ദുബായ്: പശ്ചിമേഷ്യയില്‍, യുദ്ധം മുറുകുമ്പോള്‍, എണ്ണവിലയും കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് $115 കടന്നു. ഇസ്രായേല്‍, ഇറാന്റെ സൗത്ത് പാര്‍സ് പ്രകൃതി വാതക പാടം, ആക്രമിച്ചതോടെ തുടങ്ങിയ പ്രത്യാഘാതം ഇപ്പോള്‍ ലോകത്തെയാകെ ഒരു വന്‍ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നു. ഇതിനെ വെറുമൊരു യുദ്ധമെന്നല്ല, 'പൂര്‍ണ്ണതോതിലുള്ള സാമ്പത്തിക യുദ്ധം' എന്നാണ് ഇറാന്‍ വിശേഷിപ്പിക്കുന്നത്.

റിഫൈനറികള്‍ തകര്‍ത്തതോടെ എണ്ണവില കുതിച്ചുയരുന്നു

പശ്ചിമേഷ്യയിലെ കരുത്തരായ കുവൈറ്റിലെ മിന അല്‍-അഹമ്മദി, മിന അബ്ദുള്ള റിഫൈനറികള്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്തു. ഖത്തറിലെ റാസ് ലഫാന്‍ പ്ലാന്റുകളില്‍ ഇപ്പോഴും തീ അണഞ്ഞിട്ടില്ല. ലോകത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂട്ടിയതോടെ ദിവസവും 10 ദശലക്ഷം ബാരല്‍ എണ്ണയുടെ നീക്കം തടസ്സപ്പെട്ടു. 1970-കളിലെക്കാള്‍ വലിയ പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങുന്നത്.

പശ്ചിമേഷ്യയിലെ പ്രധാന പ്രകൃതിവാതക പാടം തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇന്ന് രാവിലെ ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യൂറോപ്പിലെ എണ്ണവിലയില്‍ 30 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി. എണ്ണവില ബാരലിന് 200 ഡോളറിലേക്ക് കുതിച്ചുയരുമെന്ന ഭീതിയും ഇതോടെ ശക്തമായി.

എണ്ണ-വാതക പ്ലാന്റുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കിക്കൊണ്ട് ആഗോള ഊര്‍ജ്ജ വിപണിയെ തകര്‍ക്കുന്ന 'പൂര്‍ണ്ണ തോതിലുള്ള സാമ്പത്തിക യുദ്ധം' നടത്തുമെന്ന് ഇന്നലെ രാത്രി ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടായത്.




സൗത്ത് പാര്‍സിലെ വ്യോമാക്രമണം വിനയായി

പ്രതിസന്ധി രൂക്ഷമായതോടെ, 'വരും മണിക്കൂറുകളില്‍' ശക്തമായ ആക്രമണം ഉണ്ടാകുമെന്ന ഇറാന്റെ ഭീഷണിയെത്തുടര്‍ന്ന് അയല്‍രാജ്യങ്ങളിലെ ഗള്‍ഫ് എണ്ണ-വാതക കേന്ദ്രങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇറാന്റെ മൊത്തം വാതക ഉത്പാദനത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ സൗത്ത് പാര്‍സിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങള്‍.




ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രമുഖ എല്‍എന്‍ജി പ്ലാന്റിലുണ്ടായ തീ അണച്ചതായി ഖത്തര്‍ അറിയിച്ചു. മുന്‍പുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് അവിടെ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പുതിയ മിസൈല്‍ വര്‍ഷം വലിയ തോതിലുള്ള തീപിടുത്തത്തിനും കനത്ത നാശനഷ്ടങ്ങള്‍ക്കും കാരണമായതായി ഖത്തര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് യൂറോപ്പിലെ വാതക വില കുതിച്ചുയര്‍ന്നു.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ഇറാന്റെ 'ലക്ഷ്യങ്ങളായി മാറിയെന്ന്' ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി പ്രഖ്യാപിച്ചതോടെ ഇന്നലെ എണ്ണവില അഞ്ച് ശതമാനം വര്‍ദ്ധിച്ചു. 'യുദ്ധത്തിന്റെ ഗതി ഇപ്പോള്‍ പൂര്‍ണ്ണതോതിലുള്ള ഒരു സാമ്പത്തിക യുദ്ധത്തിലേക്ക് മാറിയിരിക്കുന്നു' എന്ന് ഇറാന്റെ റീജിയണല്‍ ഗവര്‍ണര്‍ എസ്‌കന്ദര്‍ പസലാര്‍ പ്രഖ്യാപിച്ചു.




