തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം പാലോടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടില്‍ ബാബു(54)ആണ് മരിച്ചത്.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ബാബുവിനെ നാല് ദിവസമായി കാണാനില്ലായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാത്രി ആറുമണിയോടെ ആന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളത്തൂപ്പുഴ വനംപരിധിയില്‍പ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപം ബാബുവിന്റെ വസ്ത്രങ്ങളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നീര്‍ച്ചാലിനു സമീപത്തായി ബാബുവിന്റെ മൃതദേഹം കണ്ടെത്തി.

ബാബു മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഇടുക്കി പെരുവന്താനം സ്വദേശി സോഫിയയും (44) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സ്‌കൂളില്‍നിന്നും വന്ന മക്കളെ വീട്ടിലെത്തിച്ച ശേഷം സോഫിയ കുളിക്കാനായി സമീപത്തെ കുളിക്കടവിലേക്ക് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുളിക്കാന്‍പോയ ഇവരെ കാണാതായതിനെ തുടര്‍ന്ന് മകന്‍ അന്വേഷിച്ചു വരുമ്പോഴാണ് വിവരം അറിയുന്നത്.

വയനാട്ടിലും കാട്ടാന അക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. നൂല്‍പ്പുഴ സ്വദേശി മാനുവാണ് മരിച്ചത്. 45-കാരനായ മാനു ജോലി കഴിഞ്ഞ് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ആന ആക്രമിച്ചതെന്ന് കരുതുന്നു.

അതേസമയം സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളില്‍ കൈ മലര്‍ത്തുകയാണ് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. എല്ലായിടത്തും ക്യാമറ വെച്ചു നിരീക്ഷിക്കാനാകില്ല. മാന്‍പവര്‍ കൂടി ഉപയോഗിച്ച് മാത്രമേ വന്യ ജീവികളെ സ്‌പോട്ട് ചെയ്യാനാകുവെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

വന്യ ജീവികളെ നിലവില്‍ വെടി വയ്ക്കാന്‍ ഉത്തരവിടാന്‍ കാലതാമസം ഉണ്ടാകാറില്ല. വന്യ ജീവി ആക്രമണം എന്നത്തേക്ക് പൂര്‍ണമായി തടയാന്‍ കഴിയുമെന്ന് പറയാന്‍ ആകില്ല. ബജറ്റ് ഫണ്ടും, നബാര്‍ഡിന്റെ ലോണും ഉപയോഗിച്ച് പരമാവധി ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.