കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടഭാഗം തകര്‍ന്ന് യുവതി ബിന്ദു മരണപ്പെട്ട സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ രംഗത്ത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടും ശരിയായ നടപടികളെടുക്കാത്തതില്‍ മന്ത്രി, ജില്ലാ ചുമതലയുള്ള വി.എന്‍. വാസവന്‍, മുഖ്യമന്ത്രിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അപകടം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന മുഖ്യമന്ത്രി ബിന്ദുവിന്റെ വീട്ടിലേക്ക് പോലും പോയില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

''മന്ത്രിക്കിത് സംബന്ധിച്ച് വീഴ്ചയുണ്ടായെന്നത് ഇനി ഒളിച്ചുമാറാനാകില്ല. ഇത് വിദേശരാജ്യത്തായിരുന്നു സംഭവിച്ചത് എങ്കില്‍ കൃത്യമായ നിയമനടപടികളാണ് സ്വീകരിക്കുന്നത്. ഇത് ഒഴിവാക്കാമായിരുന്ന അപടം ആയിരുന്നു. പഴയ കെട്ടിടം നേരത്തെ പൊളിച്ച് മാറ്റിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അപകടം നടന്ന ദിവസം കോട്ടയത്തുണ്ടായിരുന്ന മുഖ്യമന്ത്രി ബിന്ദുവിന്റെ വീട്ടിലെത്താനോ കുടുംബത്തെ നേരില്‍ കാണാനോ തയ്യാറായില്ലെന്നും വിമര്‍ശിച്ചു.

'ഒരു സിപിഐഎം നേതാവും പോലും സംഭവസ്ഥലത്ത് പോയില്ല. കുടുംബത്തെ ഇങ്ങനെ ഉപേക്ഷിക്കാനാവില്ല. നീതി ഉറപ്പാക്കുംവരെ പിന്തിരിയില്ല', എന്നും അദ്ദേഹം പറഞ്ഞു. ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞ് പ്രകടനം നടത്തിയതിന് കേസെടുത്തതിലും എം.എല്‍.എ ശക്തമായി പ്രതികരിച്ചു. ബിന്ദുവിന്റെ ബന്ധുവിനോട് ഒരുവാക്ക് പറഞ്ഞിട്ട് വാഹനം വിടാന്‍ തയ്യാറായിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് വേണ്ട സഹായം എത്തിക്കണം. കുടുംബത്തിന് വേണ്ട പാക്കേജ് കൊടുക്കണം. പാക്കേജ് നടപ്പിലാക്കണം. കുടുംബത്തിന് ജോലി, 25 ലക്ഷം രൂപ, കുഞ്ഞിനെ ദത്തെടുക്കുക, ചികിത്സാ ചെലവ് എഴുതിത്തള്ളണം എന്നതടക്കം കുടുംബത്തോട് സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്ന് പറനായായിരുന്നു ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

പൊലീസ് ഇതേ മനോഭാവം ഉച്ചയ്ക്ക് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയായിരുന്നു. പൊലീസ് പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടി ചെയ്തതാണ്. ഒരു പ്രത്യേകം ഒരാളുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന്റെ വണ്ടിയാണ്. ഇതുപോലത്തെ ആയിരം കേസില്‍ പ്രതിയാകാന്‍ തയ്യാറാണ്. കള്ളക്കേസ് എടുത്തതുകൊണ്ട് തളരില്ല. നേരിട്ടോളാം', എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.