- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാസ്ത്രജ്ഞര് വയനാട്ടിലേക്ക് പോകരുത് മിണ്ടരുത്! സര്ക്കാരിന് ഹിതകരമല്ലാത്ത അഭിപ്രായം തടയാനോ? വിമര്ശനം പെരുകുന്നു; അനാവശ്യമെന്ന് തുമ്മാരുകുടി
മേപ്പാടി: വയനാട് ഉരുള്പൊട്ടലിനെ കുറിച്ച് ഉദ്യോഗസ്ഥര് മാത്രമല്ല ശാസ്ത്രജ്ഞരും ഒന്നും മാധ്യമങ്ങളോട് മിണ്ടരുതെന്ന് സര്ക്കാര് ഉത്തരവിനെതിരെ ശക്തമായ വിമര്ശനം ഉയരുന്നു. ഇടത് അനുഭാവികള് പോലും ഉത്തരവിന് എതിരെ രംഗത്തെത്തി. എന്നാല്, ദുരന്ത സമയത്ത് നിയന്ത്രണങ്ങള് ആവശ്യമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെ. യാതൊരു ന്യായീകരണവും ഇല്ലാത്ത നിര്ദേശമെന്നും ശാസ്ത്ര സ്ഥാപനങ്ങള്ക്ക് സ്വതന്ത്രമായി പഠിക്കാനും നിഗമനങ്ങളില് എത്താനും കഴിയണമെന്നും ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. തട്ടിക്കൂട്ട് ശാസ്ത്രം റിപ്പോര്ട്ട് വേണ്ട എന്നല്ലേ ഉദ്ദേശിച്ചത്
എന്ന്് മറുവിഭാഗം ചോദിക്കുന്നു.
സര്ക്കാരിന് ഹിതകരമല്ലാത്ത ശാസ്ത്ര പഠനങ്ങള് തല്ക്കാലം വെളിച്ചം കാണാതിരിക്കാനുള്ള ഇടപെടലാണിതെന്നും ചിലര് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഇന്ത്യന് എക്സ്പ്രസ്സില് വന്ന ഒരു ലേഖനം ഉദാഹരണം. പ്രകൃതി ദുരന്തങ്ങള്ക്ക് പിന്നിലെ വിവിധങ്ങളായ കാരണങ്ങള് വിശദീകരിക്കുന്നതിനിടയില് കേരളത്തിലെ അറിയപ്പെടുന്ന ഒരു ജിയോളജിസ്റ്റ് പറഞ്ഞത് ഇങ്ങനെയാണ്: ' അപകട സാധ്യതയുള്ള മേഖലകളില് നിര്മ്മാണ അനുമതി നല്കുമ്പോള്, മനുഷ്യ നിര്മ്മിത ഘടകങ്ങള് സ്ഥിതിഗതികള് കൂടുതല് വഷളാക്കുന്നു ". ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ തൊട്ടടുത്ത വാചകം തന്റെ പേര് വെളിപ്പെടുത്തരുത് എന്നായിരുന്നു. കാരണം പേര് വെളിപ്പെടുത്തിയാല് സര്ക്കാരിന്റെ കോപത്തിന് ഇരയാവുകയും കഷ്ട നഷ്ടങ്ങള് ഉണ്ടാവുകയും ചെയ്യും.
പയ്യന്നൂര് സ്വദേശിയായ സഹദേവന് കെയുടെ കുറിപ്പ് വായിക്കാം:
മിണ്ടരുത്
ഇതുവരെ സൈബര് കടന്നലുകള് മാത്രമായിരുന്നു. ഇപ്പോഴിതാ ഔദ്യോഗിക ഭരണകൂട ആജ്ഞ തന്നെ വാറോലയായി പുറത്തിറങ്ങിയിരിക്കുന്നു. ഉത്തര കൊറിയയിലല്ല. കേരളത്തില് തന്നെ. ശാസ്ത്രജ്ഞരോടാണ്, ഉരുള്പൊട്ടലുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായങ്ങള് പറയുന്നതില് നിന്നും വിട്ടു നില്ക്കാനാണ് ആജ്ഞ. സര്ക്കാര് വിദഗ്ദ്ധര് എഴുതിത്തരും അത് പറയേണ്ട സമയത്ത് പറഞ്ഞാല് മതി.
സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളില് കേരളം എവിടെ എത്തി നില്ക്കുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണം കൂടി ഇതാ.
കഴിഞ്ഞ ദിവസത്തെ ഇന്ത്യന് എക്സ്പ്രസ്സില് വന്നതാണ്. പ്രകൃതി ദുരന്തങ്ങള്ക്ക് പിന്നിലെ വിവിധങ്ങളായ കാരണങ്ങള് വിശദീകരിക്കുന്നതിനിടയില് കേരളത്തിലെ അറിയപ്പെടുന്ന ഒരു ജിയോളജിസ്റ്റ് ഇങ്ങനെ പറയുകയുണ്ടായി: 'അപകടകരമായ മേഖലകളില് നിര്മ്മാണ അനുമതികള് നല്കുമ്പോള് മനുഷ്യനിര്മിത ഘടകങ്ങള് സ്ഥിതിഗതികള് കൂടുതല് വഷളാക്കുന്നു ".അദ്ദേഹത്തിന്റെ തൊട്ടടുത്ത വാചകം തന്റെ പേര് വെളിപ്പെടുത്തരുത് എന്നായിരുന്നു.
സര്ക്കാര് ഉത്തരവിനെ വിമര്ശിച്ച് മുരളി തുമ്മാരുകുടിയും രംഗത്തെത്തി
ദുരന്തവും ശാസ്ത്രവും
ദുരന്ത പ്രദേശത്തേക്ക് ശാസ്ത്രജ്ഞര് ഒന്നും വരേണ്ടെന്നും, അവര് മാധ്യമങ്ങളോട് അഭിപ്രായം പറയരുതെന്നും, പഠനങ്ങള് നടത്തണമെങ്കില് മുന്കൂര് അനുമതി വേണം എന്നുമൊക്കെ വാര്ത്ത കാണുന്നു. ഏതൊരു ദുരന്തം ഉണ്ടാകുമ്പോഴും അതിനെ ശാസ്ത്രീയമായി പഠിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. അങ്ങനെയാണ് അവിടെയും മറ്റുള്ളിടത്തും ദുരന്തങ്ങള് ഒഴിവാക്കുന്നത്. ദുരന്തം പഠിക്കാന് കൂടുതല് ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയും അവര്ക്ക് വേണ്ടത്ര ധനസഹായവും, വിവരങ്ങളും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ആണ് വേണ്ടത്.
ദുരന്തത്തെ പറ്റി ശാസ്ത്രീയമായി അറിവുള്ളവര് മാധ്യമങ്ങളോട് സംസാരിക്കുന്നത് നിയന്ത്രിക്കുന്നതൊന്നും ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്റെ രീതിയല്ല. ശാസ്ത്രം അറിയാവുന്നവരെ സംസാരിക്കുന്നതില് നിന്നും വിലക്കിയാല് ബാക്കി വരുന്നത് കപടശാസ്ത്രക്കാരും ഊഹാപോഹക്കാരും ആണ്. അവരെ ആരും നിയന്ത്രിക്കാനുണ്ടാവില്ല. നമ്മുടെ മാധ്യമ ചര്ച്ചകളില് ഇതൊക്കെ ഇപ്പോള് തന്നെ നാം കാണുന്നതല്ലേ. അത് ശാസ്ത്രത്തിനോ സമൂഹത്തിനോ ഗുണകരമല്ല. അനാവശ്യമായ ഒരു നിര്ദ്ദേശങ്ങള് ആണെന്നാണ് എന്റെ അഭിപ്രായം, പുനഃപരിഗണിക്കപ്പെടുമെന്നാണ് വിശ്വാസം.
മുരളി തുമ്മാരുകുടി
വയനാട് ഉരുള്പൊട്ടലിനെ കുറിച്ച് ഉദ്യോഗസ്ഥര് മാത്രമല്ല ശാസ്ത്രജ്ഞരും ഒന്നും മാധ്യമങ്ങളോട് മിണ്ടരുതെന്ന് റവന്യു-ഡിസാസ്റ്റര് മാനേജ്മെന്റ് പ്രിന്സിപ്പല് സെക്രട്ടറി ടിങ്കു ബിസ്വാളാണ്, ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി പ്രൊഫ. കെ പി സുധീറിന് ഉത്തരവ് അയച്ചത്.
