കൊച്ചി: യുവനടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ പ്രമുഖ സംവിധായകന്‍ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്ത് പോലീസ്. തിങ്കളാഴ്ച വൈകീട്ട് നാലുമണിവരെയാണ് കസ്റ്റഡി കാലാവധി. സംഭവത്തില്‍ ഫോറന്‍സിക് പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്ത കാരവനുകളില്‍ വരുംദിവസങ്ങളില്‍ രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ ഏറ്റവും നിര്‍ണ്ണായകമായത് കാരവനിലെ ശാസ്ത്രീയ തെളിവുകളും അന്ന് സെറ്റിലുണ്ടായിരുന്നവരുടെ സാക്ഷിമൊഴികളുമാണെന്ന് പോലീസ് കരുതുന്നു.

സംഭവം നടന്ന ദിവസം നടി കാരവനിലിരുന്ന് കരഞ്ഞുകൊണ്ട് പുറത്തുവരുന്നത് കണ്ടവരുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ മൊഴികള്‍ രേഖപ്പെടുത്തുന്നത് പ്രതിക്ക് വലിയ തിരിച്ചടിയാകും. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും സെറ്റിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും സംഭവത്തെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മൊഴികള്‍ കോടതിയില്‍ ഹാജരാക്കുന്നതോടെ പ്രോസിക്യൂഷന്‍ വാദത്തിന് കൂടുതല്‍ കരുത്തുപകരും. ആരോപണങ്ങള്‍ രഞ്ജിത് നിഷേധിക്കുകയാണ്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ സംവിധായകന് എതിരാണ്.

ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ ഉപയോഗിച്ചിരുന്ന രണ്ട് കാരവനുകളാണ് പോലീസ് നിലവില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവ കൊച്ചി സിറ്റി പോലീസ് എ.ആര്‍. ക്യാമ്പില്‍ അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധര്‍ ഇവയില്‍ വിശദമായ പരിശോധന നടത്തും. നടിയുടെ പരാതിയില്‍ പറയുന്ന സാഹചര്യങ്ങളും സ്ഥലവും ഒത്തുനോക്കുന്നതിനായി രഞ്ജിത്തിനെ ഇവിടെ നേരിട്ടെത്തിച്ച് തെളിവെടുക്കും.

രഞ്ജിത്തിന്റേത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, അറസ്റ്റ് നടപടികളില്‍ പോലീസ് വീഴ്ച വരുത്തിയെന്നും രഞ്ജിത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ എസ്. രാജീവ് വാദിച്ചു. തുടര്‍ന്ന് ഓരോ 24 മണിക്കൂര്‍ കൂടുമ്പോഴും പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. സിനിമയുമായി ബന്ധപ്പെട്ട ഈ കേസും വലിയ തോതിലുള്ള ഗൂഢാലോചനകളിലേക്ക് വിരല്‍ചൂണ്ടുന്നു. സിനിമാ രംഗത്തെ സ്വാധീനമുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണം അതീവ രഹസ്യമായാണ് പുരോഗമിക്കുന്നത്. കസ്റ്റഡി കാലാവധിയില്‍ ലഭിക്കുന്ന വിവരങ്ങള്‍ കേസിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.

സിനിമാ ലൊക്കേഷനില്‍ വെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ് നടപടി. കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയില്‍ വെച്ചാണ് ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരം തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് പൊലീസ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഈ മൊഴിയില്‍ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്. മുന്‍പ് ബംഗാളി നടിയും ഒരു യുവാവും രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നെങ്കിലും ആ കേസുകളില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. എന്നാല്‍ നിലവിലെ കേസില്‍ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചതാണ് ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.