- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ രണ്ടു ഓക്‌സോണിയന്‍സ് മാത്രമായിരുന്നില്ല മന്മോഹന് സിംഗും താനുമെന്നു വെളിപ്പെടുത്തിയത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍; പാക്കിസ്ഥാനെ ആക്രമിക്കാന്‍ വേണമെങ്കില്‍ ഇന്ത്യ തയ്യാറെന്നു മന്മോഹന് പറഞ്ഞത് തന്നോടെന്ന് കാമറോണ്‍ വെളിപ്പെടുത്തിയത് ഫോര്‍ ദി റെക്കോര്‍ഡ് എന്ന ആത്മകഥയില്‍; മോദിയേക്കാള്‍ ശക്തനായിരുന്നോ മന്‍മോഹന്‍ സിങ് എന്ന ചോദ്യവും നിഴലിക്കുന്നത് കാമറോണിന്റെ പുസ്തകത്തില്‍
മന്മോഹന് സിംഗിനെ കുറിച്ച് തന്റെ ആത്മകഥയില്‍ ഡേവിഡ് കാമറോണ്‍ പറഞ്ഞത്
കവന്‍ട്രി: അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും തമ്മില്‍ 34 വയസിന്റെ അന്തരമുണ്ട്. ഇരുവരും ഓക്‌സ്‌ഫോഡില്‍ പഠിച്ച കാലയളവില്‍ ആണെങ്കില്‍ അന്തരം 25 വര്‍ഷത്തിന്റെയും. തന്റെ ഡിഫില്‍ പഠനത്തിനായാണ് മന്‍മോഹന്‍ സിങ് 1960ല്‍ പഞ്ചാബില്‍ നിന്നും ഓക്‌സ്‌ഫോര്‍ഡില്‍ എത്തുന്നത്. എന്നാല്‍ ബിഎ ഫിലോസഫിയും പൊളിറ്റിക്സും പഠിക്കാന്‍ കാമറോണ്‍ ഓക്‌സ്‌ഫോഡില്‍ എത്തുന്നത് 1985 ലും.
സ്വാഭാവികമായും പ്രായത്തില്‍ നല്ല അന്തരം ഉള്ളതുകൊണ്ട് ഇവര്‍ക്കിടയില്‍ പൊതുവായ സാമ്യത അധികം കാണാന്‍ സാധ്യത കുറവാണ്. എന്നാല്‍ വെറും രണ്ടു ഓക്‌സോണിയന്‍സ് എന്ന നിലയില്‍ ഉള്ള ബന്ധം മാത്രം ആയിരുന്നില്ല തങ്ങള്‍ക്കിടയില്‍ എന്ന് കാമറോണ്‍ വെളിപ്പെടുത്തിയത് അഞ്ചു വര്‍ഷം മുന്‍പാണ്. ഫോര്‍ ദി റെക്കോര്‍ഡ് എന്ന തന്റെ ആത്മകഥാംശം ഉള്ള പുസ്തകത്തില്‍ താനും മന്‍മോഹന്‍ സിങ്ങും തമ്മില്‍ ഉണ്ടായിരുന്നത് അഗാധമായ സൗഹൃദത്തിന് അപ്പുറമുള്ള ബന്ധം ആയിരുന്നു എന്ന് കാമറോണ്‍ ഓര്‍മ്മിക്കുന്നു.
കാമറോണിനും മന്‍മോഹനും ഇടയില്‍ രൂപപ്പെട്ടത് അസാധാരണ സൗഹൃദം
ഇത് പറയാന്‍ കാമറോണിനെ പ്രേരിപ്പിച്ചത് മന്‍മോഹന്‍ അദ്ദേഹത്തോട് വെളിപ്പെടുത്തിയ വലിയൊരു അന്തരാഷ്ട്ര രഹസ്യമാണ്. മുംബൈയില്‍ 2008ല്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള പങ്കാളിത്തം ഇന്ത്യ ഉറപ്പിച്ചിരുന്നതിനാല്‍ മറ്റൊരു ആക്രമണം കൂടി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നെങ്കില്‍ നിശ്ചയമായും ഇന്ത്യ തിരിച്ചും ആക്രമിക്കുമായിരുന്നു എന്ന വലിയ രഹസ്യമാണ് മന്‍മോഹന്‍ സിങ് ഡേവിഡ് കാമറോണിനോട് വെളിപ്പെടുത്തിയത് എന്ന് അദ്ദേഹം അവകാശപ്പെട്ടത്. ഇക്കാര്യത്തില്‍ മന്‍മോഹന്‍ സിങ് കാമറോണിനെ വിശ്വസിക്കാന്‍ കാരണം അദ്ദേഹം പ്രധാനമന്ത്രിയായ സമയത്ത് പാക്കിസ്ഥാന് എതിരെ നടത്തിയ ശക്തമായ നിലപാടുകള്‍ കൂടിയാണ്. പൊതുവില്‍ ബ്രിട്ടന്‍ പാക്കിസ്ഥാനോട് പുലര്‍ത്തിയിരുന്ന സോഫ്റ്റ് കോര്‍ണര്‍ നിലപാടില്‍ മാറ്റം വന്നു തുടങ്ങിയത് കാമറോണ്‍ അധികാരത്തില്‍ വന്ന കാലഘട്ടം മുതലാണ്.
പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഇന്ത്യയുടെ നിലപാടുകളില്‍ കഴമ്പുണ്ട് എന്ന് ബ്രിട്ടന് ബോധ്യമായത് മുതല്‍ മാത്രമല്ല ഇന്ത്യ സാമ്പത്തികമായി ലോക ശക്തിയായി മാറുന്നു എന്ന തിരിച്ചറിവ് ബ്രിട്ടന് ഉണ്ടായതും ഈ നിലപാട് മാറ്റത്തിനു പ്രധാന കാരണമാണ്. ഇത് വ്യക്തമായതോടെയാണ് വലിയ പ്രാധാന്യമുള്ള രാജ്യ രഹസ്യം മന്‍മോഹന്‍ സിങ് ഡേവിഡ് കാമറോണുമായി പങ്കുവയ്ക്കാന്‍ കാരണമായത്. മാത്രമല്ല വിശ്വസിക്കാന്‍ കൊള്ളാവുന്ന രാഷ്ട്രീയ നേതാവ് എന്ന ഇമേജ് രണ്ടു പേര്‍ക്കും ഇടയില്‍ രൂപപ്പെട്ടതും പ്രധാന കാരണമായിരിക്കാം. കൂട്ടത്തില്‍ ഓക്‌സോണിയന്‍ പിന്‍ബലവും അദൃശ്യ കാരണമായി മാറിയിരിക്കാന്‍ ഉള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് പിന്നിലെ ചാലക ശക്തികള്‍ മന്‍മോഹനും മോദിയുമെന്നു ഡേവിഡ് കാമറോണ്‍
മുംബൈ താജ് ഹോട്ടല്‍ ആക്രമണം ഇന്ത്യയെ അത്രമേല്‍ മുറിവേല്‍പ്പിച്ചിരുന്നു എന്നതാണ് വേണ്ടി വന്നാല്‍ പ്രത്യാക്രമണത്തിനു പോലും സന്നദ്ധമാകാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതെന്നും ഡേവിഡ് കാമറോണ്‍ വിശ്വസിക്കുന്നു. തന്റെ നോട്ടത്തില്‍ മന്‍മോഹന്‍ സിങ്ങും മോദിയും ക്രാഫ്റ്റ്‌സ്മാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന യോഗ്യതയുള്ള രണ്ടു നേതാക്കളാണ് എന്നാണ് കാമറോണ്‍ ഫോര്‍ ദി റെക്കോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഇന്ന് നേടിയെടുത്ത വളര്‍ച്ചയ്ക്ക് പിന്നിലെ രണ്ടു പ്രധാന ശക്തികള്‍ മന്‍മോഹനും മോദിയുമാണ് എന്ന് വരികള്‍ക്കിടയിലൂടെ പറഞ്ഞു പോകുകയാണ് ഡേവിഡ് കാമറോണ്‍. ഈ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ മികവിന് ഇപ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ അവകാശവാദം ഉന്നയിക്കാം എന്നും ചുരുക്കം. വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇത്തരത്തില്‍ വിലയിരുത്തുമ്പോഴും ഇന്ത്യയില്‍ ഓരോ പാര്‍ട്ടികളും പരസ്പരം കടിച്ചു കീറുന്നതും വികസന, പുരോഗതിയുടെ കാര്യത്തില്‍ അവകാശവാദം ഉന്നയിക്കുന്നതുമൊക്കെ വിരോധാഭാസം ആയി മാറുകയാണ്.
