തിരുവനന്തപുരം: സംസ്ഥാനത്തെ പൗരപ്രമുഖര്‍ക്കും സഭാ തലവന്‍മാര്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന ക്രിസ്മസ്-പുതുവത്സര വിരുന്ന് നാളെ (ഡിസംബര്‍ 16-ന്) തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കും. സര്‍ക്കാരിന്റെ ഔദ്യോഗിക കാലാവധിയിലെ അവസാനത്തെ ക്രിസ്മസ്-പുതുവത്സര വിരുന്നായതിനാല്‍ കെങ്കേമമാക്കാനാണ് തീരുമാനം. ഹയാത്ത് റീജന്‍സി ഹോട്ടലാണ് ഇത്തവണ വിരുന്നിന് വേദിയാകുന്നത്.

ചെലവ് 30 ലക്ഷത്തിന് മുകളില്‍

വിരുന്നിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍, ഇത്തവണ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന സല്‍ക്കാരത്തിന് ചെലവ് 30 ലക്ഷം രൂപയ്ക്ക് മുകളിലാകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചനകള്‍.

കഴിഞ്ഞ വര്‍ഷം (2024) മസ്‌കറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. അന്ന് ഭക്ഷണത്തിന് മാത്രമായി 16.08 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള സ്‌ക്വയര്‍ വണ്‍ ഹോം മെയ്ഡ് ട്രീറ്റ്‌സ് എന്ന സ്ഥാപനത്തിന് കേക്ക് തയ്യാറാക്കിയ വകയില്‍ 1.2 ലക്ഷം രൂപയും അധികമായി അനുവദിച്ചിരുന്നു. കഴിഞ്ഞ തവണ 32 ഇനം വിഭവങ്ങളാണ് വിളമ്പിയത്. 2023 ല്‍ 32 ഇനങ്ങള്‍ ഉള്‍പ്പെട്ട വിരുന്നിന് ചെലവായത് 9.24 ലക്ഷം രൂപയായിരുന്നു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ വിരുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തിരുന്നില്ല.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിവിധ ക്രിസ്ത്യന്‍ സഭാ വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാര്‍ സര്‍ക്കാരിനെ കൈവിട്ട പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സല്‍ക്കാരം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

സംസ്ഥാനത്തെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍, മത നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ നാളത്തെ വിരുന്നില്‍ പങ്കെടുക്കും.