- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കി; മുഖ്യമന്ത്രിക്കെതിരായ അന്വേഷണം ആവശ്യം രാഷ്ട്രീയം; മാസപ്പടിയില്‍ സര്‍ക്കാര്‍ മറുപടി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണ വിജയനെയും വെട്ടിലാക്കിയ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയെ സംരക്ഷിച്ചു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കി. മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സിഎംആര്‍എല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മാധ്യമങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അടക്കം സിഎംആര്‍എല്‍ പണം നല്‍കിയതായി ആദായ നികുതി റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം എന്ന ഹര്‍ജിക്കാരന്റെ ആവശ്യം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും സര്‍ക്കാര്‍ കോടതിയെ വാദിച്ചു.
മാസപ്പടിക്കേസില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരായ റിവിഷന്‍ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
എക്‌സാലോജിക്ക് കമ്പനിക്ക് സിഎംആര്‍എല്‍ പ്രതിഫലം നല്‍കിയത് അഴിമതി വിരുദ്ധനിയമത്തിന്റെ വരുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ മാസപ്പടി കേസില്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) കമ്പനിയുടെ ഫോറന്‍സിക് ഓഡിറ്റിന് കെഎസ്‌ഐഡിസി ആവശ്യപ്പെട്ടത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) വ്യക്തമാക്കിയിരുന്നു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് വിഷയം പരസ്യമായതിന് ശേഷം മാത്രമാണ് നടപടിയെടുത്തതെന്ന് ആര്‍ഒസി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി, സിഎംആര്‍എല്‍ കെഎസ്‌ഐഡിസി എന്നിവയെക്കുറിച്ച് എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണത്തെ ചോദ്യം ചെയ്ത കെഎസ്‌ഐഡിസിയുടെ ഹര്‍ജിയില്‍ ആര്‍ഒസി സത്യവാങ്മൂലം സമര്‍പ്പിച്ചു. ബോര്‍ഡ് ചര്‍ച്ചകള്‍ കെഎസ്‌ഐഡിസിയുടെ കോര്‍പറേറ്റ് ഭരണത്തിലെ ബലഹീനതകള്‍ തുറന്നുകാട്ടുന്നതാണെന്ന ആര്‍ഒസി ചൂണ്ടിക്കാട്ടി.
സിഎംആര്‍എല്ലിന്റെ രേഖകള്‍ 2019 ജനുവരി 25ന് പിടിച്ചെടുത്തെങ്കിലും കെഎസ്‌ഐഡിസിയുടെ ആദ്യ പ്രതികരണം വരുന്നത് 2023 ഓഗസ്റ്റ് 14ന് മാത്രമാണെന്നും ആര്‍ഒസി പറഞ്ഞു. അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന് പകരം കെഎസ്‌ഐഡിസി അന്വേഷണത്തെ പിന്തുണയ്ക്കണമെന്ന് ആര്‍ഒസി വ്യക്തമാക്കി.
കാലതാമസമുണ്ടായാല്‍ കെഎസ്‌ഐഡിസിയുടെ വിവരണത്തില്‍ സംശയം ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് മുന്നില്‍ സ്ഥാപനത്തിന്റെ പ്രശസ്തി സംരക്ഷിക്കാനായി സര്‍ക്കാര്‍ ഏജന്‍സിയുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനും കമ്പനിക്ക് കഴിയില്ലെന്ന് ആര്‍ഒസി വ്യക്തമാക്കി. മാസപ്പടി കേസില്‍ കെഎസ്‌ഐഡിസിയും വസ്തുതകള്‍ മറച്ചുവച്ചുവെന്നും ആര്‍ഒസി ആരോപിച്ചു.