തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് സംസ്ഥാന സര്‍ക്കാര്‍ ഭരണത്തെയും ബാധിച്ചു തുടങ്ങി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറയി വിജയന്‍ തന്നെ പരാതിയമായി രംഗത്തു വന്നിരിക്കയാണ്. യോഗങ്ങളില്‍ താന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പോലും ഐഎഎസ് ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നത്. തീരുമാനങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അടുത്തിടെ മുഖ്യമന്ത്രി ഭരണപരമായി നിര്‍ദേശിച്ച കാര്യങ്ങളില്‍ പോലും വേണ്ടത്ര പരിഗണന ഉദ്യോഗസ്ഥ തലത്തില്‍ നിന്നും ലഭിക്കാതെ വന്നതോടെയാണ് പിണറായി പരാതിയുമായി രംഗത്തുവന്നത് എന്നാണ് പുറത്തുവരുന്ന സൂചന. മെല്ലെപ്പോക്കിനെ മുഖ്യമന്ത്രി തന്നെ വിമര്‍ശിച്ചതോടെ ഓരോ വകുപ്പിലും നടപ്പാക്കാന്‍ ബാക്കിയുള്ള തീരുമാനങ്ങളുടെ കണക്കെടുക്കാന്‍ ചീഫ് സെക്രട്ടറി വകുപ്പുമേധാവികളോട് ആവശ്യപ്പെട്ടു. വാക്കാലും ഫയലില്‍ കുറിപ്പായുമുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വെളിപ്പെടുത്തിയത് എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നത്.

തന്റെയും മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതി ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ക്കുന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍, ചില മുഖ്യപദ്ധതികള്‍ ഇപ്പോഴും ഇഴയുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.

മുഖ്യമന്ത്രിയുടെ പരാതിയെത്തുടര്‍ന്ന് തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനുള്ള നടപടികള്‍ സെക്രട്ടറിമാര്‍ ആരംഭിച്ചിട്ടുണ്ട്. നടപ്പാക്കാന്‍ ബാക്കിയുള്ള തീരുമാനങ്ങള്‍ പ്രത്യേകമായി പരിശോധിക്കാന്‍ റവന്യു, ധന, നിയമ വകുപ്പുകള്‍ക്ക് നിര്‍ദേശവും നല്‍കി. ഈ വകുപ്പുകളുടെ അനുമതിയും അഭിപ്രായവും വൈകുന്നതിനാല്‍ പല തീരുമാനങ്ങളും നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന മറ്റു വകുപ്പുകളുടെ പരാതിയെത്തുടര്‍ന്നാണിത്.

വകുപ്പു സെക്രട്ടറിമാരുടെ എല്ലാ യോഗങ്ങളിലും തീരുമാനങ്ങളുടെ പുരോഗതി ഇനി സ്ഥിരം അജന്‍ഡയായി ഉള്‍പ്പെടുത്തും. മുഖ്യമന്ത്രിയോ മന്ത്രിമാരോ നിര്‍ദേശിച്ച ഏതെങ്കിലും തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു നയപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അക്കാര്യം സെക്രട്ടറിമാര്‍ യോഗത്തില്‍ അറിയിച്ച് പരിഹാരം കാണണം. ഓരോ വകുപ്പിലും തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനു സംവിധാനം ഒരുക്കണം. ഫീല്‍ഡ് തലത്തിലും ഇടപെടല്‍ വേണം. നടപ്പാക്കാന്‍ ബാക്കിയുള്ള പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഉടന്‍ അറിയിക്കണം. കൈക്കൊണ്ട നടപടികള്‍ എന്താണെന്നു മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും ബോധ്യപ്പെടുത്തുകയും വേണം.

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിനത്തില്‍ ചെലവിട്ടതു പകുതി മാത്രമാണെന്ന വാര്‍ത്തയും നേരത്തെ പുറത്തുവന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം വകുപ്പുകള്‍ വന്‍തോതില്‍ പദ്ധതികള്‍ വെട്ടിക്കുറച്ചതാണു പദ്ധതിച്ചെലവു കുത്തനെ ഇടിയാന്‍ കാരണം. എന്നാല്‍, സര്‍ക്കാരിന്റെ ചെലവിനാകട്ടെ ഒരു കുറവുമില്ല. കഴിഞ്ഞ വര്‍ഷം പാസാക്കാന്‍ കഴിയാത്ത ബില്ലുകള്‍ ഈ വര്‍ഷത്തേക്കു മാറ്റിയതിനാല്‍ പദ്ധതിച്ചെലവു താഴ്ന്നു നില്‍ക്കുമ്പോഴും ട്രഷറിയില്‍ നിന്നുള്ള പണച്ചെലവ് ഉയരുകയാണ്. ഈ മാസം മാത്രം 25,000 കോടി രൂപയുടെയെങ്കിലും ബില്ലുകള്‍ പാസാക്കി പണം നല്‍കേണ്ടതുണ്ട്.

