- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ മോദി ഗവണ്‍മെന്റിനെ ഫാസിസ്റ്റ് ഗവണ്‍മെന്റ് ആയി വിശേഷിപ്പിക്കുന്നു; ഇന്ത്യയില്‍ ഫാസിസം നിലവില്‍ വന്നു എന്നാണ് സിപിഐ (എം.എല്‍) പ്രസ്താവിച്ചിരിക്കുന്നത്; സിപിഎം നിലപാട് അതില്‍ നിന്ന് വ്യത്യസ്തം; സിപിഎം പോളിറ്റ് ബ്യൂറോയുടെ ആ നയം മാറ്റം രഹസ്യമായിരുന്നില്ല; ചിന്തയില്‍ പ്രസിദ്ധീകരിച്ചത് ഫെബ്രുവരി 17ന്; നവഫാസിസം എന്ന പദപ്രയോഗത്തെ സംബന്ധിച്ച് സിപിഎം പറയുന്നതിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
തിരുവനന്തപുരം: രാജ്യത്ത് ഫാസിസം വന്നിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ പറയുമ്പോള്‍ സ്ഥിരീകരിക്കുന്നത് സിപിഎമ്മിന്റെ നയം മാറ്റം. ഫാസിസ്റ്റ് സര്‍ക്കാരെന്ന് മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്. പിണറായി സര്‍ക്കാരിനെ കുറിച്ചും പ്രതിപക്ഷ നേതാക്കള്‍ ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയാറുണ്ട്. അതുകൊണ്ട് ഫാസിസ്റ്റാകില്ലെന്നും ബാലന്‍ പറഞ്ഞു. മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് ഭരണകൂടം എന്ന് വിളിക്കാനാകില്ലെന്ന സിപിഎം രേഖ സംബന്ധിച്ചായിരുന്നു ബാലന്റെ പ്രതികരണം.
പത്രങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്ന ഈ രേഖ പുതിയതല്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഫെബ്രുവരിയില്‍ ചിന്ത വാരികയില്‍ പ്രസിദ്ധീകരിച്ചതാണെന്നും ബാലന്‍ പറഞ്ഞു. 'മോദി സര്‍ക്കാരിനെ കുറിച്ച് ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണെന്നാണ് ഞങ്ങള്‍ ആദ്യമേ പറയാറുള്ളത്. പ്രസംഗിക്കുമ്പോള്‍ എല്ലാവരും ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയും. പിണറായി വിജയനെ സംബന്ധിച്ചും പ്രതിപക്ഷ നേതാവ് പറയാറുണ്ട്. അതൊരു പ്രയോഗംകൊണ്ട് പറയുന്നതാണ്. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതലേ ഫാസിസ്റ്റ് സ്വഭാവം എന്നാണ് പറയുന്നത്. ഫാസിസം വന്നിട്ടില്ല. വസ്തുത വസ്തുയായിരിക്കണം. മോദി സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഫാസിസത്തെ സംബന്ധിച്ച ഞങ്ങളുടെ ധാരണയിലെ തെറ്റായി മാറുമത്. ഫാസിസത്തിലേക്ക് വരാന്‍ സാധ്യതയുള്ള സര്‍ക്കാരാണ്. അത് വരാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലെന്ന നിലയിലാണ് രാഷ്ട്രീയ പ്രമേയത്തില്‍ ഈയൊരു ഭാഗം വന്നത്' എ.കെ.ബാലന്‍ പറഞ്ഞു.
