- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കളി കേരളത്തില്‍ മതി, ഇവിടെ വേണ്ട! കാര്യമറിയാതെ ഗീര്‍വാണമടിക്കരുത്; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയാഭ്യാസം കയ്യില്‍ വച്ചേക്കൂ; പിണറായിക്ക് മുഖത്തടിച്ചതുപോലെ മറുപടിയുമായി ഡി.കെ ശിവകുമാര്‍; ബുുള്‍ഡോസര്‍ രാജ് വിമര്‍ശനത്തില്‍ അയല്‍സംസ്ഥാനങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നു
പിണറായിക്ക് മുഖത്തടിച്ചതുപോലെ മറുപടിയുമായി ഡി.കെ ശിവകുമാര്‍
ബെംഗളൂരു: ബെംഗളൂരുവില്‍ കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി വീടുകള്‍ തകര്‍ത്തതിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് കടുത്ത മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കര്‍ണാടകയില്‍ 'ബുള്‍ഡോസര്‍ രാജ്' നടപ്പിലാക്കുകയാണെന്നും ന്യൂനപക്ഷ വേട്ടയാണെന്നും ആരോപിച്ച പിണറായിയോട്, പഠിച്ചിട്ട് സംസാരിക്കാനാണ് ശിവകുമാര്‍ ആവശ്യപ്പെട്ടത്. കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഡി.കെ. താക്കീത് നല്‍കി.
വെള്ളിയാഴ്ച എക്‌സിലൂടെയായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. യെലഹങ്കയിലെ കോഗിലു ഗ്രാമത്തിലെ വസീം ലേഔട്ട്, ഫക്കീര്‍ കോളനി എന്നിവിടങ്ങളില്‍ നിന്ന് ഇരുന്നൂറിലധികം വീടുകള്‍ തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് അദ്ദേഹം കുറിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടപ്പിലാക്കുന്ന 'ബുള്‍ഡോസര്‍ രാജി'ന്റെ ദക്ഷിണേന്ത്യന്‍ പതിപ്പാണ് കര്‍ണാടകയിലേതെന്നും, ദശകങ്ങളായി മുസ്ലീം വിഭാഗങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഈ കുടിയൊഴിപ്പിക്കല്‍ നടന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു. കൊടുംതണുപ്പില്‍ ഒരു ജനതയെ മുഴുവന്‍ തെരുവിലിറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ ഇത്തരം നടപടികള്‍ നടക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച ഇതിന് മറുപടിയുമായി ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി. പിണറായി വിജയന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ അദ്ദേഹം ഇടപെടേണ്ടതില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ടിയിരുന്ന അപകടകരമായ ഒരു ക്വാറിയിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ നിയമവിരുദ്ധമായി താമസിച്ചിരുന്നതെന്നും, ഈ സ്ഥലം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ശിവകുമാര്‍ വിശദീകരിച്ചു.
'സര്‍ക്കാര്‍ ഭൂമി കൈയേറി മാലിന്യനിക്ഷേപ കേന്ദ്രത്തിന് മുകളിലാണ് ഈ കൂരകള്‍ കെട്ടിപ്പൊക്കിയത്. ഇതിന് പിന്നില്‍ വലിയ ഭൂമാഫിയയുണ്ട്. പാവപ്പെട്ടവരെ മുന്നില്‍ നിര്‍ത്തി ഭൂമി തട്ടിയെടുക്കാനാണ് അവരുടെ നീക്കം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ ബുള്‍ഡോസര്‍ സംസ്‌കാരം കോണ്‍ഗ്രസ് സര്‍ക്കാരിനില്ല. നിയമവിരുദ്ധമായ കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ അഭ്യാസമാണ് പിണറായിയുടേത്. സ്വന്തം സംസ്ഥാനത്തെ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ കര്‍ണാടകയിലെ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ടതില്ല.'
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ പുനരധിവാസം നല്‍കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇവരെ മനുഷ്യത്വപരമായ രീതിയിലാണ് മാറ്റിയതെന്നും, അര്‍ഹരായവര്‍ക്ക് രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം വീടുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരകളുടെ പരാതി
അതേസമയം, ഡിസംബര്‍ 22-ന് പുലര്‍ച്ചെ നടത്തിയ നടപടിയില്‍ 400-ഓളം കുടുംബങ്ങളാണ് വഴിയാധാരമായത്. യാതൊരു മുന്‍കൂര്‍ നോട്ടീസും നല്‍കാതെയാണ് വീടുകള്‍ പൊളിച്ചതെന്ന് താമസക്കാര്‍ പരാതിപ്പെടുന്നു. ഇരുപത് വര്‍ഷത്തിലേറെയായി അവിടെ താമസിക്കുന്നവരാണെന്നും ആധാര്‍, വോട്ടര്‍ ഐഡി രേഖകള്‍ ഉണ്ടെന്നുമാണ് ഇവരുടെ അവകാശവാദം.
യോഗ്യരായ താമസക്കാര്‍ക്ക് രാജീവ് ഗാന്ധി സ്‌കീം വഴി പുനരധിവാസം ഉറപ്പാക്കുമെന്ന് ശിവകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയുടെ മണ്ഡലത്തിലാണ് ഈ കുടിയൊഴിപ്പിക്കല്‍ നടന്നത്.




