- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഫിയ്ക്കൊപ്പം ഓടി രക്ഷപെട്ടെന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ചു വി കെ ശ്രീകണ്ഠന്‍; 'വന്നത് കള്ളപ്പണവുമായിട്ടാണോ? എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ചൊടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും; ഓപ്പറേഷന്‍ മാങ്കൂട്ടത്തില്‍ തിരക്കഥയ്ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആര്‍?
ഷാഫിയ്ക്കൊപ്പം ഓടി രക്ഷപെട്ടെന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ചു വി കെ ശ്രീകണ്ഠന്‍
പാലക്കാട്: പാലക്കാട്ടെ ഓപ്പറേഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊളിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മേല്‌ക്കൈയാണ് ലഭിച്ചിരിക്കുന്നത്. രാഹുലിന്റെ തേരോട്ടത്തെ സിപിഎം എത്രകണ്ട് ഭയക്കുന്നു എന്നതിന്റെ തെളിവായി മാറ കള്ളപ്പണ ആരോപണവും പോലീസ് റെയ്ഡും. ഇന്നലെ രാത്രി നടത്തിയ നീക്കത്തിന് പിന്നില്‍ ആസൂത്രിത തിരക്കഥ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടാണ് നീക്കം നടന്നതെന്ന് വ്യക്തമാണ്.
സിപിഎം നേതാക്കളും മാധ്യമപ്രവര്‍ത്തകരും താമസിച്ചിരുന്ന ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. ആദ്യം വാതിലില്‍ മുട്ടി പരിശോധന നടത്തിയത് ടി വി രാജേഷിന്റെ മുറിയില്‍ ആയിരുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണം പിടിക്കാനാണ് റെയ്‌ഡെന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കിയത് കൈരളി ടിവിയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന മുന്‍ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിലേക്ക് അടക്കം ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നികേഷിന്റെ ബുദ്ധിയാണ് വിഷയത്തെ കോണ്‍ഗ്രസിനെ വലിച്ചിഴക്കാന്‍ ഇടയാക്കിയത് എന്ന വിധത്തിലാണ് ഉയരുന്ന ആരോപണങ്ങള്‍.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാളാണ് ഹോട്ടലിലേക്ക് സ്യൂട്ട്കേസുമായി എത്തിയത് എന്നാണ് കൈരളി ടീവി റിപ്പോര്‍ട്ടര്‍ കൊടുത്ത വിവരം. ഈ വാര്‍ത്തയെ ഷാഫി പറമ്പില്‍ ചോദ്യം ചെയ്യുന്നുണ്ട്. പൊതു റെയ്ഡാണെങ്കില്‍ പിന്നെ എങ്ങനെയാണ ്‌കോണ്‍ഗ്രസിന്റെ കള്ളപ്പണം പിടിക്കാനാണ് എന്ന വിധത്തില്‍ വാര്‍ത്ത വന്നത് എന്നാണ് ഷാഫി ചോദിക്കുന്ന ചോദ്യം.
കൃത്യമായ വിവരം കിട്ടിയെന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇലക്ഷന്‍ കമ്മീഷനെപ്പോലും അറിയിക്കാതെയും, വനിതാ പൊലീസ് ഇല്ലാതെയും, ഓടിവന്നത്. എന്നാല്‍ സേര്‍ച്ചിനുശേഷം ഒന്നും കണ്ടെത്തനാവാതെ അവര്‍ ഇളിഭ്യരാവുകയും ചെയ്തു. റെയ്ഡ് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ തടഞ്ഞതോടെയാണ്, വനിതാപൊലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാനും, ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാനുമൊക്കെ പൊലീസ് തയ്യാറാവുന്നത്. കോണ്‍ഗ്രസുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയതാണ് വിവാദത്തിന് ഇടയാക്കിയത.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ ഹോട്ടലില്‍ ഒളിച്ചിരിക്കുന്നുണ്ട് എന്നുവരെ ആരോപണം ഉയര്‍ന്നു. ആ സമയം കോഴിക്കോട് ആയിരുന്ന രാഹുല്‍ ഫേസ്ബുക്കില്‍ ലൈവിലെത്തി. ഈ ഹോട്ടലില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും, വി കെ ശ്രീകണ്ഠന്‍ എം പിയും, ജോതികുമാര്‍ ചാമക്കാലയും മുങ്ങിയെന്നും, ഓടി രക്ഷപെട്ടുവെന്നും കള്ളവാര്‍ത്തകള്‍ അടിച്ചിറക്കി. ഇതോടെ ഹോട്ടലില്‍ എത്തി ആ വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് വി കെ ശ്രീകണ്ഠന്‍ ചെയ്ത്.