പ്രധാനമായും താന്‍ പ്രധാനമന്ത്രി ആയ 2010 മുതല്‍ 2016 വരെയുള്ള കാലയളവിലെ രാഷ്ട്രീയവും അന്താരഷ്ട്ര ബന്ധങ്ങളും ഒക്കെയാണ് ഡേവിഡ് കാമറോണ്‍ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നത്. ഈ കാലയളവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി മന്‍മോഹനും മോദിയുമായും അടുത്തിടപഴകാന്‍ അവസരം ലഭിച്ചതാണ് ഇവരെക്കുറിച്ചു വിശാലമായ ചിന്തകള്‍ കാമറോണില്‍ രൂപപ്പെടാന്‍ കാരണമായത്. തന്റെ കാഴ്ചപ്പാടില്‍ സാധുവായ മനുഷ്യനാണ് മന്‍മോഹന്‍ എങ്കിലും ഇന്ത്യ പാക്കിസ്ഥാനില്‍ നിന്നും പ്രകോപനം നേരിട്ട ഘട്ടത്തില്‍ മന്‍മോഹന്റെ മറ്റൊരു മുഖമാണ് കാണാനായത് എന്ന് കാമറോണ്‍ ഓര്‍മ്മിക്കുന്നു.
താന്‍ ഇന്ത്യ സന്ദര്‍ശനം നടത്തിയപ്പോഴാണ് മന്‍മോഹന്‍ സിങ് ഇക്കാര്യം പങ്കുവച്ചത് എന്നും ഡേവിഡ് കാമറോണ്‍ പറയുന്നു. താന്‍ പ്രധാനമന്ത്രി ആയപ്പോള്‍ തുടര്‍ച്ചയായി നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിലൂടെ ഇന്ത്യന്‍ നേതാക്കള്‍ വലിയ നിലയില്‍ തന്നെ വിശ്വാസത്തില്‍ എടുത്തതും ഇത്തരം രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ കാരണമായിരിക്കാം എന്നും ഡേവിഡ് കാമറോണ്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. മോദി യുകെയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ വെംബ്ലി സ്റ്റേഡിയത്തില്‍ 60,000 ഇന്ത്യക്കാരെ സാക്ഷിയാക്കിയാണ് കാമറോണ്‍ അദ്ദേഹത്തെ ആശ്ലേഷിച്ചത്.
ഇന്ത്യയുമായി കച്ചവട ബന്ധം ശക്തിപ്പെടുത്താന്‍ ബ്രിട്ടന് സാധിച്ചത് മന്‍മോഹന്‍ സിംഗിന്റെയും മോദിയുടെയും പിന്തുണ കൊണ്ടാണ് എന്നും കാമറോണ്‍ തുറന്നു എഴുതിയിരുന്നു. പരമ്പരാഗത സുഹൃത്തുക്കള്‍ ആയ അമേരിക്കയില്‍ നിന്നും കച്ചവട ബന്ധങ്ങള്‍ കുറയുകയും യൂറോപ്പില്‍ നിന്നും പുതുതായി ഒന്നും കിട്ടാനില്ലാത്ത സാഹചര്യം വന്നതോടെയുമാണ് ബ്രിട്ടന്‍ ഇന്ത്യയുമായി അടുക്കാന്‍ ശ്രമിക്കുന്നത്.
ഈ ശ്രമങ്ങള്‍ക്ക് മന്‍മോഹനും മോദിയും മികച്ച പിന്തുണയാണ് നല്‍കിയത് എന്നും കാമറോണ്‍ വിശദമാക്കുന്നു. താന്‍ പഞ്ചാബില്‍ പോയി സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കുകയും ജാലിയന്‍ വല ബാഗ് കൂട്ടക്കൊലയില്‍ ഖേദ പ്രകടനം നടത്തിയതും പുതിയ ബന്ധങ്ങള്‍ക്ക് ശക്തിപകരാന്‍ കാരണമായി എന്നും കാമറോണ്‍ പറയുന്നു. താന്‍ ക്ഷമ പറഞ്ഞോ എന്നത് സംബന്ധിച്ച് യുകെയില്‍ ഉണ്ടായ വിവാദവും അദ്ദേഹം പുസ്തകത്തില്‍ ഓര്‍മ്മിക്കുന്നുണ്ട്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മോശമായ കാര്യമാണ് ജാലിയന്‍ വാലാബാഗില്‍ ഉണ്ടായത് എന്ന് തന്റെ പുസ്തകത്തില്‍ ആവര്‍ത്തിക്കുകയാണ് കാമറോണ്‍.
മോദിയേക്കാള്‍ ശക്തനായിരുന്നോ മന്‍മോഹന്‍ സിങ്?
