കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ് ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തിവന്ന അന്വേഷണ വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതം.

റോയിയുടെ ബിസിനസ് സാമ്രാജ്യം ദുബായിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ അവിടെ സംഘടിപ്പിച്ച വന്‍ പാര്‍ട്ടി ആദായനികുതി വകുപ്പിന്റെയും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെയും കടുത്ത നിരീക്ഷണത്തിലായിരുന്നു. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഈ ചടങ്ങില്‍ എത്തിയ പലരെയും ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് റോയിയുമായി അടുത്ത ബന്ധമുള്ള ചിലരെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്.

സി.ജെ. റോയിയുടെ മരണം ബിസിനസ് ലോകത്തിനൊപ്പം സിനിമാ മേഖലയെയും വലിയ വേദനയിലാഴ്ത്തിയിരിക്കുകയാണ്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സിനിമാ പ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും വലിയ തോതിലുള്ള നിക്ഷേപം കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ എത്തിയതായി സൂചനകളുണ്ട്. ഇത്തരത്തിലുള്ള നിക്ഷേപങ്ങളുടെ സ്രോതസ്സിനെക്കുറിച്ചുള്ള സംശയങ്ങളാണ് ഐടി വകുപ്പിനെ റോയിക്ക് പിന്നാലെ കൂടാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ കര്‍ണാടക സിഐഡിയാണ് മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ആസ്ഥാനം ബെംഗളൂരുവിലായിരുന്നിട്ടും കര്‍ണാടകയിലെ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി കൊച്ചിയിലെ ഐടി യൂണിറ്റ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയതും ദുരൂഹതയുയര്‍ത്തുന്നു. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി ദുബായില്‍ നിന്ന് നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു റോയി. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളത്തിലെ നിര്‍മ്മാണ പദ്ധതികള്‍ക്കായി സ്ഥലം വിട്ടുകൊടുത്തവരും നിക്ഷേപം നടത്തിയവരും വലിയ ആശങ്കയിലാണ്.

ശതകോടികളുടെ ആസ്തിയുള്ള ഒരു വ്യവസായിയെ വിടാതെ പിന്തുടരാന്‍ കേന്ദ്ര ഏജന്‍സികളെ പ്രേരിപ്പിച്ച കൃത്യമായ കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഐടി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടെയുണ്ടായ മാനസിക സമ്മര്‍ദ്ദമാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ സിഐഡി അന്വേഷണത്തിലൂടെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ടാണ് ഐടി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ സി.ജെ.റോയിയെ വിടാതെ പിന്തുടര്‍ന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. ദുബായിലെ റോയിയുടെ ബിസിനസ് ഇടപാടുകളെ ഐടി വകുപ്പ് സംശയത്തോടെ കണ്ടതിന്റെ കാരണവും വ്യക്തമല്ല.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്തു നിര്‍മാണത്തിനു കാത്തിരുന്നവര്‍ പലരും റോയിയുടെ മരണത്തോടെ ആശങ്കയിലാണ്. കേരളത്തിലെ പദ്ധതികള്‍ക്കു വേണ്ടി ദുബായില്‍നിന്നു നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ റോയ് നടത്തിയിരുന്നു.