കോഴിക്കോട്: 'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ... സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ...' തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്രയു അധികം ഹിറ്റായ മറ്റൊരു പാരഡി ഗാനം ഉണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയ മുഴുവന്‍ വൈറലായതോടെ ഈ ഗാനം പ്രചരണത്തിനായി യുഡിഎഫും എന്‍ഡിഎ മുന്നണിയും ഏറ്റെടുത്തു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ ഗാനം.

ഇടതു മുന്നണിക്ക് വോട്ടു ചെയ്യാന്‍ തയ്യാറെടുത്തവര്‍ പോലും ഇതോടെ ഈ പാരഡിയുടെ മയക്കത്തില്‍ വീണു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നും പറയുന്ന ഈ പാട്ട് ഒരു തവണയെങ്കിലും കേള്‍ക്കാത്തവര്‍ ആരും ഉണ്ടാകില്ല.

'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ... സ്വര്‍ണപ്പാളികള്‍ മാറ്റിയേ, ശാസ്താവിന്‍ ധനമൂറ്റിയേ... സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ... ലോഹം മാറ്റിയതാരപ്പാ, സഖാക്കളാണേ അയ്യപ്പാ... ആചാരങ്ങളെ ലംഘിക്കാനായി അമ്മിണിമാരെ മലകേറ്റീ... അകവും പുറവും കൊള്ളയടിക്കാന്‍ നിയമിച്ചുള്ളത് ഒരു പോറ്റീ...- ഇങ്ങനെ പോകുന്നു പാട്ടിലെ വരികള്‍. 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ജനപ്രിയ ഭക്തിഗാനത്തിന്റെ പാരഡിയാണിത്.

ഇന്‍സ്റ്റഗ്രാമിലടക്കം സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡായ ഈ പാരഡിപ്പാട്ട് ഇപ്പോഴും നിരവധി പേരാണ് ഷെയര്‍ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഇന്ന് മാധ്യമങ്ങളെ കണ്ട കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥും ഈ ഗാനം പാടിയിരുന്നു. ഇതോടെ ആരാണ് ഈ പാട്ടിന് പിന്നിലെന്ന ചോദ്യങ്ങളും ഉയര്‍ന്നു. ഒടുവില്‍ തിരച്ചിലിന് ഒടുവില്‍ 'പോറ്റിയെ കേറ്റി' എന്ന വരികളുള്ള വൈറല്‍ ഗാനത്തിന് പിന്നിലെ കലാകാരനെ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി സ്വദേശിയായ ദാനിഷ് ആണ് 'സ്വര്‍ണം കട്ടവനാരപ്പ..' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ ഈ ഗായകനുവേണ്ടിയുള്ള അന്വേഷണം ശക്തമായിരുന്നു.

ഒരു ഇലക്ഷന്‍ വര്‍ക്ക് എന്ന നിലയില്‍ പ്രതീക്ഷിക്കാതെയാണ് പാട്ട് റെക്കോര്‍ഡ് ചെയ്തതെന്നും, എന്നാല്‍ അത് ഇത്രയേറെ വൈറലാകുമെന്ന് കരുതിയില്ലെന്നും ഗായകന്‍ ദാനിഷ് പ്രതികരിച്ചു. 'തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഈ പാട്ടിന് സാധിച്ചു' എന്ന് കമന്റ് സെക്ഷനുകളില്‍ പലരും അഭിപ്രായപ്പെട്ടതായും അദ്ദേഹം പറയുന്നു. പാടിയത് കൂട്ടിലങ്ങാടി സ്വദേശി ദാനിഷാണെങ്കിലും നാദാപുരത്തുള്ള പ്രവാസി ജി.പി. ചാലപ്പുറമാണ് വരികള്‍ രചിച്ചത്.

എല്‍ഡിഎഫിനെതിരായ വിമര്‍ശനമാണ് ഗാനത്തിന്റെ പ്രധാന ഉള്ളടക്കം. അതിനാല്‍ യുഡിഎഫിന് പുറമെ മറ്റ് പാര്‍ട്ടികളും ഈ ഗാനം പ്രചാരണത്തിനായി ഉപയോഗിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് നേട്ടമുണ്ടാക്കിയതിനൊപ്പം, ഗായകന്‍ ദാനിഷിന് പ്രശസ്തി നേടിക്കൊടുക്കാനും ഈ വൈറല്‍ ഗാനത്തിന് സാധിച്ചു. ഈപാട്ടെഴുതിയതിന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍, ഇതിപ്പോ ഒറിജിനല്‍ മറന്നല്ലോ, എന്തൊരു അര്‍ഥവത്തായ വരികള്‍, വയലാര്‍ എഴുതുമോ ഇതുപോലെ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഗാനത്തെ കുറിച്ചു വന്ന കമന്റുകള്‍.

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. കേസില്‍ ഇയാളെ കൂടാതെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസു, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു തുടങ്ങിയവരും അറസ്റ്റിലായിരുന്നു. ഇവര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.