- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി പുനഃസംഘടനയില്‍ ഇടഞ്ഞതിന് പിന്നാലെ 'നാടുകടത്തല്‍'; ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി; മേഘാലയ, അരുണാചല്‍ സംസ്ഥാനങ്ങളിലെ ടാലന്റ് ഹണ്ട് നോഡല്‍ കോര്‍ഡിനേറ്ററായി പുതുപ്പള്ളി എംഎല്‍എ; ഷമയ്ക്ക് ഗോവയുടെ ചുമതല
കോട്ടയം: സംഘടനാ പദവി ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച ചാണ്ടി ഉമ്മന്‍ എം.എല്‍.എക്ക് പുതിയ പദവി. നാഷനല്‍ ടാലന്റ് ഹണ്ട് കോര്‍ഡിനേറ്ററായാണ് നിയമനം. മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയും എ.ഐ.സി.സി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് എഐസിസി പുറത്തിറക്കി. കെ.പി.സി.സി പുനസംഘടനക്ക് പിന്നാലെ വിമര്‍ശനം ഉന്നയിച്ച എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദിന് ഗോവയുടെയും ജോര്‍ജ് കുര്യന് കേരളത്തിന്റെയും ചുമതല നല്‍കി. പാനലിസ്റ്റുകള്‍, വക്താക്കള്‍ എന്നിവരുടെ നിയമനമാണ് ടാലന്റ് ഹണ്ടില്‍ ഉള്‍പ്പെടുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വന്ന ശേഷമാണ് ടാലന്റ് ഹണ്ട് എന്ന പേരില്‍ സെലക്ഷന്‍ പ്രോസസ് ആരംഭിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതിനെ ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട് റീച്ച് സെല്ലിന്റെ തലപ്പത്ത് നിന്ന് പറയാതെ തന്നെ നീക്കിയതിനെ കുറിച്ചും ചാണ്ടി ഉമ്മന്‍ അന്ന് പ്രതികരിച്ചിരുന്നു. പിതാവിന്റെ ഓര്‍മദിനത്തില്‍ തന്നെ അന്നുണ്ടായിരുന്ന സ്ഥാനത്തുനിന്നു നീക്കിയെന്നും പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ സ്ഥാനം നല്‍കിയത്.
അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹതയുള്ള വ്യക്തിയാണെന്നും ഇപ്പോഴത്തെ തീരുമാനത്തില്‍ അബിനു വിഷമമുണ്ടാകുമെന്നുമാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ദിവസങ്ങള്‍ക്കു മുന്‍പ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെകൂടി അഭിപ്രായം പരിഗണിച്ചതിനു ശേഷമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നത്.
''കഴിഞ്ഞ വര്‍ഷം എന്റെ പിതാവിന്റെ ഓര്‍മദിനത്തില്‍ എന്നെ അന്നുണ്ടായിരുന്ന സ്ഥാനത്തുനിന്നു നീക്കി. മാനസികമായി വളരെയധികം വിഷമമുണ്ടായി. എന്നോടു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രാജിവച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയില്‍ പുറത്താക്കുകയായിരുന്നു. അന്നും പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടാണു ഞാന്‍ സ്വീകരിച്ചത്. അതേ നിലപാട് അബിനും എടുക്കുമെന്നാണു കരുതുന്നത്'' ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.
യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട് റീച്ച് സെല്ലിന്റെ ചെയര്‍മാനായിരുന്നു ചാണ്ടി ഉമ്മന്‍. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ 2024 ജൂലൈ 18ന് ചാണ്ടി ഉമ്മനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയുള്ള വാര്‍ത്താകുറിപ്പ് പുറത്തുവന്നു. ഇക്കാര്യം ചാണ്ടി പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നില്ല. എം.എല്‍.എയുടെ തിരക്ക് കാരണമാകാം പാര്‍ട്ടി പദവിയില്‍ നിന്ന് നീക്കിയതെന്നാണ് അന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയെ ദേശീയ സെക്രട്ടിയായി മാറ്റുകയും പകരം ഒ.ജെ. ജനീഷിനെ സംസ്ഥാന അധ്യക്ഷനാക്കുകയുമാണ് കേന്ദ്ര നേതൃത്വം ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സംസ്ഥാന അധ്യക്ഷ പദവി അബിന്‍ വര്‍ക്കിക്കാണ് ലഭിക്കേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണ് തനിക്ക് നേരിട്ട അനുഭവം കൂടി ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചത്.
ഏറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ പുറത്തുവന്ന കെ.പി.സി.സിയുടെ ജംബോ ഭാരവാഹി പട്ടികക്കെതിരെയാണ് എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. 'കഴിവ് ഒരു മാനദണ്ഡമാണോ!' എന്നാണ് ഷമ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഭാരവാഹി പട്ടികയില്‍ ഇടംപിടിക്കാതെ പോയതോടെയാണ് ഷമ പരസ്യമായി രംഗത്തുവന്നത്. ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയില്‍ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നാണ് ഷമ അന്ന് പ്രതികരിച്ചത്. കേരളത്തിലെ 51 ശതമാനം സ്ത്രീകളാണ്. 96 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. സ്ത്രീകള്‍ മുന്നോട്ടു വരണമെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുടെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 50 ശതമാനം മുഖ്യമന്ത്രിമാര്‍ സ്ത്രീകളായിരിക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സ്ത്രീകള്‍ സദസില്‍ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണമെന്നും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുക്കണമെന്നും ഷമ ആവശ്യപ്പെട്ടിരുന്നു.