- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികളുടെ സ്വകാര്യതയുടെ പേരില്‍ എല്ലാം മൂടിവച്ചു; ആ അപകടത്തിനൊപ്പം പുറത്തുവന്നത് ഭയപ്പെടുത്തുന്ന കാഴ്ചകള്‍; വീണ ജോര്‍ജ് ഒളിപ്പിച്ചുവച്ച കോട്ടയം മെഡിക്കല്‍ കോളേജുകളിലെ ദയനീയ അവസ്ഥ പുറംലോകം കണ്ടു; എല്ലാം പുറത്തുവന്നത് ചാണ്ടി ഉമ്മന്റെ ഇടപെടല്‍; അച്ഛന്റെ ജനകീയത മകനിലുമുണ്ട്; കോട്ടയത്തിന് രണ്ടാം കുഞ്ഞൂഞ്ഞിന്റെ അവതാരപ്പിറവി
കോട്ടയത്തിന് രണ്ടാം കുഞ്ഞൂഞ്ഞിന്റെ അവതാരപ്പിറവി
കോട്ടയം: മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ ആരോഗ്യ മേഖലയിലെ ദയനീയ അവസ്ഥ പുറത്ത്. മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ അപകടത്തിന് പിന്നാലെ വാര്‍ഡിലെ രോഗികള്‍ നേരിടുന്ന ദയനീയ അവസ്ഥ തുറന്നുകാട്ടിയ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേരളത്തിന്റെ ആരോഗ്യ മേഖലയെക്കുറിച്ച് ഇതുവരെ നടത്തിയ പാടിപ്പുകഴ്ത്തലുകള്‍ പൊള്ളയാണെന്ന ആരോപണം ശക്തമായി. രോഗികളുടെ സ്വകാര്യതയുടെ പേരില്‍ ഇതുവരെ പുറംലോകത്തുനിന്നും മറച്ചുപിടിച്ച ഭയാനകമായ ദയനീയ അവസ്ഥയാണ് ആ ദൃശ്യങ്ങളിലൂടെ പുറത്തുവന്നത്. ഇതിന് വഴിവച്ചതാകട്ടെ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ അതിവേഗ ഇടപെടലാണ്.
ഒരു മെഡിക്കല്‍ കോളേജിന് താങ്ങാന്‍ കഴിയുന്നതിന്റെ പത്തിരട്ടി രോഗികള്‍ എത്തുന്നു. അതിനുള്ള സൗകര്യങ്ങള്‍ ഇല്ല. ഇതോടെ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ കഴിയാറുമില്ല. എന്നാല്‍ വാര്‍ഡുകളില്‍ രോഗികള്‍ നേരിടുന്ന ഭയാനകമായ സംഭവം പുറം ലോകം കാണാറില്ല. ഈ ഭയാനക ദൃശ്യം പുറം ലോകത്തിന് യഥാര്‍ത്ഥത്തില്‍ കാണിച്ചുകൊടുത്ത സംഭവമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണ സംഭവം. ഈ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ കാരണമായതാവട്ടെ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഇടപെടലാണ്.
ആശുപത്രിയിലെ ഭയാനകമായ ദൃശ്യം ചാണ്ടി ഉമ്മന്‍ ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്തു. ഒരു വാര്‍ഡിലേക്ക് കയറി ഒരു രോഗിയുടെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ചാണ്ടി ഉമ്മന്‍ കാണിച്ചുകൊടുക്കുന്നു. ആ രോഗിക്ക് എണീറ്റു നടക്കാന്‍ വയ്യ. വൃത്തിഹീനമായ സാഹചര്യത്തില്‍ രോഗബാധിതനായി കിടക്കുന്നു. രോഗിയുടെ കാല്‍ പൊടിപിടിച്ചു കിടക്കുകയാണ്. ഭയാനകമായ വിധത്തില്‍. അണുബാധ ഉണ്ടായേക്കാവുന്ന സാഹചര്യം. ഈ രോഗിയെ കിടത്തിയിരിക്കുന്ന സ്ഥലമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചാണ്ടി ഉമ്മന്‍ കാണിച്ചുകൊടുത്തത്. ഒരു കൂട്ടിരിപ്പുകാരന്‍ പോലുമില്ല. ഈ ദയനീയമായ ദൃശ്യങ്ങള്‍ കണ്ട മാധ്യമ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