മോദി സര്‍ക്കാരിനെ ഫാസിസ്റ്റല്ലെന്ന് പറയാന്‍ സിപിഐ തയ്യാറല്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോട് ബാലന്‍ ഇങ്ങനെ പ്രതികരിച്ചു. 'സിപിഎമ്മും സിപിഐയും അടിസ്ഥാനപരമായി വ്യത്യാസമുള്ളത്കൊണ്ടാണല്ലോ രണ്ട് പാര്‍ട്ടികളായി നില്‍ക്കുന്നത്'. നവഫാസിസത്തില്‍ ഒരു വ്യക്തത വരുത്തണമെന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതിന്റെ ഭാഗമായി വന്നതാണ്. ഇത് സ്വകാര്യരേഖയല്ല. ഫെബ്രുവരിയില്‍ പോളിറ്റ്ബ്യൂറോ തയ്യാറാക്കി ചിന്ത പ്രസിദ്ധീകരിച്ച കാര്യമാണത്. ഇത് പൊതുരേഖയാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ഇത് ചര്‍ച്ചയാകണമെന്ന് തന്നെയാണ്. ഫാസിസം വന്നിട്ടുണ്ടെന്ന് തെളിയിക്കട്ടെ. അതിന് രേഖകളുണ്ടെങ്കില്‍ വെക്കട്ടെ. അതല്ല ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണ് ഉള്ളതെന്ന പാര്‍ട്ടിയുടെ അഭിപ്രായത്തിനൊപ്പമാണോ ജനങ്ങള്‍ നില്‍ക്കുന്നതെന്ന് വിലയിരുത്തലുണ്ടാകട്ടെ. ഇതില്‍ പുതുതായി ഒന്നുമില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. നയരേഖയില്‍ ആര്‍ക്കും ഭേദഗതിനിര്‍ദേശിക്കാമെന്നും ബാലന്‍ ചൂണ്ടിക്കാട്ടി
ചിന്തയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
നവഫാസിസം എന്ന പദപ്രയോഗത്തെ സംബന്ധിച്ച്
(സിപിഐ എം പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയത്)
1. കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഇങ്ങനെ പറയുന്ന: ''പിന്തിരിപ്പന്‍ ഹിന്ദുത്വ അജന്‍ഡ അടിച്ചേല്‍പ്പിക്കാനുള്ള നീക്കവും പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമര്‍ത്താനുള്ള അമിതാധികാരത്വരയുമാണ് നവഫാസിസ്റ്റ് സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നത്''. രാഷ്ട്രീയ പ്രമേയത്തിന്റെ ദേശീയ സ്ഥിതിയെക്കുറിച്ചുള്ള ഭാഗത്ത് ഇതാദ്യമായിട്ടാണ് നാം 'നവഫാസിസ്റ്റ്' എന്ന പദം ഉപയോഗിക്കുന്നത്.
2. ഇതിനുമുമ്പ് 22ാം കോണ്‍ഗ്രസില്‍ അമിതാധികാര ഹിന്ദുത്വ ആക്രമണങ്ങള്‍ ''വളര്‍ന്നുവന്ന ഫാസിസ്റ്റ് സ്വഭാവമുള്ള പ്രവണതകള്‍'' പ്രകടിപ്പിക്കുന്നതായി നാം പ്രസ്താവിച്ചു. 23ാം കോണ്‍ഗ്രസില്‍ മോദി ഗവണ്‍മെന്റ് ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് സ്വഭാവമുള്ള അജന്‍ഡ നടപ്പിലാക്കുന്നതായും നാം പറഞ്ഞു.
3. ''നവഫാസിസം'' എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ് 'നവം' എന്നതിന്റെ അര്‍ത്ഥം പുതിയത് എന്നോ പഴയ എന്തിന്റെയെങ്കിലും സമകാലിക രൂപം എന്നോ ആണ്. യൂറോപ്പില്‍ രണ്ട് മഹായുദ്ധങ്ങള്‍ക്കിടയില്‍, മുസോളിനിയുടെ ഇറ്റലിയിലെപ്പോലെയോ ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയിലെപ്പോലെയോ വളര്‍ന്നുവന്ന ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്ന് ഇപ്പോഴത്തേതിനെ വേര്‍തിരിക്കാനാണ് നവഫാസിസം എന്ന പദം ഉപയോഗിക്കുന്നത്. ഈ കാലഘട്ടത്തില്‍ ലോക മുതലാളിത്ത പ്രതിസന്ധി 1929 മുതല്‍ 1933 വരെ നീണ്ടുനിന്ന വന്‍ സാമ്പത്തിക മാന്ദ്യത്തില്‍ കലാശിച്ചു. സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങള്‍ക്ക് മൂര്‍ച്ചകൂടി. ഒന്നാം ലോകയുദ്ധവും, രണ്ടാം ലോകയുദ്ധവും സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങളുടെ ഫലമായിരുന്നു. അധികാരം പിടിച്ചെടുത്തതിനുശേഷം ഫാസിസ്റ്റ് ശക്തികള്‍ ബൂര്‍ഷ്വാ ജനാധിപത്യം നിര്‍ത്തലാക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി യുദ്ധത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഈ രാഷ്ട്രങ്ങളിലെ കുത്തക മൂലധനം ഫാസിസ്റ്റ് ശക്തികളെ പൂര്‍ണ്ണമായി പിന്തുണച്ചു. പ്രതിസന്ധി മറികടക്കാനായി ഏറ്റവും തീവ്രമായ നടപടികള്‍ സ്വീകരിക്കുന്നതിന് കുത്തക മുതലാളിമാര്‍ ഫാസിസ്റ്റ് ശക്തികളെ ആശ്രയിച്ചു.
