- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പി.പി.ദിവ്യ സിപിഎമ്മിനെ ഭീഷണിപ്പെടുത്തി ക്ലീന്‍ ചിറ്റ് നേടിയോ? ദിവ്യ ബിജെപിയിലേക്ക് ചേക്കേറാന്‍ നീക്കം നടത്തിയെന്നും അക്കളിയില്‍ സിപിഎം വീണെന്നും കെ എസ് യു; ബെനാമി ഇടപാട് പരാതികളില്‍ വിജിലന്‍സ് അന്വേഷണം ഒഴിവാക്കിയ തീരുമാനം തിരി കൊളുത്തിയത് വലിയ വിവാദത്തിന്; ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ് ഷമ്മാസ്
പി.പി.ദിവ്യ സിപിഎമ്മിനെ ഭീഷണിപ്പെടുത്തി ക്ലീന്‍ ചിറ്റ് നേടിയോ?

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ ബിനാമി ഇടപാട് പരാതികളില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അതിനിടെ, ദിവ്യ ബിജെപിയിലേക്ക് ചേക്കേറാന്‍ നീക്കം നടത്തിയെന്ന ഗുരുതര ആരോപണവുമായി കെ.എസ്.യു രംഗത്തെത്തി. ബിജെപിയുടെ സംസ്ഥാന-ദേശീയ നേതാക്കളുമായി ദിവ്യ ചര്‍ച്ചകള്‍ നടത്തിയെന്നും ഈ നീക്കത്തെ ഭയന്നാണ് ബിനാമി ഇടപാട് പരാതികളില്‍ സര്‍ക്കാര്‍ അവര്‍ക്ക് ധൃതിപിടിച്ച് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. സിപിഎമ്മിലെ ഭാവി അനിശ്ചിതത്വത്തിലായതോടെയാണ് ദിവ്യ പുതിയ രാഷ്ട്രീയ സാധ്യതകള്‍ തേടുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ വിവിധ കരാറുകളില്‍ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
എന്നാല്‍, കൃത്യമായ അന്വേഷണം നടന്നാല്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ ബിനാമി ഇടപാടുകള്‍ പുറത്തുവരുമെന്ന് ഭയന്നാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ഷമ്മാസ് കുറ്റപ്പെടുത്തി. അന്വേഷണത്തില്‍ നിന്ന് ദിവ്യയെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന വിചിത്രമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായ കേസുകളില്‍ അനുകൂല തീരുമാനമുണ്ടാക്കാന്‍ പാര്‍ട്ടിയെയും നേതാക്കളെയും ഭീഷണിപ്പെടുത്തി ക്ലീന്‍ ചിറ്റ് നേടിയെടുക്കാനാണ് ദിവ്യ ശ്രമിച്ചതെന്ന് ഷമ്മാസ് കുറ്റപ്പെടുത്തി.
വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബിനാമി ഇടപാടുകള്‍ നടത്തി എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കരാറുകളില്‍ ദിവ്യ നേരിട്ട് ഇടപെട്ടതിന് തെളിവില്ലെന്നാണ് വിജിലന്‍സ് യൂണിറ്റിന്റെ കണ്ടെത്തല്‍. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായതായി സമ്മതിക്കുമ്പോഴും, അതിന്റെ ഉത്തരവാദിത്തം മുന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ മേല്‍ മാത്രം കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
'എ.കെ.ജി സെന്റര്‍ വരെ നീളുന്ന ഭയം'
അന്വേഷണം നടന്നാല്‍ സിപിഎം ഉന്നത നേതാക്കളുടെ ബിനാമി ഇടപാടുകള്‍ പുറത്തുവരുമെന്ന ഭയമാണ് സര്‍ക്കാരിനെ പിന്നോട്ടടിപ്പിക്കുന്നതെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. പാലക്കയം തട്ടിലെ ഭൂമി ഇടപാട്, ജില്ലാ ആശുപത്രിക്ക് സമീപം നടന്ന ഭൂമി ഇടപാടുകള്‍ എന്നിവയില്‍ സര്‍ക്കാര്‍ ഉത്തരവ് മൗനം പാലിക്കുന്നത് സംശയാസ്പദമാണ്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഉടന്‍ തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കെ.എസ്.യു വ്യക്തമാക്കി.
ഹൈക്കോടതി വിധി പ്രകാരം സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലെങ്കില്‍ ഹര്‍ജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്ന വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് ദിവ്യക്കെതിരെ കേസെടുത്ത് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ തന്നെ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ഷമ്മാസ് വ്യക്തമാക്കി.


