ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ യുദ്ധ സമാനമായ സാഹചര്യം തുടരുന്നതിനിടെ ഇന്ത്യൻ സൈന്യത്തിന്റെ നവീകരണത്തിനായി സംഭാവന ആവശ്യപ്പെട്ട് കേന്ദ്രം ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സന്ദേശം പ്രചരിക്കുന്നു. വാട്ട്‌സ്ആപ്പ് വഴിയാണ് സന്ദേശം പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ഞായാറാഴ്ച പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. സന്ദേശത്തിലെ അക്കൗണ്ട് വിശദാംശങ്ങൾ തെറ്റാണ്, ആളുകൾ ജാഗ്രത പാലിക്കുകയും അത്തരം വഞ്ചനാപരമായ സന്ദേശങ്ങൾക്ക് ഇരയാകാതിരിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇപ്പോൾ ഈ സന്ദേശം മലയാളത്തിലും പ്രചരിക്കുകയാണ്. ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പേര് പരാമർശിച്ചാണ് ഈ സന്ദേശം പ്രചരിക്കുന്നത്.

സന്ദേശം വ്യാജമാണെന്ന് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചിട്ടുണ്ട്. സൈനിക നടപടികളിൽ ജീവൻ ബലിയർപ്പിച്ചതോ പരിക്കേറ്റതോ ആയ സൈനികരുടെ കുടുംബങ്ങൾക്ക് ഉടനടി സാമ്പത്തിക സഹായം നൽകുന്നതിനായി ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റി (എഎഫ്ബിസിഡബ്ല്യുഎഫ്) സൃഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ പോസ്റ്റിൽ പറയുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. ആയുധങ്ങൾ വാങ്ങുന്നതിനായാണ് ഈ ഫണ്ട് ഉപയോഗിക്കുന്നില്ല എന്നും എക്ക്സിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.



വ്യാജ സന്ദേശത്തിന്റെ പൂർണ രൂപം

സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിൻ്റെ നിർദ്ദേശപ്രകാരം മോദി സർക്കാരിൻ്റെ മറ്റൊരു നല്ല തീരുമാനം:........

പ്രതിദിനം ഒരു രൂപ മാത്രം, അതും ഇന്ത്യൻ സൈന്യത്തിന്. ഇന്നലത്തെ ക്യാബിനറ്റ് യോഗത്തിൽ, ഇന്ത്യൻ സൈന്യത്തിൻ്റെ നവീകരണത്തിനും യുദ്ധമേഖലയിൽ പരിക്കേൽക്കുകയോ വീരമൃത്യു വരിക്കുകയോ ചെയ്യുന്ന സൈനികർക്കായി മോദി സർക്കാർ ബാങ്ക് അക്കൗണ്ട് തുറന്നു. അതിൽ ഓരോ ഇന്ത്യക്കാരനും അവൻ്റെ/അവളുടെ സ്വന്തം ഇഷ്ടപ്രകാരം എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാം. ഇത് 1 രൂപ മുതൽ ആരംഭിക്കുന്നതും പരിധിയില്ലാത്തതുമാണ്.

സൈന്യത്തിനും അർദ്ധസൈനിക സേനയ്ക്കും ആയുധങ്ങൾ വാങ്ങാനും ഈ പണം ഉപയോഗിക്കും. ന്യൂഡൽഹി, മൻ കി ബാത്, ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ് എന്നിവയിലെ ആളുകളുടെ നിർദ്ദേശപ്രകാരം, ഇന്നത്തെ കത്തുന്ന സാഹചര്യത്തിൽ മോദി സർക്കാർ ഒടുവിൽ തീരുമാനമെടുത്തു, കാനറ ബാങ്കിൽ ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റി ഫണ്ട് അക്കൗണ്ട് ആരംഭിച്ചു.

ഇത് ചലച്ചിത്ര താരം അക്ഷയ് കുമാറിൻ്റെ മാസ്റ്റർ സ്ട്രോക്ക് ആണ്. ഇന്ത്യ ഒരു സൂപ്പർ പവർ ആകുന്നത് തടയാൻ ആർക്കും കഴിയില്ല. ഇന്ത്യയിലെ 130 കോടി ജനസംഖ്യയുടെ 70% പോലും ഈ ഫണ്ടിലേക്ക് ദിവസവും ഒരു രൂപ മാത്രം നിക്ഷേപിച്ചാൽ, ആ ഒരു രൂപ ഒരു ദിവസം 100 കോടിയായി മാറും. 30 ദിവസം കൊണ്ട് 3000 കോടിയും ഒരു വർഷം കൊണ്ട് 36000 കോടിയും. പാക്കിസ്ഥാൻ്റെ വാർഷിക പ്രതിരോധ ബജറ്റ് 36,000 കോടി രൂപ പോലുമില്ല.

ഉപയോഗശൂന്യമായ ജോലിക്ക് നമ്മൾ ദിവസവും 100, 1000 രൂപ ചിലവഴിക്കുന്നു, പക്ഷേ സൈന്യത്തിന് ഒരു രൂപ കൊടുത്താൽ തീർച്ചയായും ഇന്ത്യ ഒരു സൂപ്പർ പവർ ആകും. നിങ്ങളുടെ ഈ പണം പ്രതിരോധ മന്ത്രാലയത്തിൻ്റെ ആർമി അസിസ്റ്റൻസ് ആൻഡ് വാർ കാഷ്വാലിറ്റി ഫണ്ടിൽ നേരിട്ട് നിക്ഷേപിക്കും. സൈനിക സാമഗ്രികൾക്കും സൈനിക ഉദ്യോഗസ്ഥർക്കും ഇത് ഉപയോഗപ്രദമാകും. സൈന്യത്തെ നേരിട്ട് സഹായിക്കൂ. രാജ്യത്തിൻ്റെ സൈന്യത്തെ ശക്തിപ്പെടുത്തുക.