വാഷിങ്ടണ്‍: ലോകത്തെ നടുക്കിയ വെടിയൊച്ചയാണ് അമേരിക്കയില്‍ നിന്നും ഏതാനും മണിക്കൂറുകള്‍ മുമ്പ് പുറത്തുവന്നത്. ലോകത്തെ ഏറ്റവും കരുത്തനായ രാഷ്ട്രനേതാവാകാന്‍ മത്സരിക്കുന്ന ട്രംപിന് നേരെ വെടിയുതുര്‍ത്തത് ലോകത്തെ ഞെട്ടിച്ചിരുന്നു. ട്രംപ് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്. ട്രംപിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ആരെന്ന ചോദ്യത്തിനും ഒടുവില്‍ ഉത്തരമായി.

തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വെടിവെച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ 20കാരന്‍ തോമസ് മാത്യു ക്രൂക്ക്‌സ് എന്നയാളാണ് അക്രമിയെന്ന് എഫ്.ബി.ഐ അറിയിച്ചു. ആക്രമണത്തിന്റെ കാരണവും ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.

ട്രംപിനുനേരെ വെടിയുതിര്‍ത്ത ഉടന്‍ തന്നെ അക്രമിയെ സുരക്ഷാ സംഘം വെടിവെച്ച് കൊന്നിരുന്നു. സംഭവസ്ഥലത്തുനിന്ന് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് തോക്ക് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, പരിക്കേറ്റ് ചികിത്സ തേടിയ ട്രംപ് ആശുപത്രി വിട്ടു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ ട്രംപ് പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ സംഘം അറിയിച്ചു.

ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ ചെവിക്കാണ് പരിക്കേറ്റത്. ഉടന്‍ സുരക്ഷാ സേനാംഗങ്ങള്‍ വേദിയിലെത്തി ട്രംപിനെ പൊതിഞ്ഞു. അടുത്തനിമിഷം തന്നെ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു.

തുടരെത്തുടരെ മൂന്ന് തവണ അക്രമി വെടിയുതിര്‍ത്തതോടെ ട്രംപ് നിലത്തേക്ക് വീണു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തി ട്രംപിനെ വലയം ചെയ്യുകയാണ് ഉണ്ടായത്. ഇതിനിടെ തുടരെ അക്രമി വെടിയുതിര്‍ത്തു കൊണ്ടേയിരുന്നുവെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് നിലത്ത് നിന്ന് ചോരയൊലിക്കുന്ന മുഖവുമായാണ് ട്രംപ് എഴുന്നേറ്റത്.

ട്രംപിനെതിരേ നടന്ന അക്രമണം വധശ്രമമായിരുന്നുവെന്ന് എഫ്ബിഐ ഉദ്യോഗസ്ഥന്‍ കെവിന്‍ റോജക് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ, ട്രംപിന്റെ മകന്‍ എറിക് ട്രംപ് 'ഇതു പോലൊരു പോരാളിയെയാണ് അമേരിക്കയ്ക്കാവശ്യം' എന്ന തലക്കെട്ടോടെ ട്രംപ് ചോരയൊലിക്കുന്ന മുഖവുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ട്രംപിന്റെ വലത്തെ ചെവിയിലാണ് വെടിയേറ്റത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം കാറിനരികിലെത്തുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ട്രംപ് സുരക്ഷിതനായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടതായും ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചു കയറി. വലിയ രീതിയില്‍ രക്തസ്രാവമുണ്ടായി. അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായതെന്നാണ് സംഭവത്തെക്കുറിച്ച് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. നിലത്ത് വീണിടത്ത് നിന്ന് ചോരയൊലിക്കുന്ന മുഖത്തോടെ എഴുന്നേറ്റ ട്രംപ് 'പോരാടൂ' എന്ന് ഉറക്കെ വിളിച്ചു പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അക്രമി കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിപാടിയില്‍ പങ്കെടുത്ത മൂന്നു പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. മൂന്നുപേരും യുവാക്കളാണെന്നും ഇതില്‍ ഒരാള്‍ മരിച്ചുവെന്നും രണ്ടുപേരുടെ നില ഗുരുതരമെന്നും ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് നിയമപാലകര്‍ വ്യക്തമാക്കുന്നത്.

അതിനിടെ, സംഭവത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിയെ നേരിടുന്ന സ്‌നൈപ്പറുടെ ദൃശ്യങ്ങള്‍ എന്ന രീതിയിലുള്ള വീഡിയോകളും പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെട്ട അക്രമിയെന്ന രീതിയില്‍ പല ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും ഒന്നും ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനാണെന്ന് സംഭവത്തിന് പിന്നാലെ യു.എസ്. സീക്രട്ട് സര്‍വീസ് വ്യക്തമാക്കി. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയതായി വക്താവ് സ്റ്റീവന്‍ ച്യൂങ്ങും പ്രസ്താവനയില്‍ അറിയിച്ചു.