38,886 കോടിയാണ് ഈ വര്‍ഷത്തെ പദ്ധതി വിഹിതം. ഇതില്‍ 52% തുകയേ ഇതുവരെ ചെലവിടാന്‍ കഴിഞ്ഞിട്ടുള്ളൂ. 21,838 കോടിയുടെ സംസ്ഥാന പദ്ധതികളില്‍ 54% മാത്രമാണു പുരോഗതി. തദ്ദേശ പദ്ധതികള്‍ 45 ശതമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 57 ശതമാനവും മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ധനസമാഹരണത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളോടും പണം ബാങ്കില്‍നിന്നു ട്രഷറിയിലേക്കു മാറ്റാന്‍ വീണ്ടും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ബവ്‌റിജസ് കോര്‍പറേഷനോടും എണ്ണക്കമ്പനികളോടും നികുതിപ്പണം മുന്‍കൂര്‍ ആവശ്യപ്പെട്ടു. കെഎസ്എഫ്ഇയില്‍ നിന്നും പണം വാങ്ങും. അധികം തുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ മാസാവസാനം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണു ധനവകുപ്പു വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അടുത്ത മാസം വിരമിക്കാനിരിക്കയാണ്. ഇതോടെ ധന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകാന്‍ സാധ്യതയേറി. എന്‍ പ്രശാന്ത് ഉള്‍പ്പെട്ട ഐഎഎസുകാരുടെ പോരില്‍ ഒരുഭാഗത്തുള്ള ഡോ. ജയതിലക് ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണത്തെ എങ്ങനെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഭരണത്തിലെ മെല്ലേപ്പോക്കിനെ മുഖ്യമന്ത്രി തന്നെ വിമര്‍ശിച്ച പശ്ചാത്തലത്തില്‍ പുതിയ ചീഫ് സെക്രട്ടറി എത്തുമ്പോള്‍ അത് വലിയ വെല്ലുവിളിയാണ്.

കേരള കേഡറിലുള്ള ഐഎഎസുകാരില്‍, കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും സീനിയര്‍. 1989 ബാച്ച് ഐഎഎസുകാരനായ മനോജ് ജോഷിക്ക് കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി നേരത്തെ രണ്ടു തവണയും സംസ്ഥാനത്ത് പദവി താല്‍പ്പര്യപ്പെട്ടിരുന്നില്ല. രാജസ്ഥാന്‍ സ്വദേശിയായ മനോജ് ജോഷി കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടോയെന്ന് സര്‍ക്കാര്‍ വീണ്ടും വ്യക്തത വരുത്തും.

ഡോ. ജയതിലക്, പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് 1991 ബാച്ച് ഐഎഎസുകാര്‍. കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തില്‍ സെക്രട്ടറിയായ രചനാ ഷാ കേരളത്തിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് വിവരം. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാല്‍ രാജു നാരായണ സ്വാമിക്ക് സാധ്യത കുറവാണ്. ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തിയാല്‍ 2026 ജൂണ്‍ വരെ കാലാവധിയുണ്ട്.

ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി ഈ മാസം 31 ന് വിരമിക്കും. ശാരദ മുരളീധരന്‍, ഇഷിത റോയി എന്നിവര്‍ക്ക് പുറമെ, രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂടി ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കും. കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഏപ്രില്‍ 30 നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോര്‍ജ് മെയ് 31നും വിരമിക്കും. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഡോ. വിശ്വാസ് മേത്ത, മുഹമ്മദ് റിയാസുദ്ദീന്‍, പി കെ മൊഹന്തി എന്നീ മൂന്നുപേര്‍ മാത്രമാണ് മലയാളികളല്ലാത്ത ചീഫ് സെക്രട്ടറിമാരായിരുന്നിട്ടുള്ളത്.