കുവൈറ്റിലെ മിന അല്‍-അഹമ്മദി റിഫൈനറിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം വലിയ തീപിടുത്തത്തിന് കാരണമായെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. പ്രതിദിനം 7,30,000 ബാരല്‍ പെട്രോളിയം ഉല്‍പ്പാദന ശേഷിയുള്ള പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ റിഫൈനറികളിലൊന്നാണിത്. ഇതിന് പിന്നാലെ സമീപത്തുള്ള മിന അബ്ദുള്ള റിഫൈനറിക്കും ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിച്ചു.


അബുദാബിയിലെ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിലെയും ബാബ് ഫീല്‍ഡിലെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ഇറാന്റെ ആക്രമണത്തെ 'അപകടകരമായ പ്രകോപനം' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു. മുന്‍പുണ്ടായിരുന്ന ചെറിയ വിശ്വാസം പോലും ഇതോടെ പൂര്‍ണ്ണമായും തകര്‍ന്നെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

ബ്രിട്ടനിലെ വാഹന ഉപഭോക്താക്കള്‍ക്കുള്ള ഇന്ധനവില കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പ്രതിസന്ധി നീണ്ടുനില്‍ക്കും തോറും ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും മുന്നറിയിപ്പ് നല്‍കി.

മേഖലയിലെ സാഹചര്യം അങ്ങേയറ്റം സങ്കീര്‍ണ്ണമായതിനാല്‍ പശ്ചിമേഷ്യയിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബ്രിട്ടീഷ് റോയല്‍ നേവി വെളിപ്പെടുത്തി.


യുദ്ധം തുടങ്ങിയ ശേഷം ഇറാന്റെ ഊര്‍ജ്ജ കേന്ദ്രത്തിന് നേരെ നടക്കുന്ന ആദ്യ ആക്രമണമാണ് ഇന്നലെ സൗത്ത് പാര്‍സ് പ്രകൃതി വാചക പാടത്ത് ഉണ്ടായത്. തങ്ങളുടെ ഭൂപ്രദേശം ഉപയോഗിച്ച് ആക്രമണം നടത്താന്‍ അമേരിക്കന്‍ സൈന്യത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നല്‍കുന്നുണ്ടെന്ന് ആരോപിക്കുന്ന ഇറാന്‍, മിസൈലുകള്‍ ഉപയോഗിച്ച് ശക്തമായ തിരിച്ചടി നല്‍കി. യുഎഇയില്‍ ബ്രിട്ടീഷ്, ഓസ്ട്രേലിയന്‍ സൈനികര്‍ തങ്ങുന്ന വ്യോമതാവളത്തിലും സൗദി തലസ്ഥാനമായ റിയാദിലും മിസൈലുകള്‍ പതിച്ചു.


1970 കളേക്കാള്‍ വലിയ എണ്ണ പ്രതിസന്ധി?

1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാള്‍ വലിയൊരു ഊര്‍ജ്ജ പ്രതിസന്ധിയാണ് ലോകം ഇപ്പോള്‍ ഭയപ്പെടുന്നത്. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതാണ് ഈ പ്രതിസന്ധിയുടെ കേന്ദ്രബിന്ദു. ഇതുവഴിയുള്ള പ്രതിദിനം 10 ദശലക്ഷം ബാരല്‍ എണ്ണയുടെ നീക്കം തടസ്സപ്പെട്ടു. യുദ്ധത്തിന് മുന്‍പ് 72 ഡോളറായിരുന്ന എണ്ണവില 110 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. വില 200 ഡോളര്‍ കടക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഉടന്‍ സാധ്യതയില്ലെന്നും വിപണി ഇനിയും അസ്ഥിരമായി തുടരുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. അതിനിടെ, യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്ത ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് അമേരിക്ക ഒഴിവാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഇത്തരമൊരു നടപടി 'പ്രതികരിക്കാത്ത സഖ്യകക്ഷികളെ' വേഗത്തില്‍ വഴിക്ക് കൊണ്ടുവരുമെന്നും ട്രംപ് അവകാശപ്പെട്ടു.

തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിലൂടെ യൂറോപ്യന്‍ രാജ്യങ്ങളെ ട്രംപ് പരിഹസിച്ചു: 'ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ അതിന്റെ സുരക്ഷാ ചുമതല കൂടി ഏറ്റെടുത്താല്‍ എന്ത് സംഭവിക്കുമെന്ന് ഞാന്‍ ആലോചിക്കുകയാണ്, നമ്മളല്ലല്ലോ അത് ഉപയോഗിക്കുന്നത്?' എന്നായിരുന്നു ട്രംപിന്റെ ചോദ്യം.




