കോട്ടയം: ഒടുവില്‍ ചാണ്ടി ഉമ്മനും പ്രതികരിച്ചു. എ ഗ്രൂപ്പിന് ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം മതിയായ പരിഗണന കിട്ടുന്നില്ലെന്ന വാദം ശക്തമാക്കുന്നതാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്ത് വരുന്നത് എ ഗ്രൂപ്പിലെ അതൃപ്തിയാണ് വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയുമെന്നും ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു.

യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതാണ് അതൃപ്തിക്ക് കാരണം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍നിന്ന് അബിന്‍ വര്‍ക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്. അബിനെ ചാണ്ടി ഉമ്മന്‍ പിന്തുണയ്ക്കുകയും ചെയ്തു. വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിന്‍ വര്‍ക്കി. നടപടിയില്‍ അദ്ദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അത് അംഗീകരിക്കും. കൂടുതല്‍ പരിഗണിക്കപ്പെടേണ്ടയാളാണ് അബിനെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അബിനെ കൂടി പരിഗണിച്ചുവേണമായിരുന്നു തീരുമാനം എടുക്കാന്‍. പക്ഷേ തീരുമാനമെടുത്ത സാഹചര്യത്തില്‍ അതിനൊപ്പം നില്‍ക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. സ്വാഭാവികമായ വിഷമം എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. 'എന്റെ പിതാവിന്റെ ഓര്‍മദിവസം എന്നെ സ്ഥാനത്ത് നിന്ന് നീക്കി. എനിക്ക് വളരെയേറെ മാനസിക വിഷമം ഉണ്ടാക്കിയ കാര്യമാണത്. ഒരു ചോദ്യം പോലും എന്നോട് ചോദിച്ചിട്ടില്ല. എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രാജിവെച്ച് ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്-ചാണ്ടി ഉമ്മന്‍ പറയുന്നു.

എന്താണ് പുറത്താക്കിയതിന് കാരണമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിപ്പോള്‍ പറയുന്നില്ല. ഒരു ദിവസം ഞാന്‍ പറയും. തിരഞ്ഞെടുപ്പ് കഴിയട്ടെ' ചാണ്ടി ഉമ്മന്‍ പറഞ്ഞു. എ ഗ്രൂപ്പുകാരായിരുന്നു മുമ്പ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും. പിന്നീട് കെസി വേണുഗോപാലിനൊപ്പം പോയി. ഇവര്‍ക്കൊപ്പം എ ഗ്രൂപ്പിലെ കുറച്ചു പേരും മറുകണ്ടം ചാടി. അതിന് ശേഷമാണ് എ ഗ്രൂപ്പിന് അവഗണനയുണ്ടാകുന്നത്. കെ എസ് യു സ്ഥാനവും എ ഗ്രൂപ്പിന് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിന് പകരക്കാരനായി ഷാഫിയുടെ അടുത്ത ജനീഷിനെ നിയമിച്ചത്. ഇതിലാണ് എ ഗ്രൂപ്പിലെ പ്രതിഷേധം.

അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് സ്ഥാനം നിഷേധിച്ചതില്‍ ഐ ഗ്രൂപ്പിലും കടുത്ത അമര്‍ഷമുണ്ട്. രമേശ് ചെന്നിത്തലയോട് അടുപ്പം പുലര്‍ത്തുന്ന അബിന്‍ ദേശീയ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടെടുത്തതും പരസ്യമാക്കിയതും നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്. പക്ഷേ തല്‍കാലം ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് പുതിയ തീരുമാനം. അതുകൊണ്ട് സ്ഥാനം ഏറ്റെടുക്കും. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു ഒന്നാമത്. രണ്ടാമതെത്തിയ അബിന്‍ വൈസ് പ്രസിഡന്റായി. വോട്ടുനിലയില്‍ പിറകിലായിരുന്നു ഇപ്പോള്‍ പ്രസിഡന്റാക്കിയ ഒ.ജെ. ജനീഷ്. പ്രസിഡന്റ് സ്ഥാനത്ത് ബാക്കിയുള്ള കാലത്തേക്ക് വൈസ് പ്രസിഡന്റായ അബിന് അവസരം നല്‍കണമായിരുന്നെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.

ബിനു ചുള്ളിയില്‍ കെ.സി. വേണുഗോപാലിനോട് അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. സംഘടനാ തിരഞ്ഞെടുപ്പ് സമയത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ താത്പര്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം പറഞ്ഞതിനാല്‍ മാറിനിന്നു. സമീപസമയത്ത് അഖിലേന്ത്യാ സെക്രട്ടറിയായും നിയമിച്ചിരുന്നു.