അതിനിടെ കോഴിക്കോട്ടെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനും വിവാദത്തിലായി. കള്ളപ്പണവുമായാണോ വന്നത് എന്ന ചോദ്യമാണ് രാഹുലിനെ ചൊടിപ്പിച്ചത്. എന്നാല്‍, ആ ഉദ്ദേശ്യത്തിലല്ല ചോദിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കിയെങ്കിലും രാഹുല്‍ ചൊടിച്ചു. അങ്ങനെ ചോദിക്കാമോ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. കഞ്ചാവ് കൈയിലുണ്ടോ എന്നു ചോദിച്ചാല്‍ എങ്ങനെയിരിക്കും എന്നാണ് രാഹുല്‍ മറിച്ചു ചോദിച്ചത്. എന്നാല്‍, ചോദ്യത്തെ രാഹുല്‍ തെറ്റിദ്ധരിച്ചതാണ് എന്നായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ മറുപടി നല്‍കിയത്.
അതേസമയം കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളിലടക്കം പാതിരാത്രി നടന്ന പരിശോധനയെ കുറിച്ച് പൊലീസ് നല്‍കിയ വിശദീകരണങ്ങളില്‍ അടിമുടി വൈരുധ്യവും പ്രകടമാണ്. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയില്‍ പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു.
ഹോട്ടല്‍ മുറികളിലെ പൊലീസ് പരിശോധനയെ കുറിച്ച് പാലക്കാട് എഎസ്പി അശ്വതി ജിജിയാണ് ആദ്യം വിശദീകരണം നല്‍കിയത്. ആരുടെയും പരാതി കിട്ടിയിട്ടല്ല പൊലീസ് പരിശോധന നടത്തിയതെന്നും സാധാരണ പരിശോധന മാത്രമായിരുന്നുവെന്നുമാണ് എഎസ്പി അശ്വതി ജിജി പുലര്‍ച്ചെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാല്‍ വനിതാ പൊലീസില്ലാതെ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയതിനെതിരെ അടക്കം വലിയ പ്രതിഷേധമുണ്ടായതോടെ മുന്‍ നിലപാടില്‍ നിന്ന് പൊലീസ് മലക്കം മറിഞ്ഞു. ഹോട്ടലില്‍ റെയ്ഡ് നടത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും റെയ്ഡ് തുടങ്ങിയ ശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതെന്നുമാണ് പാലക്കാട് എസ് പി ആര്‍ ആനന്ദ് പ്രതികരിച്ചത്. ഹോട്ടലില്‍ പല പാര്‍ട്ടികളിലുളള രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. എല്ലാം രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും റൂം പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. വനിത പൊലീസെത്തിയ ശേഷമാണ് വനിതകള്‍ മാത്രമുള്ള റൂം പരിശോധിച്ചതെന്നും എസ് പി ആര്‍ ആനന്ദ് വിശദീകരിക്കുന്നു.
പാലക്കാട് ഹോട്ടല്‍ റെയ്ഡ് തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ജില്ലാ കളക്ടര്‍ വിവരമറിഞ്ഞത്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കളക്ടറെ 1 മണിക്കാണ് പൊലീസ് വിവരം അറിയിച്ചത്. അപ്പോഴേക്കും റെയ്ഡ് അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ അപാകതയില്ലെന്നായിരുന്നു പാലക്കാട് ജില്ല കളക്ടര്‍ ഡോ.എസ് ചിത്രയുടെ പ്രതികരണം. പൊലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അതില്‍ അപാകതയില്ല. വിവരം കിട്ടിയതും ഉടന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും കളക്ടര്‍ വിശദീകരിക്കുന്നു.