മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിലെ കൂറുമാറ്റത്തില്‍ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി ഫോണ്‍ കോള്‍ പുറത്ത്. കൂറുമാറിയ പഞ്ചായത്ത് അംഗം നുസൈബയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചാണ് എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നത്, ഒരു ദാക്ഷിണ്യവും നിന്നോടും നിന്റെ കുടുംബത്തോടും ഉണ്ടാകില്ലെന്നുമാണ് ഭീഷണി. അതിനിടെ നുസൈബയുടെ കൂറുമാറ്റത്തില്‍ സിപിഎം ഭീഷണിയ്ക്ക് പിന്നാലെ. നുസൈബയുടെ ഭര്‍ത്താവിനെ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം.ആര്‍.ജയചന്ദ്രനും ഭീഷണിപ്പെടുത്തി. സി.പി.എമ്മിനെ ചതിച്ചാല്‍ തുടര്‍ന്നുള്ള ജീവിതം പ്രയാസമാകുമെന്നായിരുന്നു മുന്നറിയിപ്പ്.

പി.വി.അന്‍വറിനൊപ്പം നിന്നാല്‍ ഭാവിയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും, പാര്‍ട്ടിയെ കുത്തിയാണ് നീ പോവുന്നത്, അത് ഓര്‍മവെച്ചോ എന്നായിരുന്നു ടി.രവീന്ദ്രന്റെ മുന്നറിയിപ്പ്. ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത് കഴിഞ്ഞദിവസമായിരുന്നു. എല്‍.ഡി.എഫിന് വലിയ തിരിച്ചടിയാണ് ഇതിലൂടെ സംഭവിച്ചത്. സംഘര്‍ഷവും ഇതിനെത്തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ഏരിയാ സെക്രട്ടറിയുടേത് എന്ന് കരുതുന്ന ഭീഷണി കോളും പുറത്തുവന്നിരിക്കുന്നത്. പി.വി.അന്‍വറിനെ കണ്ടിട്ടാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കമെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സുധീറിന് ലഭിച്ച ഭീഷണിയിലുള്ളത്.

'അങ്ങനെയൊരു നിലപാട് നിങ്ങളെടുത്തിട്ടുണ്ടെങ്കില്‍ നമ്മള്‍ക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ അന്‍വറെ കണ്ടിട്ട് ഈ തീരുമാനമെടുത്തത് ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകും. പാര്‍ട്ടിയെ കുത്തിയിട്ടാണ് നിങ്ങള്‍ പോകുന്നത്. അതോര്‍മ്മവെയ്ക്കണം. ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല. പാര്‍ട്ടിയെ പുറത്തുനിന്ന് കുത്തിയിട്ടാണ് നിങ്ങള്‍ പോകുന്നത്.

നിങ്ങള്‍ അന്‍വറിന്റെ പിന്നാലെയല്ലേ നടക്കുന്നത് അങ്ങനെത്തന്നെ നടന്നോ. നമുക്ക് നോക്കാം. അന്‍വര്‍ എന്താണ് എന്നത് എനിക്കറിയാം. സ്വന്തം കാര്യത്തിനുവേണ്ടിമാത്രം നില്‍ക്കുന്നയാളാണയാള്‍. ഞങ്ങള്‍ക്ക് ആറോ എട്ടോ മാസം ഭരണം പോകുമെന്നേയുള്ളൂ. കരുതിയിരുന്നോളൂ.' ഭീഷണി സന്ദേശത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ.

സി.പി.എം അംഗമായിരുന്ന നുസൈബ യു.ഡി.എഫിന് ഒപ്പം നിന്ന് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫിന് ഭരണം നഷ്ടമാവുകയും ചെയ്തു. ഇതിന് ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റുകൂടിയായ നുസൈബയുടെ ഭര്‍ത്താവിന് ഭീഷണി ഫോണ്‍കോള്‍ എത്തിയത്. ചുങ്കത്തറയിലെ കൂറ് മാറ്റത്തെ തുടര്‍ന്നുള്ള വാക്‌പോരിന് പിന്നാലെയാണ് ഭീഷണി.

2020-ലെ തിരഞ്ഞെടുപ്പില്‍ 10 വീതം അംഗങ്ങളാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചിരുന്നത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ വത്സമ്മ സെബാസ്റ്റ്യന്‍ പഞ്ചായത്ത് പ്രസിഡന്റായി. ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിലും യു.ഡി.എഫിന് തന്നെയായിരുന്നു വിജയം. എന്നാല്‍ 15 മാസത്തെ ഭരണം പൂര്‍ത്തിയായപ്പോഴേക്കും മുസ്ലിംലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചിരുന്ന എം.കെ. നജ്മുന്നീസയെ യു.ഡി.എഫില്‍ നിന്ന് അടര്‍ത്തിയെടുത്ത് എല്‍.ഡി.എഫിന്റെ ഭാഗമാക്കിയാണ് പഞ്ചായത്തില്‍ ഇടതുഭരണം കൊണ്ടുവന്നത്.

അന്ന് അതിന് നേതൃത്വംകൊടുത്തിരുന്നത് അന്നത്തെ എം.എല്‍.എ. ആയിരുന്ന പി.വി. അന്‍വര്‍ ആയിരുന്നു. ഇപ്പോള്‍ ഇടതുപക്ഷ ഭരണത്തില്‍നിന്ന് ചുങ്കത്തറ പഞ്ചായത്തിനെ യു.ഡി.എഫ്. പക്ഷത്ത് എത്തിച്ചതും എം.എല്‍.എ. സ്ഥാനം രാജിവെച്ച പി.വി. അന്‍വര്‍തന്നെയാണെന്നതാണ് ശ്രദ്ധേയം.