- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സയനൈഡ് അച്ഛന്‍ ഉള്ളപ്പോള്‍ തന്നെ കൈവശം ഉണ്ടായിരുന്നു; ഈ സ്വത്തുക്കള്‍ ഒരു പെണ്ണിന്റെ ശാപം; ഉണ്ണിക്ക് നല്‍കരുത്; ഉണ്ണിയോട് താന്‍ കാലുപിടിച്ചു കരഞ്ഞുവെന്നും ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്നും ഗ്രീമ; കമലേശ്വരത്തെ ആത്മഹത്യയില്‍ നടുക്കുന്ന വെളിപ്പെടുത്തലുകള്‍; അയര്‍ലണ്ടിലെ ലക്ചര്‍ അഴിക്കുള്ളിലാകും

തിരുവനന്തപുരം: കമലേശ്വരത്ത് റിട്ട. അഗ്രികള്‍ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ രാജീവിന്റെ ഭാര്യ സജിതയെയും മകള്‍ ഗ്രീമയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്ന ഒന്നായി മാറിയിരിക്കുന്നു. മകളുടെ വിവാഹജീവിതം തകര്‍ന്നതിലെ അപമാനവും ഭര്‍ത്താവിന്റെ ക്രൂരമായ അവഗണനയുമാണ് ഈ കുടുംബത്തെ മരണത്തിലേക്ക് നയിച്ചത്. മരണത്തിന് മുന്‍പ് ഇരുവരും എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ കണ്ണീരണിയിക്കുന്നതാണ്.
മൂന്ന് മാസം മുന്‍പാണ് ഗ്രീമയുടെ പിതാവ് രാജീവ് മരിച്ചത്. എന്നാല്‍ കുടുംബം ഒരു കൂട്ട ആത്മഹത്യയെക്കുറിച്ച് നേരത്തെ തന്നെ ചിന്തിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 'മരിക്കാനുള്ള സയനൈഡ് അച്ഛന്‍ ഉള്ളപ്പോള്‍ തന്നെ കൈവശം ഉണ്ടായിരുന്നു' എന്ന് ഗ്രീമ തന്റെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു മാറ്റമുണ്ടാകുമോ എന്ന അവസാന പ്രതീക്ഷയിലാണ് അവര്‍ കാത്തിരുന്നത്. ഒരു കൂട്ട ആത്മഹത്യ ഒഴിവാക്കാന്‍ അച്ഛനും അമ്മയും താനും കാത്തിരുന്നുവെന്നും എന്നാല്‍ അതിനിടയില്‍ അച്ഛന്‍ ഹൃദ്രോഗം മൂലം മരിച്ചതോടെ തങ്ങള്‍ കൂടുതല്‍ ഒറ്റപ്പെട്ടുപോയെന്നും ഗ്രീമ കുറിച്ചു.
ഗ്രീമയുടെ ഭര്‍ത്താവായ ഉണ്ണിക്കൃഷ്ണനില്‍ നിന്ന് ആറു വര്‍ഷത്തോളമായി നേരിടുന്ന മാനസിക പീഡനമാണ് മരണകാരണമെന്ന് അമ്മ സജിതയുടെ കുറിപ്പില്‍ പറയുന്നു. മരണത്തിന് തൊട്ടുമുന്‍പും ഉണ്ണിക്കൃഷ്ണനെ കണ്ട് സംസാരിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍ വെച്ച് ഉണ്ണി ഇവരെ അപമാനിച്ചു. ഉണ്ണിയോട് താന്‍ കാലുപിടിച്ചു കരഞ്ഞുവെന്നും ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്നും ഗ്രീമ വിങ്ങലോടെ എഴുതിയിരിക്കുന്നു.
'സ്വത്തുക്കള്‍ ഒരു പെണ്ണിന്റെ ശാപമാണ്; ഉണ്ണിക്ക് നല്‍കരുത്' തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം അമ്മാവന്മാര്‍ക്ക് നല്‍കണമെന്നാണ് ഗ്രീമയുടെയും സജിതയുടെയും അവസാന ആഗ്രഹം. 'ഈ സ്വത്തുക്കളെല്ലാം ഒരു പെണ്ണിന്റെ ശാപം വീണതാണ്. ഉണ്ണിയും സഹോദരന്മാരും അത് അനുഭവിക്കാന്‍ ഇടവരരുത്. അമ്മാവന്മാര്‍ അനുഭവിക്കുന്നതാണ് തനിക്കും അമ്മയ്ക്കും സന്തോഷം' - കുറിപ്പില്‍ പറയുന്നു.
ലോക്കറിലുള്ള 200 പവന്‍ സ്വര്‍ണം, കമലേശ്വരത്തെ വീട്, സ്ഥലം, പിതാവിന്റെയും മാതാവിന്റെയും കുടുംബസ്വത്തുക്കള്‍ എന്നിവയുടെ പ്രമാണങ്ങളും താക്കോലും അലമാരയില്‍ സുരക്ഷിതമായി വെച്ച ശേഷമാണ് ഇവര്‍ ജീവനൊടുക്കിയത്. ഹാളിലെ സോഫയില്‍ കൈകള്‍ കോര്‍ത്തുപിടിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ പിടിയില്‍ ഗ്രീമയുടെ ഭര്‍ത്താവായ ഉണ്ണിക്കൃഷ്ണനെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. അയര്‍ലന്‍ഡില്‍ കോളജ് ലക്ചററായ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചു. പൂന്തുറ പൊലീസ് ഉടന്‍ മുംബൈയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും.


