കോട്ടയം: എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലന്‍, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ ശ്രീജയുടെ മരണം ഉച്ചക്ക് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മകന്‍ ആയ അഖിലേഷ് ചികിത്സയിലാണ്.

പൊളളലറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ എരുമേലി കനകപ്പലത്താണ് സംഭവം. വീട്ടിനുള്ളില്‍ മാതാപിതാക്കളും രണ്ട് മക്കളുമാണുണ്ടായിരുന്നത്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. അഗ്‌നിശമന സേന എത്തിയതാണ് പൊള്ളലേറ്റവരെ പുറത്തെടുത്തത്. വീട് പൂര്‍ണമായും കത്തി നശിച്ചു. പരുക്കേറ്റവരെ ആദ്യം എരുമേലി ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.


മകള്‍ അഞ്ജലിയുടെ പ്രണയബന്ധത്തെ ചൊല്ലി കുടുംബത്തില്‍ തര്‍ക്കം നിലനിന്നിരുന്നതായി പറയുന്നു. ഒരാഴ്ച മുന്‍പാണ് വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്ന മകള്‍ നാട്ടിലെത്തിയത്. ജൂബിലി സൗണ്ട്‌സ് എന്നപേരില്‍ മൈക്ക് സെറ്റ് സ്ഥാപനം മടത്തുന്നയാളാണ് സത്യപാലന്‍. മകളുടെ പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവുമായി വീട്ടുകാര്‍ രാവിലെ മുതല്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയിലാണ് തീപിടുത്തം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.

സത്യപാലന്റെ കൂടെ ജൂബിലി സൗണ്ട്‌സില്‍ മുന്‍പ് ജോലി ചെയ്തിരുന്ന യുവാവുമായി യുവതി ഇഷ്ടത്തിലായിരുന്നു. വിവാഹം കഴിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവ് യുവതിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍, യുവാവുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇതേ ചൊല്ലി ഇന്നുരാവിലെയും തര്‍ക്കം ഉണ്ടായെന്നും സൂചനയുണ്ട്.




സംഭവം നടക്കുമ്പോള്‍, റോഡരികിലുള്ള വീടിന്റെ വാതിലുകള്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു. അമ്മ ശ്രീജ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ക്ക് പൊള്ളലേറ്റുവെന്നും മകന്‍ അഖിലേഷ് പ്രാഥമിക മൊഴി നല്‍കിയതായി സൂചനയുണ്ട്. സംഭവം നടക്കുമ്പോള്‍ താന്‍ ശുചിമുറിയിലായിരുന്നുവെന്നും ബഹളം കേട്ട് പുറത്തുവന്നപ്പോഴാണ് തനിക്കും പൊളളലേറ്റതെന്നുമാണ് മൊഴി. എന്നാല്‍,

, സംഭവത്തിന്റെ യഥാര്‍ഥ ചിത്രം ഇതുവരെ പുറത്തുവന്നിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.