ഹവാന: ചുഴലിക്കാറ്റിന്റെ കെടുതി മാറുന്നതിന് മുമ്പ് ക്യൂബയെ ഞെട്ടിച്ച് തുടര്‍ ഭൂചലനങ്ങള്‍. 5.9 തീവ്രതരേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി മണിക്കൂറുകള്‍ക്കകം 6.8 തീവ്രതയില്‍ ശക്തിയേറിയ മറ്റൊരു ഭൂചലനവും ഉണ്ടാകുകയായിരുന്നു. കിഴക്കന്‍ ക്യൂബയില്‍ ബാര്‍ട്ടലോം മാസോ തീരത്ത് നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഇതില്‍ ശക്തിയേറിയ ഭൂചലനം ഉണ്ടായതെന്ന് തെളിഞ്ഞു.വീടുകള്‍ക്കും വലിയ കെട്ടിടങ്ങള്‍ക്കും വഴികള്‍ക്കുമെല്ലാം വലിയ നാശമാണ് ഭൂചലനത്തില്‍ ഉണ്ടായത്.

ഭൂചലനത്തില്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുനാമി മുന്നറിയിപ്പില്ല. ഭൂകമ്പത്തിന്റെ ആഘാതത്തില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടാവുകയും വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയസ് കനാല്‍ പറഞ്ഞു.

ഭൂചലനത്തില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് വീടുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചുഴലിക്കാറ്റില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന ക്യൂബയിലാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. ക്യൂബയിലെ വലിയ നഗരങ്ങളായ സാന്റിയാഗോ ഡി ക്യൂബ, ഹോള്‍ഗ്യുവിന്‍, ഗ്വാണ്ടനാമോ തുടങ്ങിയ നഗരങ്ങളിലെ ജനങ്ങള്‍ ഭൂചലനത്തില്‍ ഭയചകിതരായി. പലരും സുരക്ഷാസ്ഥാനം നോക്കി വീടുകളില്‍ നിന്നും ഇറങ്ങിയോടി.

റഫാല്‍ കൊടുങ്കാറ്റ് വന്നുപോയതിന് പിന്നാലെ ക്യൂബയില്‍ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായിരുന്നു. ദിവസങ്ങളായി ഈ പ്രശ്‌നത്തില്‍ പെട്ടിരിക്കുകയാണ് ക്യൂബ. 10 ദശലക്ഷം പേര്‍ക്കാണ് ഇത്തരത്തില്‍ വൈദ്യുതിബന്ധമില്ലാതായത്. രാജ്യത്തെ പ്രധാനപ്പെട്ട ഊര്‍ജോത്പാദന കേന്ദ്രമായ അന്റോണിയോ ഗുട്ടെറസ് പവര്‍ പ്ലാന്റ് ക്യൂബ ഇരുട്ടിലായത്.

അവശ്യജീവനക്കാര്‍ ഒഴികെ ഉള്ളവരോട് വീടുകളിലേക്കു മടങ്ങാനും സ്‌കൂളുകള്‍ അടയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ രാജ്യത്ത് ചിലയിടങ്ങളില്‍ ഭാഗികമായി വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും മറ്റു പലയിടങ്ങളിലും വൈദ്യുതി ലഭ്യമായിട്ടില്ല. ഏകദേശം ഒരുകോടി ജനങ്ങളെ വൈദ്യുതി തടസ്സം ബാധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ പ്രാധാന്യം കുറഞ്ഞ പൊതു പരിപാടികള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങള്‍ അടച്ചിടാനും നിശാ പാര്‍ട്ടികള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

തുടര്‍ച്ചയായി വൈദ്യുതിമുടക്കത്തിനു കാരണമെന്തെന്ന് ഗ്രിഡ് ഓപ്പറേറ്ററായ യു.എന്‍.ഇ. വ്യക്തമാക്കിയിട്ടില്ല. ഏതാനും ആഴ്ചയായി ക്യൂബയില്‍ പലഭാഗത്തും 10-20 മണിക്കൂര്‍ വൈദ്യുതി നിലയ്ക്കുന്നുണ്ട്. പഴഞ്ചന്‍ സംവിധാനവും ഇന്ധനക്ഷാമവും വൈദ്യുതിയുടെ ആവശ്യക്കൂടുതലുമാണ് പ്രശ്‌നത്തിനുകാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ വര്‍ഷം വെനസ്വേലയില്‍ നിന്നുള്ള ഇന്ധന കയറ്റുമതിയില്‍ ഇടിവ് സംഭവിച്ചതും ക്യൂബയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

രാജ്യത്തെ നിലവിലെ സാഹചര്യത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാസ്-കാനല്‍ പറഞ്ഞു. രാജ്യത്ത് വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ദശാബ്ദങ്ങള്‍ നീണ്ട യുഎസ് ഉപരോധമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും പ്രസിഡന്റ് ആരോപിച്ചു. രാജ്യത്തെ വൈദ്യുതി തടസത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ചുകൊണ്ട് ജനങ്ങള്‍ എത്തുന്നുണ്ട്.