- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പമ്പയിലും സന്നിധാനത്തും ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍ അടക്കം വാങ്ങി; എന്നാല്‍ രാഷ്ട്രപതിക്കുള്ള ഭക്ഷണം തിരുവനന്തപുരത്ത് ലോക്ഭവനില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്നു! പിന്നെ ഫാമിലികട്ടിലും മെത്തയും ഡ്രസിങ് അലമാരയും; എല്ലാം തേക്കില്‍ വാങ്ങിയപ്പോള്‍ ചെലവ് 26 ലക്ഷം; പറഞ്ഞു പറ്റിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും; കാഞ്ഞിരപ്പള്ളി പന്തപ്ലാക്കല്‍ ശിവദാസിന് ഈ തുക ആരു നല്‍കും?

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനും വിവിഐപി സന്ദര്‍ശനങ്ങള്‍ക്കുമായി കോടികള്‍ പൊടിക്കുമ്പോഴും, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ കരാറുകാരനെ പ്രതിസന്ധിയിലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തിനായി ലക്ഷങ്ങള്‍ ചിലവാക്കി ഫര്‍ണിച്ചറുകളും മറ്റും എത്തിച്ചുനല്‍കിയ കാഞ്ഞിരപ്പള്ളി പന്തപ്ലാക്കല്‍ ശിവദാസാണ് ഇപ്പോള്‍ 26 ലക്ഷം രൂപ കിട്ടാതെ ദുരിതത്തിലായിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 22-നായിരുന്നു രാഷ്ട്രപതി സന്നിധാനത്തെത്തിയത്. ഒരു മാസത്തിനകം പണം നല്‍കാമെന്ന ബോര്‍ഡിന്റെ വാക്ക് വിശ്വസിച്ച് പണം പലിശയ്‌ക്കെടുത്തും മറ്റും സാധനങ്ങള്‍ എത്തിച്ച ശിവദാസിന് നാലു മാസം പിന്നിട്ടിട്ടും മറുപടിയില്ല. 2014 മുതല്‍ ദേവസ്വത്തിന്റെ വിവിധ മരാമത്ത് ജോലികള്‍ ചെയ്ത ഇനത്തില്‍ രണ്ടരക്കോടി രൂപ ശിവദാസിന് ബോര്‍ഡ് നല്‍കാനുണ്ട്. ഇതിനിടയിലാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ കൂടി ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്. പ്രോട്ടോക്കോള്‍ പ്രകാരം സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്ലാന്‍ എ, ബി, സി വിഭാഗങ്ങളിലായി ആഡംബര സൗകര്യങ്ങളാണ് ഒരുക്കിയത്. വെറും ആറു ലക്ഷം രൂപയുടെ സാധനങ്ങള്‍ മതിയെന്ന് ആദ്യം അറിയിച്ച അധികൃതര്‍, പിന്നീട് നിര്‍ദ്ദേശങ്ങള്‍ മാറ്റിയതോടെ ചിലവ് 26 ലക്ഷത്തിലേക്ക് ഉയരുകയായിരുന്നു.
കോട്ടയം കഞ്ഞിക്കുഴിയില്‍ നിന്നും ജിഎസ്ടി ഉള്‍പ്പെടെയുള്ള ബില്ലുകളുമായി വാങ്ങിയ തേക്കുതടിയിലുള്ള ഫര്‍ണിച്ചറുകളാണ് സന്ദര്‍ശനത്തിനായി ഉപയോഗിച്ചത്. ഫാമിലി കട്ടില്‍, മെത്ത, ടീപോയ്, ടിവി സ്റ്റാന്‍ഡ്, മേശ, കസേരകള്‍, ഡ്രസിങ് അലമാര, ഫ്രിഡ്ജ്, ഓവന്‍ എന്നിവയെല്ലാം പമ്പയിലേക്കായി വാങ്ങി. സന്നിധാനത്തും നിലയ്ക്കലിലും സമാനമായ രീതിയില്‍ വിലകൂടിയ ഫര്‍ണിച്ചറുകള്‍ എത്തിച്ചു. കൂടാതെ ഭക്ഷണമുണ്ടാക്കാനുള്ള പാത്രങ്ങള്‍ വാങ്ങുകയും വാടകയ്‌ക്കെടുക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രപതിക്കുള്ള ഭക്ഷണം തിരുവനന്തപുരത്ത് നിന്ന് തയ്യാറാക്കി കൊണ്ടുവരികയാണ് ചെയ്തത്.