മുറിവുകളില്‍ പൊടിയും സിമന്റുമടക്കം പടര്‍ന്നിരിക്കുന്നു. രോഗി അടിയന്തര പരിചരണം അര്‍ഹിക്കുന്ന ആളായിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. ഈ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രോഗികളുടെ സ്വകാര്യത നശിപ്പിച്ചുവെന്ന പേരില്‍ തുടര്‍നടപടികള്‍ക്ക് പോലും സാധ്യതയുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മേഖലയെന്ന് ഇടതുസര്‍ക്കാര്‍ നിരന്തരം പ്രചാരണം നടത്തുമ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം ഇതിനേക്കാള്‍ ഭയാനകമായ, ഗുരുതര വീഴ്ചകള്‍ മൂടിവയ്ക്കുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ആശുപത്രിയിലെ ചെറിയ കെട്ടിടങ്ങളില്‍ നിരത്തിയിട്ടിരിക്കുന്ന ഓരോ ചെറിയ കട്ടിലുകളില്‍ രണ്ട് രോഗികള്‍ വീതമാണ് ഉള്ളത്. കട്ടിലിന് താഴെയും രോഗികള്‍, സമീപത്ത് കൂട്ടിരിപ്പുകാര്‍, ടോയ്‌ലറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം മൂക്കുപൊത്തിയാണ് ഇതിനുള്ളില്‍ കഴിയുന്നത്. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ഏത് സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരെക്കാള്‍ മികച്ചവരാണ്. ഇവര്‍ ഇവരുടെ ഡ്യൂട്ടികള്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നവരുമാണ്. എന്നാല്‍ ശുചീകരണ ജോലികള്‍ അടക്കം ചെയ്യേണ്ട ജീവനക്കാര്‍ യൂണിയന്‍കാരാണ്. ഇവരെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കഴിയാറില്ല. ഇതാണ് ആശുപത്രികളിലെ ദയനീയ സാഹചര്യങ്ങള്‍ക്ക് കാരണമെന്ന് ആരോപണമുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ദയനീയ അവസ്ഥ പുറംലോകം അറിഞ്ഞത് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഇടപെടലാണ്. മെഡിക്കല്‍ കോളേജിലെ അപകടം നടന്ന് ഏറ്റവും ആദ്യം സംഭവസ്ഥലത്തെത്തി അതിവേഗ ഇടപെടല്‍ നടത്തിയവരില്‍ ഒരാള്‍ ചാണ്ടി ഉമ്മനായിരുന്നു.
അതേ സമയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നതിന് പിന്നാലെ തിരച്ചില്‍ നടത്തിയെന്ന മന്ത്രിമാരുടെ വാദം പൊളിഞ്ഞതും ചാണ്ടി ഉമ്മന്റെ ഇടപെടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴായിരുന്നു. അപകടം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരച്ചില്‍ നടത്താതെ നിഷ്‌ക്രിയരായി നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്യോഗസ്ഥരോട് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അപകടത്തില്‍പെട്ട് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് ചാണ്ടി ഉമ്മനോട് കാര്യങ്ങള്‍ വിവരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആന്റിയെ ഫോണ്‍ വിളിച്ചോ? എന്ന് ചാണ്ടി ഉമ്മന്‍ ചോദിക്കുന്നതും എന്നാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ ചാണ്ടി ഉമ്മനോട് പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശേഷം തൊട്ടടുത്ത് നില്‍ക്കുന്ന പ്രവര്‍ത്തകരോട് എവിടെ പോയി എന്ന കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നതും കാണാം .കിടക്കയില്‍ കിടക്കുന്ന മകളോട് കാര്യങ്ങള്‍ ചാണ്ടി ഉമ്മന്‍ ചോദിച്ചറിയുന്നുണ്ട്.
അപകടസ്ഥലത്ത് നിസ്സഹായരായി നില്‍ക്കുന്നവരോട് ചാണ്ടി ഉമ്മന്‍ എന്താണ് അപകടസ്ഥലം ക്ലിയര്‍ ചെയ്യാത്തത് എന്ന് ചോദിക്കുന്നുണ്ട്. 'ഇതെന്താണ് ഇതുവരെ ക്ലിയര്‍ ചെയ്യാത്തത്. ആരെങ്കിലും ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടോ ഇല്ലേ എന്ന് അറിയണ്ടേ. ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ ഇല്ലെന്ന് പോലും നമുക്കറിയില്ലാല്ലോ'- സംഭവസ്ഥലത്ത് നില്‍ക്കുന്ന ഉദ്യോഗസ്ഥരോട് ചാണ്ടി ഉമ്മന്‍ ചോദിക്കുന്നത് വീഡിയോയിലുണ്ട്.