ദുരന്ത ബാധിത മേഖലയായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലേക്ക് സംസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങള് ഫീല്ഡ് വിസിറ്റ് നടത്തരുതെന്ന് നിര്ദ്ദേശിക്കണം. മാധ്യമങ്ങളുമായി ശാസ്ത്രജ്ഞര് തങ്ങളുടെ പഠന റിപ്പോര്ട്ടുകളോ, അഭിപ്രായങ്ങളോ പങ്കുവയ്ക്കരുത്. ദുരന്ത ബാധിത മേഖലയില് എന്തെങ്കിലും പഠനം നടത്തണമെങ്കില് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്കൂര് അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്.
ഉരുള്പൊട്ടല് മേഖലയില് നിന്ന് മാധ്യമങ്ങളെ അകറ്റി നിര്ത്താനാണ് സര്ക്കാരിന്റെ ശ്രമം. പഠന റിപ്പോര്ട്ടുകള് പങ്കുവയ്ക്കുന്നതിന് എന്തിന് വിലക്കേര്പ്പെടുത്തണമെന്ന ചോദ്യം ഉയരുന്നുണ്ട്. ദുരന്തത്തിന്റെ ശാസ്ത്രീയമായ കാരണങ്ങള് വിലയിരുത്താന് പഠന റിപ്പോര്ട്ടുകള് അനിവാര്യമല്ലേ എന്നും ചോദ്യം ഉയരുന്നു.
ഉരുള്പൊട്ടലിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതില് നിന്ന് ഉദ്യോഗസ്ഥര്ക്ക് സംസ്ഥാന സര്ക്കാര് നിയന്ത്രണം ഏര്പ്പെടുത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്ട്ടു ചെയ്തിരുന്നു. ചീഫ് സെക്രട്ടറി വി വേണു വിളിച്ചുചേര്ത്ത യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം സര്ക്കാര് കൈക്കൊണ്ടത്. മാധ്യമങ്ങളോട് സംസാരിക്കാന് ഉന്നത ഉദ്യോഗസ്ഥര്ക്ക് മാത്രമാണ് അനുമതി നല്കിയിരിക്കുന്നത്. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര് മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് നിര്ദേശമെന്നാണ് വാര്ത്ത.
ദുരന്തനിവാരണ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്ന ഇന്സിഡന്റ് കമാന്ഡറിനും ജില്ലാ കളക്ടര്ക്കും മാത്രമേ പ്രാദേശിക മാധ്യമ സമ്പര്ക്കം പുലര്ത്താന് അനുവാദമുള്ളൂ എന്നാണ് സര്ക്കുലറില് നിര്ദേശിച്ചിരിക്കുന്നത്. 'മറ്റൊരു ഉദ്യോഗസ്ഥനും മാധ്യമങ്ങളുമായി സംവദിക്കുകയോ വിവരങ്ങള് പങ്കിടുകയോ ചെയ്യരുത്' എന്നാണ് ഉദ്യോഗസ്ഥര്ക്കുള്ള നിര്ദേശം. അതേസമയം ഇത്തരമൊരു തീരുമാനത്തിലേക്ക് സര്ക്കാറിനെ എത്തിച്ചത് എന്തു കാരണം കൊണ്ടെന്ന് വ്യക്തമല്ല.
ഇത്രയും വിപുലമായ രക്ഷാപ്രവര്ത്തനം നടക്കുമ്പോള് എന്തിനാണ് ഇത്തരമൊരു തീരുമാനം സര്ക്കാര് കൈക്കൊണ്ടതെന്ന ചോദ്യങ്ങളും വിമര്ശനങ്ങളും ഉയരുന്നുണ്ട്. സുതാര്യതയാണ് രക്ഷാപ്രവര്ത്തനത്തില് വേണ്ടതെന്നതാണ് ആഗോളതലത്തില് ഉയരുന്ന വാദം. എന്നിട്ടും മാധ്യമങ്ങളിലൂടെ ജനങ്ങള് വിവരങ്ങള് അറിയരുത് എന്ന് ശഠിക്കുന്നത് സര്ക്കാറിന്റെ തെറ്റായ നയമാണെന്ന് മാധ്യപ്രവര്ത്തകര് വിമര്ശിക്കുന്നു.