- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അച്ഛന്‍ വലിയൊരു മനുഷ്യനായിരുന്നു; സമ്മര്‍ദ്ദങ്ങള്‍ ഞങ്ങളോട് നേരിട്ട് പറഞ്ഞിരുന്നില്ല; വിതുമ്പിക്കരഞ്ഞ് സി ജെ റോയിയുടെ മകന്‍; മരണത്തിന് പിന്നിലെ കാരണം തേടി രോഹിത്; റോയിക്ക് കണ്ണീരോടെ വിട നല്കി ബെംഗളൂരു; കമ്പനി ആസ്ഥാനത്ത് തര്ക്കങ്ങളുണ്ടായില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍; അന്വേഷണം പുതിയ തലത്തിലേക്ക്; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചൊവ്വാഴ്ചത്തെ വാര്‍ത്താസമ്മേളനം മാറ്റി
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചൊവ്വാഴ്ചത്തെ വാര്‍ത്താസമ്മേളനം മാറ്റി

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി ജെ റോയിയുടെ മൃതദേഹം അദ്ദേഹം ഏറെ സ്‌നേഹിച്ച ബന്നാര്‍ഘട്ട റോഡിലെ നേച്ചര്‍ കാസ്‌കേഡില്‍ സംസ്‌കരിച്ചു. ബൗറിംഗ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള വസതിയിലേക്ക് മൃതദേഹം എത്തിച്ചപ്പോള്‍ അവിടെ ഹൃദയസ്പര്‍ശിയായ രംഗങ്ങളായിരുന്നു. വീല്‍ചെയറിലിരുന്ന് മകനെ കാണാന്‍ അമ്മയെത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്കും നൊമ്പരം അടക്കാനായില്ല. ഭാര്യയും മക്കളായ രോഹിതും രാഹുലും പ്രിയപ്പെട്ടവന്റെ അടുത്തുനിന്ന് മാറിയില്ല. സിനിമാ-വ്യവസായ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രാവിലെ മുതല്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരുന്നു.
'അച്ഛന്‍ വലിയൊരു മനുഷ്യനായിരുന്നു': വിതുമ്പി മകന്‍ രോഹിത്
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മകന്‍ രോഹിത് മാധ്യമങ്ങളോട് പ്രതികരിച്ചു. 'എന്റെ അച്ഛന്‍ വലിയൊരു മനുഷ്യനായിരുന്നു. മാധ്യമങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. അച്ഛന്റെ മരണം ഉണ്ടാക്കിയ നഷ്ടം വിവരിക്കാന്‍ വാക്കുകളില്ല,' രോഹിത് വികാരാധീനനായി പറഞ്ഞു. ആദായനികുതി വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെക്കുറിച്ച് അച്ഛന്‍ തങ്ങളോട് നേരിട്ട് ഒന്നും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്ത്യയാത്രയില്‍ ഒഴുകിയെത്തി പ്രമുഖര്‍
കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, പ്രമുഖ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ വി കെ പ്രകാശ്, നടന്‍ മിഥുന്‍ രമേശ് തുടങ്ങി പ്രമുഖരുടെ നിര തന്നെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടന്ന ശുശ്രൂഷാ ചടങ്ങുകള്‍ക്ക് ശേഷം, കുടുംബാംഗങ്ങള്‍ അന്ത്യചുംബനം നല്‍കിയതോടെ വൈകിട്ട് നാലരയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
അതേസമയം, റോയിയുടെ മരരണവുമായി ബന്ധപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ചൊവ്വാഴ്ചയില്‍ നിന്ന് മാറ്റി. പുതുക്കിയ തീയതി പിന്നീട അറിയിക്കും.
അതിനിടെ, ഡോ. സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന് ആശ്വാസം നല്‍കുന്ന കണ്ടെത്തലുകളുമായി പൊലീസ്. റോയി ജീവനൊടുക്കിയ വെള്ളിയാഴ്ച കമ്പനി ആസ്ഥാനത്ത് വെച്ച് ഉദ്യോഗസ്ഥരും റോയിയും തമ്മില്‍ യാതൊരുവിധ വാക്കുതര്‍ക്കമോ പ്രകോപനപരമായ ചോദ്യം ചെയ്യലോ നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകം
കമ്പനി ആസ്ഥാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു. റെയ്ഡിനിടെ പിടിച്ചെടുത്ത രേഖകള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന ആദായനികുതി വകുപ്പിന്റെ വാദം ശരിവയ്ക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഉദ്യോഗസ്ഥര്‍ റോയിയെ മാനസികമായി പീഡിപ്പിക്കുകയോ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അടുത്ത ഘട്ടം മൊഴിയെടുപ്പ്
സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ കുടുംബാംഗങ്ങളുടെയും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. ആദായനികുതി പരിശോധനയ്ക്ക് ശേഷം റോയിയുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിരുന്നോ എന്നും കുടുംബത്തോട് എന്തെങ്കിലും വെളിപ്പെടുത്തിയിരുന്നോ എന്നും പൊലീസ് പരിശോധിക്കും. ആസ്ഥാനത്ത് വെച്ച് തര്‍ക്കങ്ങളുണ്ടായിട്ടില്ലെന്ന് വ്യക്തമായെങ്കിലും, ബിസിനസ് രംഗത്ത് തിളങ്ങിനിന്ന ഒരു വ്യക്തി ഇത്ര പെട്ടെന്ന് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത് എന്താണെന്ന ചോദ്യം ബാക്കിയാണ്. കമ്പനിയിലെ ഉന്നതരുടെ മൊഴിയെടുക്കുന്നതോടെ ഈ ദുരൂഹതകള്‍ നീങ്ങുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.


