പത്തനംതിട്ട: പാര്‍ട്ടിയിലും നാട്ടുകാര്‍ക്കിടയിലും ന്യായീകരണ ക്യാപ്‌സ്യൂളുകളൊന്നും ഏല്‍ക്കാത്ത അവസ്ഥയിലാണ് സിപിഎം ഉള്ളത്. കാപ്പാ കേസ് പ്രതിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന്റെ ക്ഷീണം ഇനിയും തീര്‍ന്നിട്ടില്ല. പത്തനംതിട്ടയില്‍ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ്, വീണാ ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡിവൈഎഫ്‌ഐക്കാരെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണെന്ന് അറിയിപ്പോള്‍ പാര്‍ട്ടി വീണ്ടും വെട്ടിലാകുകയാണ്.

പൊലീസ് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തിലാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് ഇയാളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അതേസമയം, മന്ത്രി വീണ ജോര്‍ജ്ജിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് രക്തഹാരം അണിയിച്ചതിന് പിന്നാലെ തുടങ്ങിയ വിവാദങ്ങള്‍ തീരുന്നില്ല. കാപ്പാ കേസ് പ്രതിക്കൊപ്പം പാര്‍ട്ടിയിലേക്കെത്തിയ കുമ്പഴ സ്വദേശി സുധീഷ് എസ്എഫ്‌ഐക്കാരെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലുള്ള പ്രതിയാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേ വ്യക്തിക്കെതിരെ വേറെയും ക്രിമിനല്‍ കേസുകളുണ്ട്.

2021 ഏപ്രില്‍ 4ന് വീണാ ജോര്‍ജ്ജിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതിയാണ്. വടിവാളും കമ്പിവടിയും ഹെല്‍മറ്റും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്‌ഐആര്‍. ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയതോടെ യുവാക്കളെല്ലാം ശരിയുടെ പക്ഷത്ത് ആയെന്ന് മന്ത്രി ആവര്‍ത്തിച്ച് വിശദീകരിക്കുന്നുണ്ട്.

മാത്രമല്ല, എംഎല്‍എമാര്‍ക്കെതിരായ കേസുകളോട് താരതമ്യം ചെയ്തും ന്യായീകരണം തീര്‍ത്തു മന്ത്രി. അതേസമയം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാന്‍ പോയ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്.

നേരത്തെ സിപിഎമ്മില്‍ ചേര്‍ന്ന ശരണ്‍ ചന്ദ്രന്‍ കാപ്പ കേസ് പ്രതിയല്ലെന്ന സിപിഎം വാദം തള്ളി ജില്ലാ പൊലീസ് മേധാവിയും രംഗത്തുവന്നിരുന്നു. പാര്‍ട്ടി നേതാക്കള്‍ പലവിധ ന്യായീകരണങ്ങളുമായി വിഷയം തണുപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ വാദങ്ങളെല്ലാം തള്ളി ശരണ്‍ ചന്ദ്രന്‍ കാപ്പ കേസിലെ പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പ്രതിയെ മാലയിട്ടു പാര്‍ട്ടിയിലേക്ക് ആനയിച്ചവര്‍ വെട്ടിലായി.

കാപ്പ കേസ് നിലവിലുള്ളപ്പോള്‍ ശരണ്‍ ചന്ദ്രന്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നും മറ്റൊരു ക്രിമിനല്‍ കേസില്‍ പ്രതിയായെന്നും നടപടികള്‍ തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി വി.അജിത്ത് പറഞ്ഞു. ശരണ്‍ ചന്ദ്രനൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ് പൊലീസ് രേഖകളില്‍ ഒളിവിലുള്ള പ്രതിയാണ്. ഇയാളെ ഉടന്‍ പിടിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജിന്റെയും സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെയും സാന്നിധ്യത്തിലാണ് അറുപതിലേറെ ബിജെപി അനുഭാവികള്‍ കഴിഞ്ഞ ആഴ്ച സിപിഎമ്മില്‍ ചേര്‍ന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സിപിഎമ്മില്‍ ചേര്‍ന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടി മന്ത്രിയെ വിമര്‍ശിച്ചിരുന്നു. ഇതോടെ സിപിഎം വിഷയത്തില്‍ വെട്ടിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ശരണ്‍ ചന്ദ്രനെതിരെ കാപ്പ ചുമത്തിയത്. ഇത് നില നില്‍ക്കുമ്പോഴാണ് നവംബറില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമക്കേസില്‍ പത്തനംതിട്ടയില്‍ പ്രതിയായത്. ഈ കേസില്‍ ഒന്നാം പ്രതിയായ ശരണ്‍ ചന്ദ്രന്‍ ഒളിവില്‍ പോയിരുന്നു. ശേഷം ഏപ്രില്‍ മാസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ അവസാനം ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതേ കേസിലെ 4ാം പ്രതിയാണ് ഇപ്പോളും രേഖകളില്‍ 'ഒളിവി'ലുള്ള സുധീഷ്.

ഇതിനിടെ സിപിഎമ്മില്‍ ചേര്‍ന്നയാളെ ലഹരിക്കേസില്‍ കുടുക്കി എന്നാരോപിച്ച് ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി ഇന്നലെ എക്സൈസ് ഓഫിസിലേക്കു നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് അവസാന നിമിഷം റദ്ദാക്കി. അതിനിടെ പുതുതായി സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവു കേസില്‍ പിടിയിലായതിനെ ന്യായീകരിച്ച് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ വീണ്ടും രംഗത്തുവന്നു. 'ഇദ്ദേഹം യുവ മോര്‍ച്ചയിലുള്ളപ്പോള്‍ നിങ്ങള്‍ക്കു ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ' എന്നാണ് മന്ത്രി പറഞ്ഞത്. 'എംഎല്‍എമാര്‍ക്കെതിരെ വരെ കേസുകളുണ്ടെന്നും, പുതുതായി വന്നവര്‍ ഒരു കാലത്തു ചെയ്ത രാഷ്ട്രീയം അവസാനിപ്പിച്ച് ശരിയായ പാതയിലേക്കു വരുന്നു എന്നതാണു പ്രധാന'മെന്നും മുന്‍ ഡിസിസി പ്രസിഡന്റുള്‍പ്പെടെ സിപിഎമ്മില്‍ വന്നെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു നയമുണ്ട് പൊലീസ് പൊലീസിന്റേതായ നടപടികളുമായി മുന്നോട്ടു പോകും. ആര് തെറ്റ് ചെയ്താലും സംരക്ഷിക്കപ്പെടില്ല. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ യുവമോര്‍ച്ചക്കാര്‍ വോട്ട് ചെയ്തെന്നും ഇക്കാര്യം പുറത്തു വരുമെന്ന ഭയം മൂലമാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും മന്ത്രി ആരോപിച്ചു.