മുന്‍ ബോര്‍ഡിന്റെ കാലത്തെ ബാധ്യതയാണെങ്കിലും നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ ഫയലുകള്‍ വച്ചുതാമസിപ്പിക്കുകയാണെന്നാണ് ആക്ഷേപം. കോടികള്‍ മറിയുന്ന ദേവസ്വം ഭരണത്തില്‍ പാവപ്പെട്ട കരാറുകാരന്റെ വിയര്‍പ്പിന്റെ വില നല്‍കാന്‍ ബോര്‍ഡ് മടിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
2014 മുതല്‍ ദേവസ്വത്തിന്റെ മരാമത്ത് ജോലികള്‍ചെയ്ത ഇനത്തില്‍ രണ്ടരക്കോടി രൂപ കാഞ്ഞിരപ്പള്ളി പന്തപ്ലാക്കല്‍ ശിവദാസിന് കൊടുക്കാനുള്ളപ്പോഴായിരുന്നു രാഷ്ടപതി സന്ദര്‍ശനംകൂടി ഏല്‍പ്പിച്ചത്. പരാതിയുമായി ശിവദാസ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ സമീപിച്ചിരിക്കുകയാണ്. തൊട്ടുമുമ്പത്തെ ബോര്‍ഡാണ് ഈ ബാധ്യതകൂടി വരുത്തിവെച്ചതെങ്കിലും സംവിധാനത്തിന്റെ ഭാഗമായതിനാല്‍ ഒഴിഞ്ഞുമാറാന്‍ കെ. ജയകുമാറിനായില്ല. പണം കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥതലത്തിലേക്ക് നിര്‍ദേശം നല്‍കിയിട്ട് ഇപ്പോള്‍ രണ്ടാഴ്ച പിന്നിട്ടു. കമ്മീഷന്‍ മോഹികളാണ് പണം കൊടുക്കാതെ വൈകിപ്പിക്കുന്നതെന്ന് സൂചനയുണ്ട്.
രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്ലാന്‍ എ, ബി, സി എന്നീ വിഭാഗങ്ങളിലായിട്ടാണ് സാധനങ്ങള്‍ വാങ്ങിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവയാണവ. രാഷ്ട്രപതി ഭവനിലെ പ്രോട്ടക്കോള്‍ ഓഫീസര്‍ നിര്‍ദേശിച്ച പ്രകാരമായിരുന്നു വാങ്ങല്‍. ഫര്‍ണിച്ചറുകളെല്ലാം തേക്കുതടിയിലുള്ളതാണ്. കോട്ടയം കഞ്ഞിക്കുഴിയില്‍ നിന്നാണ് ഫര്‍ണിച്ചറുകള്‍ വാങ്ങിയത്. ജി.എസ്.ടി. ചേര്‍ത്ത ബില്ലുകളാണ് ശിവദാസ് ദേവസ്വത്തിന് നല്‍കിയത്. ഫാമിലികട്ടില്‍, മെത്ത, ടീപോയ്, ടി.വി. സ്റ്റാന്‍ഡ്, മേശ, രണ്ട് കസേര, ഡ്രസിങ് അലമാര, മൂന്ന് സ്റ്റൂള്‍, ഫ്രിഡ്ജ്, ഓവന്‍ എന്നിവയാണ് പമ്പയിലേക്ക് വാങ്ങിയത്.
സന്നിധാനത്ത് ഫാമിലിക്കട്ടില്‍, മെത്ത, ടീപോയ്, മേശ, കസേര, ആറ് കസേരയുള്ള ഡൈനിങ് ടേബിള്‍ എന്നിവ വാങ്ങി. നിലയ്ക്കലിലേക്ക് ഫാമിലി കട്ടിലും മെത്തയുംവാങ്ങി. പമ്പയിലും സന്നിധാനത്തും ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളും വാങ്ങി. എന്നാല്‍ രാഷ്ട്രപതിക്കുള്ള ഭക്ഷണം തിരുവനന്തപുരത്ത് ലോക്ഭവനില്‍നിന്ന് തയ്യാറാക്കി കൊണ്ടുവരുകയായിരുന്നു. പമ്പയില്‍ വെച്ചാണ് കഴിച്ചത്. രാഷ്ട്രപതിക്കൊപ്പം 51 പേരാണ് വന്നത്.


