- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'രാജ്യദ്രോഹി, ഒറ്റുകാരന്'; ഇന്ത്യ - പാക്ക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരേ സൈബറാക്രമണം; മകളുടെ പൗരത്വവും റോഹിന്‍ഗ്യകള്‍ക്കു വേണ്ടിയുള്ള ഇടപെടലുകളും ആയുധമാക്കി ആരോപണങ്ങള്‍; സാമൂഹ്യ മാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു; മിസ്രിയെ പിന്തുണച്ച് ഐഎഎസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും
വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരേ സൈബറാക്രമണം
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ കടുത്ത സൈബറാക്രമണം. മിസ്രിയെയും അദ്ദേഹത്തിന്റെ മകള്‍ക്കുനേരെയും അധിക്ഷേപകരമായ കമന്റുകളാണ് സൈബറിടത്തില്‍ ഒരുവിഭാഗം ആളുകളില്‍ നിന്നുണ്ടായത്. രാജ്യദ്രോഹിയെന്നും ചതിയനെന്നുമുള്ള കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തത്. ഇന്ത്യ പാക്ക് സംഘര്‍ഷ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യത്തെ അറിയിക്കുന്നതിനു മുന്നില്‍നിന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകള്‍ക്കും നേരെയാണ് സൈബര്‍ ആക്രമണം. ഇതോടെ മിസ്രി സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു.
വെടിനിര്‍ത്തല്‍ തീരുമാനം ഉള്‍പ്പെടെ മാധ്യമങ്ങളോടു വിശദീകരിച്ച മിസ്രിയെ, ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടയാളെന്ന നിലയിലാണ് ഒരു വിഭാഗം വിമര്‍ശിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ ശേഷം പാക്കിസ്ഥാന്‍ ഇതു ലംഘിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കു പിന്നാലെയായിരുന്നു അധിക്ഷേപം. വഞ്ചകന്‍, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ അഴിച്ചുവിടുന്നത്.
ചിലര്‍ മിസ്രിയുടെയും മകളുടെയും പൗരത്വം തന്നെ ചോദ്യം ചെയ്തു. മിസ്രിയുടെ മകള്‍ അഭിഭാഷകയാണ്. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ചിലര്‍ കമന്റുകളുമായി വന്നത്. ഇതിന് പുറമെ ദി വയര്‍ എന്ന മാധ്യമസ്ഥാപനത്തിനെ അനുകൂലിച്ചെഴുതിയതിനെയും ചിലര്‍ വിമര്‍ശിച്ച് രംഗത്തെത്തി. സൈബര്‍ അധിക്ഷേപം രൂക്ഷമായതോടെ മിസ്രിയുടെ 'എക്‌സ്' അക്കൗണ്ട് ലോക്ക് ചെയ്തു.
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മിസ്രിയെ പിന്തുണച്ച് രംഗത്ത് വന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാംശിക്കെതിരെയും സൈബറാക്രമണം ഉണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതിനെതിരെ സംസാരിച്ചതിനാണ് അവര്‍ക്കെതിരെ ഒരുവിഭാഗം തിരിഞ്ഞത്.
മിസ്രിയ്ക്ക് പിന്തുണയുമായി മുന്‍ സഹപ്രവര്‍ത്തകര്‍, പ്രതിപക്ഷം, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും രംഗത്ത് വന്നിട്ടുണ്ട്. 'സിവില്‍ സര്‍വീസുകാര്‍ ഭരണത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്തരുത്.' എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ പേരില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെയും കുടുംബത്തെയും ആക്രമിക്കുന്നത് തികച്ചും ലജ്ജാകരമാണ്. മികച്ച നയതന്ത്രജ്ഞനായ മിസ്രി ഇന്ത്യയെ അര്‍പ്പണബോധത്തോടെ രാജ്യത്തെ സേവിക്കുന്നു. അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അഭിപ്രായപ്പെട്ടു.
1989 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ മിസ്രി പ്രധാനമന്ത്രിമാരായ ഐ.കെ.ഗുജ്‌റാള്‍, മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ഓപറേഷന്‍ സിന്ദൂറിനെ' കുറിച്ചുള്ള സര്‍ക്കാര്‍ വാര്‍ത്തസമ്മേളനങ്ങളില്‍ സര്‍ക്കാറിന്റെ മുഖമായിരുന്നു വിക്രം മിസ്രി. കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരോടൊപ്പം ഇന്ത്യയുടെ നീക്കങ്ങള്‍ വിശദീകരിച്ചത് വിക്രം മിസ്രിയായിരുന്നു. മിസ്രിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരണവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തി.