കൊച്ചി: വി കെ മിനിമോള്‍ കൊച്ചി കോര്‍പറേഷന്‍ മേയറാകും. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. രണ്ടാം ടേമില്‍, ഷൈനി മാത്യു മേയറാകും. കൊച്ചി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

അതേസമയം, കൊച്ചി കോര്‍പ്പറേഷന്‍ ഭരണം തിരിച്ചുപിടിച്ച ആവേശത്തിനിടയിലും കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം പുകയുന്നു. മേയര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് തന്റെ പേര് വെട്ടിയതില്‍ കെപിസിസിക്ക് പരാതി നല്‍കി. സമുദായ സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍, വി.കെ. മിനിമോളെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് പരാതിക്ക് അടിസ്ഥാനം. ലത്തീന്‍ കത്തോലിക്കാ സഭയുടെ പരസ്യമായ അവകാശവാദവും ഗ്രൂപ്പ് താല്പര്യങ്ങളുമാണ് ദീപ്തിക്ക് തിരിച്ചടിയായത്.

കെപിസിസി സര്‍ക്കുലര്‍ തെറ്റിച്ചാണ് മേയറെ തെരഞ്ഞെടുത്തതെന്നാണ് ദീപ്തിയുടെ ആരോപണം. കെപിസിസിയുടെ നിരീക്ഷകന്‍ എത്തി കൗണ്‍സിലര്‍മാരെ കേള്‍ക്കണം എന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. അതില്‍ കൂടുതല്‍ പേര് അനുകൂലിക്കുന്ന ആളെ മേയര്‍ ആക്കണം എന്നാണ് വ്യവസ്ഥ. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എന്‍ വേണുഗോപാലുമാണ് കൗണ്‍സിലര്‍മാരെ കേട്ടത്. അവര്‍ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമാണെന്നും ദീപ്തി മേരി വര്‍ഗീസ് പറയുന്നു.

എല്ലാത്തരം പരിഗണനകള്‍ക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്നും ദീപ്തി മേരി വര്‍ഗീസിന്റെ പരാതിയെക്കുറിച്ച് അറിയില്ലെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത മേയര്‍ മിനിമോളും പ്രതികരിച്ചു.

ജയിച്ചിട്ടും പടിക്ക് പുറത്ത്

മേയര്‍ സ്ഥാനം വനിതാ സംവരണമായതോടെ ദീപ്തി മേരി വര്‍ഗീസിന്റെ പേരായിരുന്നു തുടക്കം മുതല്‍ ഉയര്‍ന്നു കേട്ടിരുന്നത്. സ്റ്റേഡിയം വാര്‍ഡില്‍ നിന്നും 1086 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് കരുത്ത് തെളിയിച്ച ദീപ്തി തന്നെയാണ് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മാര്‍ത്തോമ്മാ സഭാംഗമായ ദീപ്തി വേണ്ടെന്നും ലത്തീന്‍ വിഭാഗത്തില്‍ നിന്നൊരാള്‍ വേണമെന്നുമുള്ള ലത്തീന്‍ സഭയുടെ സമ്മര്‍ദ്ദം കെപിസിസിക്ക് അവഗണിക്കാനായില്ല. എ, ഐ ഗ്രൂപ്പുകള്‍ കൂടി മിനിമോളിന് വേണ്ടി നിലയുറപ്പിച്ചതോടെ ദീപ്തിക്ക് കസേര നഷ്ടമായി.

ഇത് മൂന്നാം തവണ

ദീപ്തി മേരി വര്‍ഗീസ് കോണ്‍ഗ്രസിനുള്ളില്‍ തഴയപ്പെടുന്നത് ഇതാദ്യമല്ല. ദീപ്തിയുടെ രാഷ്ട്രീയ യാത്രയില്‍ പലപ്പോഴായി പദവികള്‍ അവസാന നിമിഷം കൈവിട്ടു പോയിട്ടുണ്ട്:

ആറന്മുള (2021): നിയമസഭാ തിരഞ്ഞെടുപ്പില്‍ മാര്‍ത്തോമ്മാ സഭയുടെ പിന്തുണയോടെ ദീപ്തിയുടെ പേര് സജീവമായി പരിഗണിച്ചെങ്കിലും ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് കെ. ശിവദാസന്‍ നായര്‍ക്ക് സീറ്റ് നല്‍കി. ഫലം കോണ്‍ഗ്രസിന് കനത്ത തോല്‍വി.

തൃക്കാക്കര (2022): പി.ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ ദീപ്തിയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും സഹതാപ തരംഗം' ലക്ഷ്യമിട്ട് ഉമ തോമസിന് സീറ്റ് നല്‍കുകയായിരുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും ജെബി മേത്തര്‍ തന്നെ പദവിയില്‍ തുടര്‍ന്നു.

സര്‍ക്കുലറുകള്‍ വെറും പാഴ് വാക്ക്

തദ്ദേശ ഭരണ തലപ്പത്തേക്ക് സീനിയര്‍ നേതാക്കളെ പരിഗണിക്കണമെന്ന് കെപിസിസി നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും ദീപ്തിയുടെ കാര്യത്തില്‍ ഇത് പാലിക്കപ്പെട്ടില്ല. കെ.എസ്.യു സംസ്ഥാന സെക്രട്ടറി മുതല്‍ കെപിസിസി ഭാരവാഹിയായി വരെ പ്രവര്‍ത്തിച്ച ദീപ്തിയെ വെറുമൊരു കൗണ്‍സിലര്‍ പദവിയില്‍ ഒതുക്കിയത് അണികള്‍ക്കിടയിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

കഴിവിനേക്കാള്‍ സമുദായ പ്രീണനത്തിനും ഗ്രൂപ്പ് താല്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പതിവ് രീതി തന്നെയാണ് കൊച്ചിയിലും ദീപ്തിക്ക് വിനയായത്.