കഴിഞ്ഞ ദിവസം 10:30ഓടെയാണ് അപകടമുണ്ടാകുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ എത്തിയിട്ടുണ്ടെന്നും പൂര്‍ണ്ണമായ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്. എന്നാല്‍ പുറത്തുവന്ന വീഡിയോയില്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
ഉച്ചയ്ക്ക് 12:30ഓടെയാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ആശുപത്രിക്കുള്ളില്‍ കടക്കുന്നത്. ഇവിടെ വെച്ചാണ് ചാണ്ടി ഉമ്മന്‍ വിശ്രുതനേയും മകളേയും കണ്ടത്. എന്താണ് കാര്യമെന്ന് ചാണ്ടി ഉമ്മന്‍ തിരക്കുന്നുണ്ട്. ഇവിടെ വെച്ചാണ് വിശ്രുതന്‍ ഭാര്യയെ കാണുന്നില്ലെന്ന് പറയുന്നത്. തുടര്‍ന്ന് അവിടെ നിന്ന് തിരിച്ചിറങ്ങിയ ശേഷം ചാണ്ടി ഉമ്മന്‍ ഈ കാര്യം പറയുന്നുണ്ട്. എന്നാല്‍ ഈ സമയം വരെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് ചാണ്ടി ഉമ്മന്‍ സ്ഥലത്തെത്തി കയര്‍ത്ത് സംസാരിച്ച ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതെന്നായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നത്.
അതേ സമയം കോട്ടയം മെഡിക്കല്‍ കോളേജ് അപകടം ജില്ല കളക്ടര്‍ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്ത് വന്നു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഹോസ്പിറ്റല്‍ കമ്മറ്റി ചെയര്‍മാന്‍ തന്നെ അന്വേഷിക്കുന്നത് നീതിയുക്തമല്ല. ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി ചിലര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണം. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മകന് സ്ഥിരം ജോലി കൊടുക്കണമെന്നും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 5 ലക്ഷം രൂപ 10 ദിവസത്തിനകം നല്‍കുമെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞുള്ള പ്രതിഷേധത്തിന് പിന്നാലെ കേസെടുത്തതിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. 'ബിന്ദുവിന്റെ ബന്ധുവിനോട് ഒരുവാക്ക് പറഞ്ഞിട്ട് വാഹനം വിടാന്‍ തയ്യാറായിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് വേണ്ട സഹായം എത്തിക്കണം. കുടുംബത്തിന് വേണ്ട പാക്കേജ് കൊടുക്കണം. പാക്കേജ് നടപ്പിലാക്കണം. കുടുംബത്തിന് ജോലി, 25 ലക്ഷം രൂപ, കുഞ്ഞിനെ ദത്തെടുക്കുക, ചികിത്സാ ചെലവ് എഴുതിത്തള്ളണം എന്നതടക്കം കുടുംബത്തോട് സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്ന് പറനായായിരുന്നു ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പൊലീസ് ഇതേ മനോഭാവം ഉച്ചയ്ക്ക് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയായിരുന്നു. പൊലീസ് പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടി ചെയ്തതാണ്. ഒരു പ്രത്യേകം ഒരാളുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന്റെ വണ്ടിയാണ്. ഇതുപോലത്തെ ആയിരം കേസില്‍ പ്രതിയാകാന്‍ തയ്യാറാണ്. കള്ളക്കേസ് എടുത്തതുകൊണ്ട് തളരില്ല. നേരിട്ടോളാം', എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.
'മന്ത്രിക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിക്കാതിരിക്കാന്‍ സാധിക്കില്ല. ഏതെങ്കിലുമൊരു വിദേശരാജ്യത്താണ് ഇത് സംഭവിച്ചതെങ്കില്‍ എന്തായിരിക്കും അവിടുത്തെ നിയമം നിഷ്‌കര്‍ഷിക്കുക. ഇനി ഒരാള്‍ക്കും ഇത് സംഭവിക്കരുത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കേണ്ടിയിരുന്നില്ല. പഴയത് പൊളിക്കാമായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം. വി എന്‍ വാസവന്റെ ഉത്തരവാദിത്തം കുറച്ചുകാണുവാന്‍ സാധിക്കില്ല. ഇത്രയും സമയം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒരുവാക്കും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഇന്നലെ കോട്ടയത്തുണ്ടായിരുന്നു. കുടുംബത്തെ കാണാന്‍ ശ്രമിച്ചോ? ഒരു സിപിഎം നേതാവ് പോലും സംഭവസ്ഥലത്ത് പോയില്ല. കുടുംബത്തെ കയ്യൊഴിയാന്‍ സമ്മതിക്കില്ല', ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി വീടുകയറിയുള്ള ചാണ്ടി ഉമ്മന്റെ പ്രചാരണം വലിയ തരംഗമായി മാറിയതിന് പിന്നാലെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് അപടത്തിലെ പുതുപ്പള്ളി എംഎല്‍എയുടെ സത്വര ഇടപെടലും ശ്രദ്ധേയമാകുന്നത്. അപകടം നടന്ന സമയം മുതല്‍ രാത്രി വൈകുവോളം ഒരു ജനപ്രതിനിധി എന്ന നിലയില്‍ ചുമതലകള്‍ ഏറ്റെടുത്തുള്ള ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനം വലിയ മതിപ്പാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.