- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും; കോഴിക്കടകളും തട്ടുകടകളും ചേര്‍ത്താണ് മന്ത്രിയുടെ കണക്ക്; സര്‍ക്കാറിന്റെ നേട്ടങ്ങളെ തള്ളി കെ സുധാകരന്‍; തരൂരിനെതിരെ നടപടി എഐസിസി തീരുമാനിക്കട്ടെ എന്ന നിലപാടില്‍ കെപിസിസി
തരൂരിനെതിരെ നടപടി എഐസിസി തീരുമാനിക്കട്ടെ എന്ന നിലപാടില്‍ കെപിസിസി
തിരുവനന്തപുരം: ശശി തരൂര്‍ എം പി പുകഴ്ത്തിയ കേരളത്തിന്റെ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു. തരൂര്‍ പുകഴ്ത്തിയ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറയുമ്പോഴും തരൂരിരിന നേരിട്ടു വിമര്‍ശിക്കാന്‍ സുധാകരന്‍ തയ്യാറായില്ല.
സ്റ്റാര്‍ട്ട് അപ് വളര്‍ച്ചക്ക് തുടക്കം ഇട്ടത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്നും അവിടെ നിന്ന് അര്‍ഹിക്കുന്ന വളര്‍ച്ച കേരളത്തിന് ഉണ്ടായില്ലെന്നും കെ പി സി സി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സി പി എം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ വീമ്പിളക്കരുതെന്നും സുധാകരന്‍ പറഞ്ഞു.
പുതുതായി തുടങ്ങിയ 2.90 ലക്ഷം സംരംഭങ്ങളുടെ പട്ടിക പുറത്തുവിടാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നതായും സുധാകരന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് നേരിട്ടു പരിശോധന നടത്താന്‍ മന്ത്രി തയാറാണോ എന്നും അദ്ദേഹം ചോദിച്ചു.
കെ സുധാകരന്റ വാക്കുകള്‍ ഇങ്ങനെ:
കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ 2020 ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്ട്രേഷന്‍ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്. ഉദ്യം പദ്ധതിയില്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ വായ്പയും സബ്സിഡിയും സര്‍ക്കാര്‍ പദ്ധതികളുമൊക്കെ കിട്ടാന്‍ എളുപ്പമായതിനാല്‍ ആളുകള്‍ വ്യാപകമായ തോതില്‍ രജിസ്ട്രേഷന്‍ നടത്തി.
ഇതു നിര്‍ബന്ധമാണെന്നും പ്രചരിപ്പിച്ചു. കുടുംബശ്രീ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ വലിയ തോതില്‍ എണ്ണം കൂടി. അങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം കുതിച്ചു കയറിയത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെ പ്രകാരം 2018-19ല്‍ ഉണ്ടായിരുന്നത് 13826 ചെറുകിട സംരംഭങ്ങളാണ്. 2019-20ല്‍ 13695 ഉം, 2020-21ല്‍ 11540 ഉം 2021- 22ല്‍ 15285 ഉം സംരംഭങ്ങളുണ്ടായിരുന്നു. 2020ല്‍ ഉദ്യം പദ്ധതി വന്നതിനെ തുടര്‍ന്ന് 2020-21ല്‍ സംരംഭങ്ങളുടെ എണ്ണം 1,39,839 ആയി കുതിച്ചുയര്‍ന്നു.
തൊട്ടടുത്ത വര്‍ഷം 1,03596 ആയി. ഇപ്പോഴത് 2.90 ലക്ഷമായെന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നത്. രണ്ടു മിനിറ്റില്‍ വ്യവസായം തുടങ്ങാമെന്നത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കാര്യമാണ്. പുതുതായി തുടങ്ങിയ 2.90 ലക്ഷം സംരംഭങ്ങളുടെ പട്ടിക പുറത്തുവിടാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നു. ഇതു സംബന്ധിച്ച് നേരിട്ടു പരിശോധന നടത്താന്‍ മന്ത്രി തയാറാണോ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ എംഎസ്എംഇ സര്‍വെയില്‍ കേരളം ഒന്നാമതായിരുന്നു.
