- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശിക്ഷിക്കപ്പെട്ട് മൂന്ന് മാസം തികഞ്ഞില്ല, അപ്പോഴേക്കും പുറത്തിറക്കി! മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ ഒരു മാസമാക്കി മാറ്റി ആഭ്യന്തര സെക്രട്ടറി; പാലത്തായി പോക്‌സോ പീഡന കേസ് പ്രതി പത്മരാജന് പരോള്‍ നീട്ടിയത് വിവാദമാകുന്നു; കീഴ് വഴക്ക ലംഘനമെന്ന് ആക്ഷേപം
പാലത്തായി പോക്‌സോ പീഡന കേസ് പ്രതി പത്മരാജന് പരോള്‍ നീട്ടിയത് വിവാദമാകുന്നു

കണ്ണൂര്‍: പാലത്തായി പോക്‌സോ പീഡന കേസ് പ്രതിയായ അധ്യാപകന് പരോള്‍ ലഭിച്ചത് വിവാദമാകുന്നു. ജയിലില്‍ കഴിയുന്ന ബിജെപി പ്രാദേശികനേതാവ് കെ. പത്മരാജന് പരോള്‍ അനുവദിച്ച ജയില്‍ വകുപ്പ് നടപടിയാണ് വിവാദമായത്.
സഹോദരിയുടെ മരണം ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷയിലാണ് കെ. പത്മരാജന് അടിയന്തര പരോളിന് അനുമതി നല്‍കിയത്. ഇതിന് പുറമെയാണ് ഇളവ് നല്‍കിയത്. പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് മൂന്ന് മാസം പിന്നിടുമ്പോഴാണ് പരോള്‍.
സഹോദരിയുടെ മരണത്തെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് നല്‍കിയ മൂന്ന് ദിവസത്തെ അടിയന്തര പരോളിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ പരോള്‍ നീട്ടി നല്‍കിയത്. ഈ മാസം മൂന്ന് മുതല്‍ പത്മരാജന്‍ പുറത്താണ്. ഇതിന് പിന്നാലെ ജയില്‍ ഡിജിപിക്ക് നല്‍കിയ അപേക്ഷയില്‍ പത്തും ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയില്‍ 15 ദിവസവും അധിക പരോള്‍ ലഭിക്കുകയായിരുന്നു. മാര്‍ച്ച് മൂന്ന് വരെയാണ് പരോള്‍ നീട്ടി നല്‍കിയത്. ബലാത്സംഗം പോലുള്ള ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഇത്ര വേഗത്തില്‍ പരോള്‍ നല്‍കുന്നതിലെ കീഴ്വഴക്കമാണ് ഈ നടപടിയിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.
പാലത്തായിയിലെ പത്ത് വയസുകാരിയെ സ്‌കൂളിനകത്തും പുറത്തും വെച്ച് പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ നവംബര്‍ 15നാണ് കെ. പത്മരാജനെ കോടതി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം 40 വര്‍ഷം തടവും ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. കീഴ്‌ക്കോടതി വിധിക്കെതിരെ കെ.പത്മരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതു പരിഗണിക്കാനിരിക്കെയാണ് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. ബി.ജെ.പി മുന്‍ തൃപങ്ങോട്ടൂര്‍ മണ്ഡലം പ്രസിഡന്റാണ് പത്മരാജന്‍.
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പത്മരാജനെതിരെ നേരത്തെ യൂത്ത് ലീഗ്.എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിറങ്ങിയിരുന്നു. ഈ കാരണത്താലാണ് തന്നെ വ്യാജ പോക്‌സോ കേസില്‍ കുടുക്കിയതെന്നായിരുന്നു പത്മരാജന്റെ വാദം. പ്രാദേശിക നേതാവിനെ തള്ളി പറയാതെ ബി.ജെ.പി സംസ്ഥാന നേതൃത്വവും നിയമസഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. പത്മരാജനെ ന്യായികരിച്ചു കൊണ്ട് പാര്‍ട്ടി ജില്ലാ നേതൃത്വവും രംഗത്തു വന്നിരുന്നു.
പത്മരാജന് ജാമ്യം ലഭിച്ച വിഷയം സര്‍ക്കാരിനെ പ്രഹരിക്കാനുള്ള വടിയാക്കി മാറ്റാനാണ് ഒരു വിഭാഗം സംഘടനകള്‍ ശ്രമിക്കുന്നത്. നേരത്തെ ടി.പി വധക്കേസിലെ പ്രതികള്‍ക്കും പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്കും പരോള്‍ ലഭിച്ചിരുന്നു. പയ്യന്നൂരിലെ സി.പി.എം നഗരസഭാ കൗണ്‍സിലര്‍ വി.കെ. നിഷാദിനും പരോള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിനും പരോള്‍ അനുവദിക്കാന്‍ ജയില്‍ വകുപ്പ് തയ്യാറായത്. ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് പത്മരാജന് പരോള്‍ അനുവദിച്ചതെന്നാണ് ആരോപണം.