വിദേശ കപ്പലുകള്‍ ഉപയോഗിക്കാന്‍ ട്രംപിന്റെ അനുമതി

എണ്ണവില കുതിച്ചുയര്‍ന്നതോടെ, യുഎസ് പതാകയുള്ള കപ്പലുകളില്‍ മാത്രമേ ചരക്കുകള്‍ നീക്കം ചെയ്യാവൂ എന്ന 100 വര്‍ഷം പഴക്കമുള്ള 'ജോണ്‍സ് ആക്ട്' (Jones Act) താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ ഈ നിയമം കാരണമാകുന്നു എന്ന പരാതിക്കിടെയാണ്, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത് കണക്കിലെടുത്ത് 60 ദിവസത്തേക്ക് വിദേശ കപ്പലുകള്‍ക്ക് ഇന്ധനം എത്തിക്കാന്‍ ട്രംപ് അനുമതി നല്‍കിയത്.

കഴിഞ്ഞ ദിവസം നടന്ന 'പ്രൈം മിനിസ്റ്റേഴ്‌സ് ക്വസ്റ്റ്യന്‍സില്‍' (PMQs), ബ്രിട്ടീഷ് സൈന്യത്തെ ഒരു 'വലിയ യുദ്ധത്തിലേക്ക്' വലിച്ചിഴയ്ക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലേക്ക് റോയല്‍ നേവിയെ അയക്കണമെന്ന ട്രംപിന്റെ ആവശ്യം അദ്ദേഹം ഇതുവരെ അംഗീകരിച്ചിട്ടില്ല. സൈപ്രസിനെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ബ്രിട്ടന്‍ 'എച്ച്എംഎസ് ഡ്രാഗണ്‍' (HMS Dragon) എന്ന യുദ്ധക്കപ്പല്‍ അയച്ചിട്ടുണ്ടെങ്കിലും അതിന്റെ നീക്കം വളരെ സാവധാനത്തിലാണ്.

ജപ്പാനില്‍ നിന്ന് മറീനുകള്‍ വരുന്നു

ജപ്പാനില്‍ നിന്ന് 2,500 മറീനുകള്‍ അടങ്ങുന്ന '911 ഫോഴ്സിനെ' (911 force) പശ്ചിമേഷ്യയിലേക്ക് പുനര്‍വിന്യാസം ചെയ്യാന്‍ അമേരിക്ക ഉത്തരവിട്ടു. ഇറാന്റെ മണ്ണിലേക്ക് അമേരിക്കന്‍ സൈന്യം നേരിട്ട് ഇറങ്ങാനുള്ള സാധ്യതയാണ് ഇത് നല്‍കുന്ന സൂചന. എന്നാല്‍ ഇതൊരു 'അവിവേകപൂര്‍ണ്ണമായ' നീക്കമാണെന്നും എത്രകാലം വേണമെങ്കിലും പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രതികരിച്ചു.



സാമ്പത്തിക പ്രതിസന്ധി ഏറ്റവും ബാധിച്ചത് ബ്രിട്ടനെ

അതേസമയം, യുദ്ധം തുടങ്ങിയ ശേഷം ബ്രിട്ടനില്‍ പെട്രോളിന് ലിറ്ററിന് 10 പെന്‍സ് വര്‍ധിച്ച് 143 പെന്‍സിലും, ഡീസലിന് 20 പെന്‍സ് വര്‍ധിച്ച് 163 പെന്‍സിലും എത്തിയതായി ആര്‍എസി (RAC) കണക്കുകള്‍ വ്യക്തമാക്കുന്നു.

സംഘര്‍ഷം കാരണം നിക്ഷേപകര്‍ ബ്രിട്ടീഷ് ബോണ്ടുകള്‍ (Gilts) വ്യാപകമായി വിറ്റഴിച്ചതോടെ സര്‍ക്കാരിന്റെ കടമെടുപ്പ് ചെലവ് വര്‍ധിച്ചു. ജി7 (G7) രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം ബ്രിട്ടനിലായതിനാല്‍ ആഗോളതലത്തിലുള്ള ഈ സാമ്പത്തിക പ്രതിസന്ധി ബ്രിട്ടനെയാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. യുക്രെയ്ന്‍ യുദ്ധസമയത്ത് നല്‍കിയത് പോലെ ഊര്‍ജ്ജ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കേണ്ടി വരുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക ലോകം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത്തരം സാമ്പത്തിക ആഘാതങ്ങള്‍ നേരിടാന്‍ ബ്രിട്ടന്‍ കൂടുതല്‍ ദുര്‍ബലമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.