4. നവഫാസിസത്തിന്റെ ചില അംശങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന ഫാസിസത്തിലേതുപോലെ തന്നെയാണ്. ചരിത്രപരമായ തെറ്റുകളുടെയും, അനീതികളുടെയും ഫലമെന്ന് നിരീക്ഷിക്കപ്പെടുന്ന വികാരങ്ങളുടെ അടിത്തറയില്‍ ഉണ്ടാകുന്ന തീവ്ര ദേശീയത, വംശീയമോ, മതപരമോ, ഗോത്രപരമോ ആയ ഒരു ന്യൂനപക്ഷത്തെ അപരരായി കാണുന്ന രീതി, തീവ്ര വലതുപക്ഷ നവഫാസിസ്റ്റ് ശക്തികള്‍ക്കും, പാര്‍ട്ടികള്‍ക്കും വന്‍കിട ബൂര്‍ഷ്വാസി നല്‍കുന്ന പിന്തുണ എന്നിവ പഴയതുപോലെ തന്നെയാണ്. ഇന്ത്യയില്‍ നവഫാസിസത്തെ രൂപപ്പെടുത്തുന്നത് ആര്‍എസ്എസും ഹിന്ദുത്വ പ്രത്യയശാസ്ത്രവുമാണ്. ഇവ ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന് നമ്മുടെ പാര്‍ട്ടി പരിപാടിയില്‍ പറയുന്നുണ്ട്. ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ അധികാരത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ഹിന്ദുത്വ സങ്കുചിത പ്രത്യയശാസ്ത്രം, നവലിബറല്‍ പ്രതിസന്ധി, വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പര്യമനുസരിച്ച് അമിതാധികാരം അടിച്ചേല്‍പ്പിക്കല്‍ എന്നിവ നവഫാസിസത്തിന്റെ ആദിമ രൂപത്തില്‍ ഉള്‍പ്പെടുന്നവയാണ്.
5. നവഫാസിസം നവലിബറലിസത്തിന്റെ പ്രതിസന്ധിയുടെ ഉല്‍പ്പന്നവും ഒരു ആഗോള പ്രവണതയുമാണ്. നവഫാസിസ്റ്റ് ശക്തികള്‍ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ രൂപംകൊണ്ടിട്ടുണ്ട്. ചിലതില്‍ അവ അധികാരത്തില്‍ വന്നിട്ടുണ്ട്. 1930 കളില്‍ നിന്ന് വ്യത്യസ്തമായി സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങള്‍ ഇപ്പോള്‍ ആഗോള ധനമൂലധനത്തിന്റെ വളര്‍ച്ച കാരണം നിശബ്ദമായിരിക്കുന്നു. അതുകൊണ്ട് സാമ്രാജ്യത്വ ശത്രുക്കള്‍മൂലം നവഫാസിസ്റ്റ് ഭരണകൂടങ്ങള്‍ യുദ്ധത്തിന് മുതിരാറില്ല. നവലിബറല്‍ പ്രതിസന്ധിയും ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന അസംതൃപ്തിയും തീവ്ര വലതുപക്ഷ നവഫാസിസ്റ്റ് ശക്തികള്‍ ജനപ്രിയ വായാടിത്തം വഴിയാണ് മുതലെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അധികാരത്തില്‍ വരുമ്പോള്‍ അവര്‍ നവലിബറല്‍ നയങ്ങളില്‍ നിന്നും പിന്മാറാറില്ല. പകരം വന്‍കിട മൂലധനത്തിന്റെ താല്‍പര്യങ്ങളനുസരിച്ച് അവര്‍ അതേ നയങ്ങള്‍ തന്നെ പിന്തുടരുന്നു. ക്ലാസിക്കല്‍ ഫാസിസവുമായുള്ള മറ്റൊരു വ്യത്യാസം, നവഫാസിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ ദൗത്യവുമായി മുന്നേറുന്നതിനായി തിരഞ്ഞെടുപ്പുകളെ ഉപയോഗിക്കുന്നു എന്നതാണ്. അധികാരത്തില്‍ വന്നതിനുശേഷവും അവര്‍ തിരഞ്ഞെടുപ്പ് സമ്പ്രദായം കൈവിടാറില്ല. അവര്‍ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉപയോഗിക്കുകയും അതേസമയം പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയും, നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനുവേണ്ടി അമിതാധികാര രീതികള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. അവര്‍ ഭരണകൂടത്തിനുള്ളില്‍ നിന്നുതന്നെ ദീര്‍ഘകാലം ജോലി ചെയ്ത് ഭരണകൂടത്തിന്റെ ഘടനയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുന്നതിനുവേണ്ടി ശ്രമിക്കുന്നു.
6. ബിജെപി ആര്‍എസ്എസിന്റെ കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയ സംവിധാനം ''നവഫാസിസ്റ്റ് സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന'' ഹിന്ദുത്വ കോര്‍പ്പറേറ്റ് അമിതാധികാര ഭരണമാണെന്ന് നാം പ്രസ്താവിച്ചിട്ടുണ്ട്. മോദി ഗവണ്‍മെന്റ് ഒരു ഫാസിസ്റ്റ് അല്ലെങ്കില്‍ നവഫാസിസ്റ്റ് ഗവണ്‍മെന്റ് ആണെന്ന് നാം പറയുന്നില്ല. ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റ് ഭരണകൂടമായി നാം വിശേഷിപ്പിക്കുന്നില്ല. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ഘടകമായ ബി.ജെ.പിയുടെ പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിന്‍ കീഴില്‍ ബി.ജെ.പി ആര്‍.എസ്.എസിന്റെ കയ്യില്‍ രാഷ്ട്രീയാധികാരത്തിന്റെ ദൃഢീകരണം സംഭവിച്ചിട്ടുണ്ട്. അത് ''നവഫാസിസ്റ്റ് സവിശേഷതകളുടെ'' പ്രകടനത്തിലേക്ക് നയിച്ചിട്ടുണ്ട്. ''സവിശേഷതകള്‍'' എന്ന പദത്തിന്റെ അര്‍ത്ഥം പ്രവണതകള്‍ എന്നോ ലക്ഷണങ്ങള്‍ എന്നോ ആണ്. അവ ഫാസിസ്റ്റ് ഗവണ്‍മെന്റോ ഭരണ സംവിധാനമോ ആയിട്ടില്ല. അതുകൊണ്ട് ബിജെപി ആര്‍.എസ്.എസിനോട് ഏറ്റുമുട്ടി അവരെ തടഞ്ഞുനിര്‍ത്തിയില്ലെങ്കില്‍ ഹിന്ദുത്വ കോര്‍പ്പറേറ്റ് അമിതാധികാരം നവഫാസിസത്തിലേക്ക് നീങ്ങുമെന്നതിന്റെ അപകടത്തെക്കുറിച്ചാണ് രാഷ്ട്രീയ പ്രമേയം പറയുന്നത്.
7. ഈ നിലപാട് സി.പി.ഐയുടെയും, സിപിഐ (എം.എല്‍)ന്റെയും നിലപാടുകളില്‍ നിന്ന് ഭിന്നമാണ്. സി.പി.ഐ മോദി ഗവണ്‍മെന്റിനെ ഫാസിസ്റ്റ് ഗവണ്‍മെന്റ് ആയി വിശേഷിപ്പിക്കുന്നു. ഇന്ത്യയില്‍ ഫാസിസം നിലവില്‍ വന്നു എന്നാണ് സി.പി.ഐ (എം.എല്‍) പ്രസ്താവിച്ചിരിക്കുന്നത്.