്ന ഏതെങ്കിലും ഒരു ഹോസ്റ്റല്‍ ഉണ്ടെങ്കില്‍ എനിക്ക് കണ്ടു പിടിച്ച് തരാന്‍ പറ്റുമോ, എസ് എഫ് എസിന്റെ കാര്യം ചോദിച്ചു അതിന്റെ ഹോസ്റ്റല്‍ അതിരമ്പുഴയില്‍ ആണെന്ന് പറഞ്ഞു. അവിടുത്തെ അച്ചനെ വിളിച്ചു ചോദിച്ചു. അച്ചന്‍ നമ്പര്‍ തന്നു. അവിടെ എസ് എഫ് എസിലെ പിള്ളേരും യൂണിവേഴ്സിറ്റിലെ കുട്ടികളും മാത്രമെയുള്ളു അവിടെ മറ്റ് കുട്ടികളെ എടുക്കില്ലായെന്ന് പറഞ്ഞു.
ഞാന്‍ പിന്നെ വേറൊരു ഹോസ്റ്റല്‍ ഉള്ളത് വലിയവരുടേതാണെന്ന് പറഞ്ഞു. അവിടെ പിള്ളാരെ നിര്‍ത്താന്‍ പറ്റില്ലാന്ന് പറഞ്ഞു. ഒരു റൂമില്‍ നാല് പേരുണ്ടെന്ന് പറഞ്ഞു. എസ് എഫ് എസിലെ പിള്ളാര്‍ക്ക് ഇവിടുന്നാണ് ആഹാരം കൊടുക്കുന്നതെന്നും പറഞ്ഞു. അതും വഴിയടഞ്ഞു. സിസ്റ്ററോട് പറഞ്ഞു എങ്ങനെയെങ്കിലും ഒരു വഴി കാണിച്ചുതരണം എന്നു പറഞ്ഞു. സിസ്റ്റര്‍ ഒരു റൂമെയുള്ളു, പിള്ളേര് തന്നെ കിടക്കുമോയെന്ന് ചോദിച്ചു. വീട്ടിലാണെങ്കിലും പിള്ളാര് തന്നെയാണ് കിടക്കുന്നതെന്ന് പറഞ്ഞു. പാമ്പ് ഏതാണ്ട് കേറി എന്ന് പറഞ്ഞു. സിസ്റ്ററെ പാമ്പൊക്കെ പോയിക്കാണും എന്നു മറുപടി പറയുകയും ചെയ്തു.
പിള്ളാര് തന്നെ കിടക്കുമോ അല്ലെങ്കില്‍ ഞാന്‍ അവിടെ പോയി കിടക്കേണ്ടി വരും എന്ന് സിസ്റ്റര്‍ പറഞ്ഞു. ഞങ്ങള്‍ കഴിക്കുന്ന ഫുഡ് ഒക്കെയാകും ഇവിടെ, കഞ്ഞിയാണ് എന്നൊക്കെ പറഞ്ഞു, ഞാന്‍ അതൊന്നും കുഴപ്പമില്ല, പിള്ളാര്‍ക്ക് അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞു. എന്തെങ്കിലും ഒരു കഞ്ഞിയും ഇത്തിരി കറിയും മതി എന്നു പറഞ്ഞു, അതൊന്നും സാരമില്ല. കുട്ടികള്‍ക്ക് തങ്ങാന്‍ ഒരിടം തന്നാല്‍ മതിയെന്ന് പറഞ്ഞു. സിസ്റ്ററോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു.
ഞാന്‍ എസ് എച്ചില്‍ പോയി ചോദിച്ചു, അവിടെയൊന്നും ഒരു രക്ഷയുമില്ല. അവിടെ കുട്ടികളെ എടുക്കത്തില്ല, പിള്ളാരെ നോക്കണ്ടെ, അപ്പനും ഇല്ലാ, അമ്മയും ഇല്ലാതെ പിള്ളാരെ നോക്കണ്ടെ, അങ്ങനെ ഇവിടെ പിള്ളാരെ എടുക്കുകയില്ല. അവിടെ ഇരുന്നു കരഞ്ഞിട്ടും പറ്റാത്തതുകൊണ്ടാണ് മോളെ എന്ന് പറഞ്ഞു. വീണ്ടും ഹോളിക്രോസില്‍ പോയി സിസ്റ്ററിനോട് കുറെ വര്‍ത്തമാനം പറഞ്ഞു. എനിക്ക് വേറെ നിര്‍വാഹമില്ല, അല്ലെങ്കില്‍ സ്‌കൂള്‍ മാറ്റേണ്ടി വരും എന്നൊക്കെ പറഞ്ഞു''.
ജെസിയുമായിട്ടായിരുന്നു അവസാന ദിവസങ്ങളില്‍ ഷൈനി സംസാരിച്ചുകൊണ്ടിരുന്നത്. ജെസിയുടെ കൂടെ സഹായത്തോടെയാണ് ഷൈനി കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ സൗകര്യം ഒരുക്കാന്‍ പരിശ്രമിച്ചത്. ഈ ശബ്ദസന്ദേശത്തില്‍ അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ ഷൈനി ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാണ്.