- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടത്': കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വിവാദത്തിലെ 'വീക്ഷണം' മുഖപ്രസംഗത്തില്‍ ഞെട്ടി കോണ്‍ഗ്രസ് നേതാക്കള്‍; പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ വീക്ഷണം മേക്കിട്ട് കയറിയത് സ്വന്തം പാര്‍ട്ടിക്കെതിരെ; വീക്ഷണത്തില്‍ ഇരിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരാണോ എന്ന് അമര്‍ഷം
'വീക്ഷണം' മുഖപ്രസംഗത്തില്‍ ഞെട്ടി കോണ്‍ഗ്രസ് നേതാക്കള്‍
കോഴിക്കോട്: വിമര്‍ശനം സമയോചിതമാകണം, അസ്ഥാനത്താകരുത്. കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണം' എഴുതിയ മുഖപ്രസംഗത്തെ ചൊല്ലി നേതാക്കള്‍ പടപ്പുറപ്പാടിന് ഇറങ്ങിയത് ഈ സമയം തെറ്റിയുള്ള വിമര്‍ശനത്തില്‍ പ്രകോപിതരായാണ്. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന സമയത്ത് മുന്‍നിരയിലെത്താന്‍ നേതാക്കള്‍ ഉന്തും തള്ളും ഉണ്ടാക്കിയതിനെയാണ് വീക്ഷണം മുഖപ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്. മുഖം കാണിക്കേണ്ടത് ഇടിച്ചു കയറിയല്ലെന്ന് വീക്ഷണത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു. നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയിലൂടെ പ്രസ്ഥാനത്തിന്റെ വില കളയരുതെന്നും വീക്ഷണം നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍, മുഖപ്രസംഗം മാത്രമല്ല, എഴുതാന്‍ വീക്ഷണം തിരഞ്ഞെടുത്ത ദിവസവും നേതാക്കളെ ചൊടിപ്പിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടതിന് പകരം സ്വന്തം നേതാക്കള്‍ക്കെതിരെ തിരിഞ്ഞതാണ് പ്രശ്‌നമായത്. ഡിസിസി ഓഫീസ് ഉദ്ഘാടന ദിവസത്തെ തള്ളിക്കയറ്റത്തിനെതിരെ കെ.പി.സി.സി ഭാരവാഹി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് ഈ വിഷയം ഉന്നയിച്ചത്. ഇനി പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ കൊണ്ടുവരാന്‍ തീരുമാനിച്ച് അവസാനിപ്പിച്ച വിഷയം വീക്ഷണം വീണ്ടും അസമയത്ത് കുത്തിപ്പൊക്കിയെന്നാണ് വിമര്‍ശനം.
വീക്ഷണത്തില്‍ ഇരിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരാണോ എന്നാണ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ബ്ലോക്ക്-മണ്ഡലം പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. പത്രം എഴുതിവിട്ട എഡിറ്റോറിയല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നാറ്റിക്കാന്‍ വേണ്ടിയും പാര്‍ട്ടി പ്രവര്‍ത്തകരുടെ മുഖത്തു നോക്കി സഖാക്കള്‍ക്ക് ആക്ഷേപിക്കാനും വേണ്ടി കരുതി കൂട്ടി ചെയ്തതാണ് എന്നാണ് ആരോപണം. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെ അച്ചടക്കം പഠിപ്പിക്കുന്ന വീക്ഷണം ഒരു പാര്‍ട്ടി മുഖപത്രം പാലിക്കേണ്ട അച്ചടക്കം ആദ്യം പഠിക്കുന്നത് നന്നായിരിക്കുമെന്നും പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു. ദേശാഭിമാനിയിലാണ് ഇത്തരം തോന്ന്യാസം നടത്തിയതെങ്കില്‍ അത് വിലപ്പോകുമോ എന്നും പ്രവര്‍ത്തകര്‍ ചോദ്യം ഉയര്‍ത്തുന്നു.
കോഴിക്കോട് ഡി. സി. സി ഓഫീസ് ഉല്‍ഘാടനത്തിനിടെ നടന്നത് ആശാസ്യമല്ലാത്ത കാര്യമാണ് എന്ന് ബോധ്യപ്പെട്ട് കെ.പി.സി.സി നേതൃത്വം സമ്മേളനപരിപാടികള്‍ നടത്തുന്നതിന് നിബന്ധനകള്‍ തയ്യാറാക്കി ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് നല്‍കിയിരിക്കുകയാണ്. പാര്‍ട്ടി നടപടിയെടുത്ത് അവസാനിപ്പിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ വീക്ഷണം നാണം കെടുത്തിയെന്നാണ് ആക്ഷേപം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കേരളയാത്ര നടത്തിയപ്പോള്‍ അതിന്റെ ഉദ്ഘാടന ദിവസം കേരള യാത്രക്ക് - ആദരാഞ്ലികള്‍ - അര്‍പ്പിച്ച് വീക്ഷണം ഇറക്കിയ കാര്യവും പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു. വീക്ഷണത്തിന്റെ വീഴ്ച കെപിസിസി അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വീക്ഷണം മുഖപ്രസംഗത്തില്‍ പറഞ്ഞത്....
'ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടത്' എന്ന തലക്കെട്ടോടെയാണ് വീക്ഷണം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇടിച്ചുകയറിയാല്‍ മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതരം 'പൊതുപ്രവര്‍ത്തന അലിഖിത ചട്ടം' നിലവില്‍ വരുന്നതിന് വളരെ മുമ്പ് വന്‍ ജനബാഹുല്യം അണിചേര്‍ന്ന പല സമരമുഖങ്ങളിലും തികഞ്ഞ അച്ചടക്കവും സ്വയം നിയന്ത്രണവും കാണിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നത് മറന്നുപോകരുതെന്നും നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്, മറിച്ച് കുത്തഴിഞ്ഞ അവസ്ഥ ആകരുതെന്നും വീക്ഷണം പറയുന്നു. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഒരു പ്രോട്ടോക്കോള്‍ ആവശ്യമാണെന്നാണ് വീക്ഷണം മുന്നോട്ടുവെക്കുന്ന നിര്‍ദേശം. നേരത്തെതന്നെ ഇത്തരത്തില്‍ ഒരു പ്രോട്ടോക്കോള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം അനിഷ്ട സംഭവഭങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇനിയുള്ള പൊതുപരിപാടികളിലെങ്കിലും കൃത്യമായ മാതൃക കാണിക്കേണ്ടത് ബൂത്തുമുതല്‍ കെപിസിസി വരെയുള്ള ഭാരവാഹികളാണെന്നുകൂടി മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു.
മുഖപ്രസംഗത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍
...ഈ പ്രസ്ഥാനത്തിന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തികള്‍ ചിലപ്പോഴെങ്കിലും നമ്മളില്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഏത് മഹത്തായ പരിപാടിയേയും, മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യമാക്കുന്ന തരത്തില്‍ അതിലേക്ക് ഇടിച്ചുകയറാന്‍ മത്സരിക്കുന്നവര്‍ സ്വന്തം നിലമറന്ന് പെരുമാറുന്നു. സമൂഹമധ്യത്തില്‍ പ്രസ്ഥാനത്തെ പരിഹാസ്യമാക്കി മാറ്റുന്ന ഇത്തരം ഏര്‍പ്പാട് ഇനിയെങ്കിലും നമ്മള്‍ മതിയാക്കണം. മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത പലതും പൈതൃകമായുള്ള കോണ്‍ഗ്ര സ് പ്രസ്ഥാനത്തിന്റെ യശസിനെ ഇടിച്ചുകയറിയും പിടി ച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇടിച്ചുകയറിയാല്‍ മാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതരം 'പൊതുപ്രവര്‍ത്തന അലിഖിത ചട്ടം' നിലവില്‍ വരുന്നതിന് വളരെ മുമ്പ് വന്‍ ജനബാഹുല്യം അണിചേര്‍ന്ന പല സമരമുഖങ്ങളിലും തികഞ്ഞ അച്ചടക്കവും സ്വയം നിയന്ത്രണവും കാണിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നത് മറന്നു പോകരുത്.
സംഘാടക മികവ് പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ മാത്രമായി ഒതുങ്ങി പോകരുത്. പരിപാടികള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ച് കുഴപ്പങ്ങളില്ലാതെ അവസാനിപ്പിക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധവെക്കണം. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് എത് തലത്തില്‍ പെട്ട ഘടകങ്ങളാണെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണ്. അതു മറക്കരുത്.
ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്, മറിച്ച് കുത്തഴിഞ്ഞ അവസ്ഥ ആകരുത്. കോണ്‍ഗ്രസിന്റെ പാര്‍ട്ടി വേദികളില്‍ അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കത്തേക്കാള്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് മാതൃക കാണിക്കുവാന്‍ കഴിയുന്നവരായി ബൂത്ത് മുതല്‍ കെപിസിസി വരെയുള്ള ഭാരവാഹികള്‍ക്ക് കഴിയണം. ഉദ്ഘാടകനും അദ്ധ്യക്ഷനും മറ്റ് പ്രധാന നേതാക്കന്മാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങളില്‍ ഇരിപ്പിടങ്ങള്‍ സംഘാടകര്‍ ഉറപ്പു വരുത്തണം.
ഈ പരിപാടികള്‍ നേരിട്ടും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ കാണുന്നവര്‍ക്ക് വിമര്‍ശിക്കുവാന്‍ ഇടവരാത്ത സാഹചര്യം ഉണ്ടാകണം. പ്രകടനങ്ങളിലും ജാഥകളിലും ക്യാമറ ഫ്രെയിമില്‍ മുഖം വരുത്താന്‍ പരസ്പരം ഉന്തും തള്ളും സൃഷ്ടിക്കുന്ന പ്രവണത സമൂഹത്തില്‍ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണം. ഒരു സ്ഥാനവും ആഗ്രഹിക്കാതെ കോണ്‍ഗസ് ഒരു വികാരമായി ജനക്കൂട്ടത്തിനിടയില്‍ തൊണ്ട പൊട്ടുമാറ് ഉറക്കെ മുദ്രാവാക്യം മുഴക്കുന്ന സാധാരണ പ്രവര്‍ത്തകന്റെ വികാരം മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ തിരിച്ചറിയണം.