ഐടിയിലുണ്ടായ വളര്‍ച്ചയുടെ കാര്യത്തിലും പൊങ്ങച്ചത്തില്‍ കവിഞ്ഞൊന്നുമില്ല. കേരളത്തിന്റെ ഐടി കയറ്റുമതി ഇപ്പോള്‍ 24000 കോടി രൂപയുടേതാണെങ്കില്‍ കര്‍ണാടകത്തിന്റേത് 4.11 ലക്ഷം കോടിയും തെലുങ്കാനയുടെത് 2 ലക്ഷം കോടിയുമാണ്. തമിഴ്നാടിന്റേത് 1.70 ലക്ഷം കോടിയും. പ്രധാനമന്ത്രി നരേന്ദ്രമോദി യുവസംരംഭകരെ വാര്‍ത്തെടുക്കുന്ന സ്റ്റാര്‍ട്ടപ്പ് പദ്ധതിക്ക് തുടക്കമിട്ടത് 2016ല്‍ ആണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അത് 2011ല്‍ തുടക്കമിട്ടു. അവിടെ നിന്ന് കേരളം അര്‍ഹിക്കുന്ന വളര്‍ച്ച ഉണ്ടായില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഇപ്പോള്‍ ഏറ്റവും പിന്നിലാണ്. സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ വീമ്പിളക്കരുതെന്ന് സുധാകരന്‍ പറഞ്ഞു.
അതേസമയം വി ഡി സതീശന്‍ അടക്കം തരൂരിനെ വിമര്‍ശിക്കുമ്പോഴും സുധാകരന്‍ കടുത്ത വിമര്‍ശനത്തിന് തയ്യാറല്ല. എഐസിസി നേതാവായ തരൂരിന്റെ കാര്യത്തില്‍ നടപടി എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നാണ് വിമര്‍ശനം. തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നാണ് നേതാക്കള്‍ പറയുമ്പോളം നേതാക്കളാരും പരാതി കൊടുക്കാന്‍ തയ്യാറല്ല. നടപടി തീരുമാനിക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കുന്നു.
അതേസമയം, തരൂരിന്റെ ലേഖനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും കേരളത്തിലെ ഇടത് സര്‍ക്കാറിന്റെ കാലത്തെ വ്യവസായ നേട്ടങ്ങളെ കുറിച്ച് പറഞ്ഞതില്‍ ശശി തരൂര്‍ തിരുത്തിയില്ല. മാറ്റിപ്പറയണമെങ്കില്‍ കണക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ - സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് തരൂര്‍. പ്രവര്‍ത്തകസമിതി അംഗത്വം ഒഴിയണമെങ്കില്‍ അതും ചര്‍ച്ച ചെയ്യാമെന്ന് വരെ പറഞ്ഞാണ് പാര്‍ട്ടിയെ തരൂര്‍ നിലപാട് ഉറപ്പിക്കുന്നത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറുമടക്കം പാര്‍ട്ടിനേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടും തരൂരിന് ഒരിഞ്ചും കുലുക്കമില്ല. ഇടത് സര്‍ക്കാറിന്റെ വ്യവസായ നേട്ടങ്ങളെ പുകഴ്ത്തുന്ന ലേഖനത്തില്‍ ഒരുമാറ്റത്തിനുമില്ല കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം. രണ്ട് ഫേസ്ബുക്ക് പോസ്റ്റിലും രാവിലെ മാധ്യങ്ങളെ കണ്ടപ്പോഴും തരൂര്‍ മയപ്പെട്ടു.
സ്റ്റാര്‍ട്ടപ്പ് നേട്ടങ്ങള്‍ക്ക് തുടക്കമിട്ടത് ആന്റണി ഉമ്മന്‍ചാണ്ടി സര്‍ക്കാറുകളെന്ന കൂട്ടിച്ചേര്‍ക്കല്‍, വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കും പ്രശംസയുണ്ടായിരുന്നു. പക്ഷെ അന്ന് തുടങ്ങിവെച്ചത് ഇടത് സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയെന്ന് വീണ്ടും തരൂര്‍ പറയുന്നു. കേരളത്തെ കുറിച്ചുള്ള ഗ്ലോബല്‍ സ്റ്റാര്‍ട്ടാഅപ്പ് എക്കോ സിസ്റ്റം റിപ്പോര്‍ട്ടാണ് തരൂര്‍ എടുത്തുപറയുന്നത്. കേരള റാങ്കിംഗ് റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള നേതാക്കള്‍ തള്ളുമ്പോള്‍ തിരുത്തണമെങ്കില്‍ പകരം വിവരങ്ങള്‍ വേണമെന്നാണ് തരൂരിന്റെ ആവശ്യം.