- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെയ്യാത്ത സേവനത്തിന് എക്സാലോജിക്കിന് പണം കൈമാറി; വ്യാജ ബില്ലുകള്‍ ചമച്ചതായും കണ്ടെത്തി; ഇതിനൊപ്പം തീവ്രവാദ സംഘടനയ്ക്ക് പണം നല്‍കലും; പിണറായിയുടെ മകള്‍ക്കെതിരെ തെളിവ് കിട്ടിയെന്ന വാദത്തില്‍ എസ് എഫ് ഐ ഒ; കേന്ദ്ര ധനമന്ത്രാലയം പച്ചക്കൊടി കാട്ടിയാല്‍ വിചാരണ; വീണയ്ക്കും പിണറായിയ്ക്കും ഇനി നിര്‍ണ്ണായകം
തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട് വിചാരണയിലേക്ക്. കേന്ദ്ര സര്‍ക്കാര്‍ നിലപാടാകും ഇതില്‍ നിര്‍ണ്ണായകം. കേസില്‍ ഡിസംബര്‍ 2നു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലം ഇതിന്റെ സൂചനകളാണ് നല്‍കുന്നത്. 'അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മന്ത്രാലയം നിയമോപദേശം തേടും. റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരെ വിചാരണയ്ക്കു വിധേയമാക്കേണ്ടത് ആവശ്യമെന്നു ബോധ്യപ്പെട്ടാല്‍ വിചാരണയ്ക്ക് എസ്എഫ്‌ഐഒയോടു നിര്‍ദേശിക്കും.'-സത്യവാങ്മൂലം പറയുന്നു.
അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി എസ്എഫ്‌ഐഒ സംഘം ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ച സാഹചര്യത്തില്‍, കോടതി തടഞ്ഞില്ലെങ്കില്‍ വിചാരണയിലേക്കു നീങ്ങും. അന്വേഷണം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു സിഎംആര്‍എലിന്റെ ഹര്‍ജി. ഈ വാദം കോടതി അംഗീകരിച്ചാല്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി തടയുകയും ചെയ്യും. കോര്‍പറേറ്റ് വഞ്ചനയാണു അന്വേഷിച്ചത്. എക്‌സാലോജിക് സൊലൂഷന്‍സിനു പങ്കുണ്ടെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയാല്‍ ഏക ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ ടി.വീണയും പ്രതിയാകും. വിചാരണയും നേരിടേണ്ടി വരും.
അന്വേഷണം പൂര്‍ത്തിയാക്കിയതായി എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചെങ്കിലും സിഎംആര്‍എലിന്റെ ചെയര്‍മാന്‍ ശശിധരന്‍ കര്‍ത്തായുടെ മൊഴിയെടുത്തിട്ടില്ല. ആകെ 20 പേരുടെ മൊഴിയാണ് എസ്എഫ്‌ഐഒ രേഖപ്പെടുത്തിയത്. കര്‍ത്തായുടെ മകനും ഡയറക്ടറുമായ ശരണ്‍ എസ്.കര്‍ത്തായുടെ മൊഴി 4 വട്ടം രേഖപ്പെടുത്തി. ഏറ്റവുമധികം മൊഴിയെടുത്തതു കമ്പനിയിലെ ഉന്നതഉദ്യോഗസ്ഥരായ പി.സുരേഷ്‌കുമാറിന്റെയും (7 തവണ) കെ.എസ്.സുരേഷ്‌കുമാറിന്റെയും (6 തവണ) ആണ്. ടി.വീണയുടെ മൊഴി ഒരുവട്ടം രേഖപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബര്‍ 9ന്. ഇതിനുശേഷം 3 വട്ടം പി.സുരേഷ്‌കുമാറിനെയും കെ.എസ്.സുരേഷ്‌കുമാറിനെയും എസ്എഫ്‌ഐഒ വിളിപ്പിച്ചു. ഈ മൊഴികളില്‍ നിന്നാണ് നിര്‍ണ്ണായക നിരീക്ഷണങ്ങളിലേക്ക് എസ് എഫ് ഐ ഒ കടന്നത്.
എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എലും കെഎസ്‌ഐഡിസിയും കേരള ഹൈക്കോടതിയിലും എക്‌സാലോജിക് ബെംഗളൂരു ഹൈക്കോടതിയിലും നല്‍കിയ ഹര്‍ജികളില്‍ അന്വേഷണം സ്റ്റേ ചെയ്തിരുന്നില്ല. അന്വേഷണം ആവശ്യപ്പെട്ടുള്ള ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്കെതിരെയായിരുന്നു ഈ ഹര്‍ജികള്‍. എന്നാല്‍ മൂന്നും അനുകൂലമാകാതിരുന്നതോടെ, അന്വേഷണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ ഉത്തരവിലെ മൊഴി അനുസരിച്ചു കേസെടുക്കാന്‍ നിയമതടസ്സമുണ്ടെന്നുമുള്ള വാദമുന്നയിച്ചാണു സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ആദായനികുതി ബോര്‍ഡിന്റെ രേഖ വച്ചല്ല അന്വേഷണമെന്നു തുടക്കത്തില്‍ തന്നെ എസ്എഫ്‌ഐഒ വ്യക്തമാക്കിയിരുന്നു. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു, കൊച്ചി ഓഫിസുകള്‍ നേരത്തേ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍, ആര്‍ഒസി ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് എന്നിവയാണ് ആധാരമാക്കിയതെന്ന വാദമാണ് എസ്എഫ്‌ഐഒയുടേത്. ഈ കേസില്‍ കര്‍ണാടക ഹൈക്കോടതിയില്‍ മറ്റൊരു കേസുമുണ്ട്. അന്വേഷണത്തില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിനെതിരെ ടി.വീണ നല്‍കിയ അപ്പീല്‍ ആണിത്. ഓഗസ്റ്റില്‍ നല്‍കിയ അപ്പീല്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.
അതിനിടെ സിഎംആര്‍എല്‍ ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ക്കു പണം നല്കിയെന്നു സംശയമുണ്ടെന്ന് എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. മാസപ്പടി കേസില്‍ പ്രധാന രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോയെന്ന് പരിശോധിക്കുകയാണെന്ന് എസ്എഫ്ഐഒ അഭിഭാഷകന്‍ പറഞ്ഞു. സിഎംആര്‍എലും എക്സാലോജിക്കും തമ്മിലെ ദുരൂഹ ഇടപാടു സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായി. മാസപ്പടി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യമെങ്കില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാം, കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
സിഎംആര്‍എല്‍ ആര്‍ക്കൊക്കെ പണം കൊടുത്തെന്നതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 184 കോടിയിലധികം രൂപയുടെ ഇടപാടു നടന്നതിന്റെ തെളിവുണ്ട്. ഈ പണത്തില്‍ നിന്നൊരു ഭാഗം ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ക്കും കിട്ടി. ചെയ്യാത്ത സേവനത്തിന് എക്സാലോജിക്കിന് പണം കൈമാറിയിട്ടുണ്ട്. ഇതിനായി വ്യാജ ബില്ലുകള്‍ ചമച്ചതായി കണ്ടെത്തിയെന്നും എസ്എഫ്ഐഒ വ്യക്തമാക്കി.
എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഗുരുതര വെളിപ്പെടുത്തലുകള്‍. കേസ് ഈ 23ലേക്കു മാറ്റി.