ചൂരല്‍മല: വയനാട് വിറങ്ങലിച്ച ദുരന്തമാണ് ചൂരല്‍മലയില്‍ ഉണ്ടായിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി ഇത് മാറുമോ എന്ന ആശങ്കയാണ് എങ്ങും. വന്‍ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും പ്രദേശത്തു നിന്നും രക്ഷതേടി വിളിക്കുന്നുണ്ട്. രാത്രി ഒരു മണിക്ക് ഭീകരമായ ശബ്ദം കേട്ടതോടെയാണ് തങ്ങള്‍ മദ്രസക്ക് സമീപത്തെ കുന്നില്‍ ഓടിക്കയറിയതെന്ന് കുടുങ്ങിക്കിടക്കുന്ന മിന്നത്ത് എന്ന സ്ത്രീ പറയുന്നു.

150 ഓളം പേരാണ് ഈ കുന്നില്‍ കുടുങ്ങിക്കിടക്കുന്നത്. നിരവധി പേര്‍ ഗുരുതര പരുക്കേറ്റ് കിടക്കുകയാണ്. എന്തു ചെയ്യണമെന്ന് പോലും അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. രാവിലെ വെളിച്ചം വീണതോടെയാണ് കുന്നിന് കീഴെ സകലതും ഒലിച്ചു പോയതായി കണ്ടത്. മുണ്ടക്കൈ ടൗണ്‍ ഒറ്റയടിക്ക് കാണാതായി.

കിലോമീറ്ററുകള്‍ ദൂരെ മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയിലും ഒഴുകിയെത്തി മൃതദേഹങ്ങള്‍; നെഞ്ചുലയ്ക്കുന്ന കാഴ്ച
വെള്ളത്തില്‍ ഒഴുകി പോയ മൂന്ന് പേരെയാണ് തങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചതെന്ന് മിന്നത്ത് പറയുന്നു. നിലവില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കു പ്രദേശത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് മദ്രസയ്ക്ക് സമീപത്തെ കുന്നിലുള്ളതെന്ന് മിന്നത്ത് പറയുന്നു.വയോധികരായ രണ്ടു പേര്‍ ചോരയൊലിപ്പിച്ചാണ് കിടക്കുന്നത്. ഗുരുതരമായ പരുക്കാണ് ഇവര്‍ക്കുള്ളത്. നിസ്സഹായാവസ്ഥയിലാണ് തങ്ങളുള്ളതെന്നും മിന്നത്ത് പറയുന്നു.

പുലര്‍ച്ചെത്തിയ വന്‍ ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പലര്‍ക്കുമൊപ്പം അടുത്തുള്ള കെട്ടിടത്തില്‍ അഭയം തേടിയ പ്രദീപ് എന്നായാളും ദുരന്തത്തിന്റെ വ്യാപ്തി വിതുമ്പലോടെ പങ്കുവെച്ചു. എസ്റ്റേറ്റിലെ റൈറ്ററുടെ ക്വാര്‍ട്ടേഴ്‌സില്‍ കയറി നില്‍ക്കുകയാണ് ഒരുപാടു പേര്‍. അവര്‍ക്കിടയില്‍ കാലിലും കൈയിലും തലക്കുമൊക്കെ സാരമായി മുറിവേറ്റ് ചോരയൊലിക്കുന്നവരും. അവരെയെങ്കിലും എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വളരെ ഉപകാരമായേനേ എന്ന് പ്രദീപ് പറഞ്ഞഉ.

'റോഡും പാലവുമൊക്കെ തകര്‍ന്നതിനാല്‍ ഒരു നിലക്കും എത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഹെലികോപ്റ്റര്‍ മാര്‍ഗം പരിക്കേറ്റവരെയൊക്കെ എത്തിക്കാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ വന്നിട്ടില്ല. ഭയങ്കര അവസ്ഥയാണിവിടെ. ചെറിയ കുട്ടികളൊക്കെയുണ്ട്. കുഞ്ഞുങ്ങളുടെ ദേഹത്തൊക്കെ മുറിവുകളാണ്. അവരുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാവുന്നില്ല. ഒരു സ്ത്രീക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഞങ്ങള്‍'. പ്രതിപ് കരഞ്ഞുകൊണ്ട് പറഞ്ഞു.