കണ്ണൂര്‍: തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസില്‍ അഴിച്ചു പണിയും സ്ഥലം മാറ്റവും നടക്കാനിരിക്കേ നിരവധി ആരോപണങ്ങള്‍ നേരിടുന്ന എസ്പിയെ കണ്ണൂരിലേക്ക് കൊണ്ടു വരാനുള്ള നീക്കം തകൃതി. പോലീസ് അസോസിയേഷന്റെ കൂടി ഒത്താശയോടെ ഇതിനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പോക്സോ അട്ടിമറിയുടെ പേരില്‍ ഈ ഉദ്യോഗസ്ഥനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി തന്നെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാത്രികാലങ്ങളില്‍ വനിതാ പോലീസുകാരുടെ ഫോണിലേക്ക് സന്ദേശം അയച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുകയാണ് ഇയാള്‍. രണ്ടു വനിതാ എസ്ഐമാര്‍ തെളിവു സഹിതം പരാതി നല്‍കിയിട്ടും അന്വേഷണം ഇഴയുകയാണ്. അതിനിടെ പരാതി നല്‍കിയവരെ കുടുക്കാനുള്ള നീക്കവും നടക്കുന്നു.

മധ്യകേരളത്തിലെ ഒരു മന്ത്രിയുടെ അതീവ വിശ്വസ്തനാണ് ഈ എസ്.പി. അതു കൊണ്ടു തന്നെ മന്ത്രിയുടെ പേര് പറഞ്ഞാണ് വിലസുന്നത്. ഒടുവില്‍ മന്ത്രി തന്നെ പ്രതിക്കൂട്ടിലായെന്ന് വന്നപ്പോഴാണ് കൈവിട്ടത്. എന്നാലും, കൈ വിടല്‍ പൂര്‍ണമായിരുന്നില്ല. നിലവില്‍ അപ്രധാന തസ്തികയില്‍ എസ്പിയാണ്. പോക്സോ കേസ്, കസ്റ്റഡി മര്‍ദനം എന്നിവയുടെ അട്ടിമറി, സ്വന്തം വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ കാല്‍നടയാത്രക്കാരന്റെ കുഴപ്പമാക്കി മാറ്റി കേസെടുക്കുക, വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാത്രികാലങ്ങളില്‍ വാട്സാപ്പ് സന്ദേശം അയയ്ക്കുക എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ്.

തെക്കന്‍ ജില്ലകളിലെ പോലീസ് അസോസിയേഷനുകളുമായി ഇടയുകയും നേതാക്കളെ ഒതുക്കുകയും ചെയ്തയാളാണ് എസ്പി. ഇദ്ദേഹത്തെയാണ് കണ്ണൂരില്‍ എത്തിക്കാന്‍ അസോസിയേഷന്‍ ശ്രമിക്കുന്നത് എന്നാണ് അറിയുന്നത്. പോക്സോ അടക്കം അട്ടിമറി നടത്തിയതിന് മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ച ഉദ്യോഗസ്ഥനെ സ്വന്തം ജില്ലയില്‍ എത്തിക്കാന്‍ നടത്തുന്ന നീക്കം മുഖ്യമന്ത്രി ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് ഈ ഉദ്യോഗസ്ഥനെ എത്തിക്കുന്നതത്രേ.