പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍, സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നതിന് മുന്‍പേ മാധ്യമങ്ങളിലൂടെ സൂചന നല്‍കിയതിന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. ആറന്മുള, കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിലാണ് സംസ്ഥാന സെന്റര്‍ ഇദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടത്.

പാര്‍ട്ടി ചര്‍ച്ച കൂടാതെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് എന്തിന് സംസാരിച്ചു, ഏത് ഘടകത്തില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഇമെയില്‍ വഴി വിശദീകരണം തേടിയിരിക്കുന്നത്. ആറന്മുളയില്‍ വീണാ ജോര്‍ജ്ജും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും വീണ്ടും മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചയാളാണ് വീണാ ജോര്‍ജെന്നും അതുകൊണ്ട് ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വിജയിക്കുമെന്നും രാജു എബ്രഹാം അഭിപ്രായപ്പെട്ടിരുന്നു. കോന്നിയുടെ വികസന നായകനായ ജനീഷ് കുമാര്‍ വീണ്ടും മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും ജില്ലയിലെ അഞ്ച് എംഎല്‍എമാരും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി ഘടകങ്ങള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി നിയമസഭാ തെരഞ്ഞെടുപ്പിന് ഇത്രയും നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായാണ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ ഒഴിവാക്കാനാണ് സി.പി.എം ആലോചിക്കുന്നത്. അതായത് എം.എല്‍.എമാര്‍ക്ക് രണ്ടു തവണ, മന്ത്രിമാര്‍ക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാനാണ് ആലോചിക്കുന്നത്. വിജയസാധ്യത കണക്കിലെടുത്താണ് ഈ ടേം വ്യവസ്ഥ മാറ്റുന്നത്. മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ പരിചയ സമ്പന്നരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് നിന്ന് വീണ്ടും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതുപോലെ വീണ ജോര്‍ജ്, ടി.പി. രാമകൃഷ്ണന്‍, കെ.കെ. ശൈലജ എന്നിവരെയും മത്സരിപ്പിക്കാനാണ് ആലോചന.