കൊച്ചി: യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സൂചനകൾ. ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള ശുപാർശകളാണ് വിഷയത്തിൽ ആഭ്യന്തര അന്വേഷണ സമിതി സമർപ്പിക്കുക എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. സിഐഎഎസ്എഫിനു തന്നെ വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

അതുകൊണ്ടു തന്നെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സേനയുടെ അച്ചടക്കം നിലനിർത്തുന്ന വിധത്തിലുള്ള നടപടികള്‍ ഉണ്ടാവണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിന് ശുപാർശ നൽകുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോ (24)യെ കൊലപ്പെടുത്തിയ കേസിലാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പ്രതികളായിരിക്കുന്നത്. ബിഹാർ സ്വദേശികളായ സിഐഎസ്എഫ് എസ്ഐ വിനയ്കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവർ മേയ് 14ന് നെടുമ്പാശേരിക്കടുത്തുള്ള നായത്തോട് വച്ച് ഐവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. ഓവർടേക്ക് ചെയ്യുമ്പോൾ വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് യുവാവിന്റെ ജീവനെടുക്കുന്നതിലേക്ക് നയിച്ചത്.

സിഐഎസ്എഫിന്റെ 2 ഉദ്യോഗസ്ഥരും വൈകാതെ തന്നെ അറസ്റ്റിലായി. നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന സിഐഎഎസ്എഫ് ഉദ്യോഗസ്ഥർ മറ്റൊരു ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്നു തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇവർ മദ്യപിച്ചിരുന്നെന്നും വിവരമുണ്ട്.

വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ഐവിന്റെ കാറുമായി ഉരസുകയും ഇത് പിന്നീട് തർക്കത്തിന് വഴിമാറുകയുമായിരുന്നു. പോലീസ് വന്നിട്ടു പോയാൽ മതിയെന്ന് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ വാഹനം എടുത്തു തിരിച്ചു പോകാൻ ശ്രമിച്ചപ്പോൾ ഐവിൻ മുന്നിൽ കയറി തടയുകയായിരുന്നു.

എന്നാൽ ഐവിനെ ഇടിച്ച് ബോണറ്റിലിട്ട് കാർ ഒന്നര കിലോമീറ്ററോളം അതിവേഗത്തിൽ പാഞ്ഞു. പിന്നീട് നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ബ്രേക്ക് ചവിട്ടി നിലത്തിട്ട ശേഷവും 20 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി. ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ ഐവിന്‍ ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു.