ആലപ്പുഴ: കഴിഞ്ഞ വർഷം നവകേരള യാത്രക്കിടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്മർ അതിക്രൂരമായിട്ടാണ് വളഞ്ഞിട്ട് തല്ലിയത്. അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജ്യൂവല്‍ കുര്യക്കോസിനും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എഡി തോമസിനും പോലീസ് ക്രൂരതയിൽ ഗുരുതരമായി പരിക്കേറ്റു.

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞുവെച്ച് തല്ലുന്നത് വളരെ ഞെട്ടലോടെയാണ് കേരളം കണ്ടത്. ആ ക്രൂരദൃശ്യങ്ങൾ ഇന്നും കേരള മനഃസാക്ഷിയില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ദൃശ്യങ്ങള്‍ കിട്ടാനില്ലെന്ന റിപ്പോര്‍ട്ട് നല്‍കി പ്രതികളായ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയായിരിന്നു. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ കൊണ്ട് കോണ്‍ഗ്രസ് ഇതിന് മറുപടി പറയിപ്പിക്കും. എപ്പോഴും പിണറായി വിജയനായിരിക്കില്ല മുഖ്യമന്ത്രിയെന്നത് ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മനസ്സില്‍ കുറിച്ചുവെച്ചേക്കണമെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

അന്ന് പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് പരാതിക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. എന്നിട്ടും ഈ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന വാദം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ സംരക്ഷിക്കുന്നതിനായി കേരള പോലീസിന്റെ വിശ്വാസ്യത വീണ്ടും തകര്‍ത്ത് ഒരു കൂട്ടം ഇടതു രാഷ്ട്രീയ അടിമകളായ ഉദ്യോഗസ്ഥര്‍ സേനയുടെ അന്തസ്സ് തന്നെ കളഞ്ഞു.

ഇപ്പോഴിതാ, അന്നത്തെ കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് വീണ്ടും തലവേദന. കോടതിയിൽ നിന്നും മുഖ്യന്റെ ഗൺമാൻമാർക്ക് വൻ തിരിച്ചടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന ‌റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതിയിൽ നൽകിയത്. മർദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് പോലീസ് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. നവകേരള യാത്രക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്മർ പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ചതച്ചത്.