വാസ്തവത്തില്‍ കാമറോണ്‍ വളര്‍ത്തിയെടുത്ത ഇന്ത്യ ബന്ധങ്ങളാണ് ബ്രക്‌സിറ്റിനു ശേഷമുള്ള വ്യാപാര ബന്ധങ്ങളില്‍ ഇന്ത്യയില്‍ നിന്നും അനുകൂല നിലപാടുകള്‍ ഉണ്ടാകാന്‍ കാരണമായത് എന്ന് വിശ്വസിക്കുന്ന ബ്രിട്ടീഷ് രാഷ്ട്രീയ വിദഗ്ധര്‍ ഏറെയാണ്. തന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തില്‍ തന്നെ മന്‍മോഹന്‍ സിങ്ങുമായി പാക്കിസ്ഥാന് എതിരെ തുറന്ന നിലപാടുമായി പത്ര സമ്മേളനം നടത്തിയാണ് ഡേവിഡ് കാമറോണ്‍ നിലപാട് മാറ്റം വ്യക്തമാക്കിയത്. പാക്കിസ്ഥാന്‍ തീവ്രവാദം കയറ്റുമതി ചെയ്യരുത് എന്ന ശക്തമായ താക്കീതാണ് അന്ന് മന്മോഹന് ഒപ്പം ഡേവിഡ് കാമറോണ്‍ നടത്തിയത്.
രാഷ്ട്രീയമായ ശാക്തിക ചേരിമാറ്റം ആണ് ആ പത്രസമ്മേളനത്തില്‍ നിഴലിച്ചതും ലോകം ദര്‍ശിച്ചതും. വാസ്തവത്തില്‍ മന്‍മോഹന്‍ നേടിയ അചഞ്ചലമായ രാഷ്ട്രീയ വിജയം കൂടിയായിരുന്നു ബ്രിട്ടനെ ഒപ്പം നിര്‍ത്തുക എന്ന തന്ത്രം. പാക്കിസ്ഥാന്റെ ഇന്ത്യ വിരുദ്ധത കുറയ്ക്കാന്‍ കാരണമായത് മോദിയുടെ ഭരണകാലം ആണെന്നു കോണ്‍ഗ്രസുകാര്‍ പോലും വിശ്വസിക്കുന്ന കാലഘട്ടത്തിലാണ് മന്‍മോഹന്‍ എടുത്ത ശക്തമായ നിലപാടുകള്‍ ഡേവിഡ് കാമറോണ്‍ വെളിപ്പെടുത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് ഇന്നും മന്‍മോഹന്‍ സിംഗിനെ മൃദുവും സ്വാതിയുമായ രാഷ്ട്രീയ നേതാവായി മാത്രമാണ് ഉയര്‍ത്തികാട്ടുന്നത്. മന്‍മോഹന് വേറൊരു മുഖം ഉണ്ടായിരുന്നു എന്ന് ലോകമറിയുന്നതിനു കാരണമായത് ഡേവിഡ് കാമറോണിന്റെ പുസ്തകമാണ്.
മന്‍മോഹനും ഡേവിഡ് കാമറോണും നടത്തിയ സംയുക്ത പ്രസ്താവനയെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നെങ്കിലും അന്നവരുടെ ശബ്ദം തീരെ ദുര്‍ബലവും ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. കാമറോണിനെ തൊട്ടടുത്തിരുത്തി മന്‍മോഹന്‍ അന്ന് പറഞ്ഞത് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ ശേഷം ലോകത്തെ ഒരു ജനാധിപത്യ സര്‍ക്കാരിനും തീവ്രവാദത്തെ പിന്‍തുണയ്ക്കുന്ന നിലപടുമായി മുന്നോട്ടു പോകാനാകില്ല എന്നായിരുന്നു.
തൊട്ടു പിന്നാലെ സംസാരിച്ച ഡേവിഡ് കാമറോണ്‍ മന്‍മോഹന്‍ പറഞ്ഞ ഓരോ കാര്യങ്ങളും പൂര്‍ണ അര്‍ത്ഥത്തില്‍ ശരിവയ്ക്കുക ആയിരുന്നു. പാക്കിസ്ഥാന് സര്‍ക്കാരിന് പോലും ലഷ്‌കര്‍ ഇ തൊയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളുടെ സാന്നിധ്യം തള്ളിക്കളയാന്‍ സാധിക്കില്ല എന്നായിരുന്നു ഡല്‍ഹിയില്‍ കാമറോണ്‍ തുറന്നടിച്ചത്. ഈ വാക്കുകള്‍ ഒരിക്കലും പാക്കിസ്ഥാന്‍ ആഗ്രഹിച്ചിരുന്നതുമല്ല, പ്രതീക്ഷിച്ചിരുന്നതുമല്ല. പക്ഷെ സംഭവിച്ചത് അത്തരത്തില്‍ തന്നെയാണ്.