- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മയക്കുമരുന്നു ഭീകരന്റെ വീഴ്ച്ചയുടെ ആഘാതത്തില്‍ ഫിഫയും! 'എല്‍ മെന്‍ചോ'യുടെ കൊലപാതകത്തില്‍ മെക്‌സിക്കോ നിന്നു കത്തുമ്പോള്‍ ലോകകപ്പും കലാപഭീതിയില്‍; ലോകകപ്പ് നടക്കേണ്ട നഗരങ്ങളില്‍ സൈന്യവും മാഫിയയും തമ്മില്‍ ഏറ്റുമുട്ടല്‍; വിവിധ ഡിവിഷന്‍ ഫുട്ബാള്‍ മത്സരങ്ങളും റദ്ദാക്കി
മയക്കുമരുന്നു ഭീകരന്റെ വീഴ്ച്ചയുടെ ആഘാതത്തില്‍ ഫിഫയും!

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്ബാളിലേക്ക് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അപൂര്‍വമായൊരു പ്രതിസന്ധിയില്‍ ഫിഫയും. ഒരു മയക്കുമരുന്ന് മാഫിയാ തലവനെ ഏറ്റുമുട്ടലില്‍ വധിച്ചതോടെ മെക്‌സിക്കോ നിന്നു കത്തുന്ന അവസ്ഥയിലാണ്. അമേരിക്ക, കാനഡ എന്നിവര്‍ക്കൊപ്പം സഹ ആതിഥേയരായ മെക്‌സികോയില്‍ തലപൊക്കിയ മയക്കുമരുന്ന് കലാപമാണ് ഈയൊരു പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. കുപ്രസിദ്ധ മെക്‌സികന്‍ മയക്കുമരുന്ന് രാജാവ് നെമെസിയോ 'എല്‍ മെന്‍ചോ' ഒസെഗുവേര കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപം ലോകകപ്പ് സംഘാടനത്തിനും ഭീഷണിയാവുന്നതായി രാജ്യാന്താര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കേണ്ട നഗരങ്ങൡ പോലും സുരക്ഷാ സേനകളുമായി മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടുന്ന അവസ്ഥയാണുള്ളത്.
മെക്‌സികന്‍ സൈന്യത്തിന്റെ റെയ്ഡിനിടയിലെ ഏറ്റുമുട്ടലിലായിരുന്നു അമേരിക്ക 15 ദശലക്ഷം ഡോളര്‍ തലക്ക് വിലയിട്ട 'എല്‍ മെന്‍ചോ' കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ആറ് മയക്കുമരുന്ന് കാര്‍ട്ടല്‍ അംഗങ്ങളും കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികള്‍ പിടിവിട്ടു. സൈന്യവും സര്‍ക്കാറിനു സമാന്തരമായി വലിയ ശക്തിയായ മയക്കുമരുന്ന് സംഘവും തെരുവ് ഏറ്റുമുട്ടലിലേക്ക് നീങ്ങി.
ലോകകപ്പ് നഗരികളിലൊന്നായ ഗ്വാഡലാറയില്‍നിന്ന് രണ്ടു മണിക്കൂര്‍ മാത്രം യാത്രചെയ്താലെത്തുന്ന ജലികോ, തപല്‍പ എന്നിവടങ്ങളില്‍ തുടങ്ങിയ സംഘര്‍ഷമാണ് സൈന്യവും മാഫിയയും തമ്മിലെ ഏറ്റുമുട്ടലിന് വഴിവെച്ചത്. ഇവിടെ നടന്ന റെയ്ഡിനിടയില്‍ എല്‍ മെന്‍ചോ കൊല്ലപ്പെട്ടതോടെ സംഘര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി പടര്‍ന്നു. വാഹനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും വ്യാപാര കേന്ദ്രങ്ങളും അഗ്‌നിക്കിരയായി.
സംഘര്‍ഷ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാജ്യത്തെ പ്രധാനപ്പെട്ട നാല് മത്സരങ്ങള്‍ മാറ്റിവെച്ചു. വിവിധ ഡിവിഷന്‍ ഫുട്ബാള്‍ മത്സരങ്ങളും റദ്ദാക്കി. ബുധനാഴ്ച നടക്കാനിരിക്കുന്ന മെക്‌സികോ ദേശീയ ഫുട്ബാള്‍ ടീമിന്റെ സൗഹൃദ മത്സരവും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ഇതോടെയാണ് ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പും സുരക്ഷാ ഭീഷണിയിലാവുന്നത്. മയക്കുമരുന്ന് മാഫിയകളുടെ കൊലവിളികള്‍കൊണ്ട് കുപ്രസിദ്ധമായ മെക്‌സികോയില്‍ വീണ്ടും ചോരപ്പുഴ ഒഴുകിത്തുടങ്ങുമ്പോള്‍ മാച്ച് ടിക്കറ്റുമായി കാത്തിരിക്കുന്ന ലോകമെങ്ങുമുള്ള ഫുട്ബാള്‍ ആരാധകരും ആശങ്കയിലാണ്.
ലോകകപ്പിന്റെ മൂന്നാം ആതിഥേയ രാജ്യമായ മെക്‌സികോയില്‍ മൂന്ന് നഗരങ്ങളിലായി 13 മത്സരങ്ങളാണുള്ളത്. ആതിഥേയരായ മെക്‌സികോക്ക് പുറമെ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ഉസ്‌ബെക്, കൊളംബിയ, ഉറുഗ്വായ്, സ്‌പെയിന്‍, ജപ്പാന്‍, തുനീഷ്യ ടീമുകളുടെ ഗ്രൂപ് മത്സരങ്ങള്‍, മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍ എന്നിവയുടെ വേദിയാണ് മെക്‌സികോ.
ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ എന്ന ഭീകരസംഘടനയുടെ തലവനായ നെമീസിയോ ഒസെഗ്വേര സെര്‍വാന്റസ് (59) കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ രാജ്യം മൊത്തം അക്രമം അഴിച്ചുവിടുകയാണ്. വിനോദസഞ്ചാരികള്‍ നിറഞ്ഞ വിമാനത്താവളങ്ങളിലും നഗരമധ്യത്തിലും സായുധ സംഘങ്ങള്‍ വെടിയുതിര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതോടെ മെക്‌സിക്കോ കടുത്ത പ്രതിസന്ധിയിലാണ്.
മെക്‌സിക്കോയിലെ പ്രധാന നഗരമായ ഗുവാഡലജാരയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച അരങ്ങേറിയത് ഭീതിജനകമായ രംഗങ്ങളാണ്. വിമാനത്താവളത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ മാഫിയാ സംഘം അഗ്‌നിക്കിരയാക്കിയതോടെ വിമാനത്താവളത്തിനുള്ളില്‍ പുക നിറഞ്ഞു. കാര്‍ട്ടല്‍ ആക്രമണം ഭയന്ന് ഡ്യൂട്ടി ഫ്രീ ഏരിയയിലുണ്ടായിരുന്ന നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ജീവനും കൊണ്ട് ചിതറിയോടി.
ലഗേജുകള്‍ ഉപേക്ഷിച്ചും കസേരകള്‍ക്ക് പിന്നില്‍ ഒളിച്ചുമാണ് പലരും വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെട്ടത്. വിമാനത്താവളത്തിനുള്ളില്‍ വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയില്‍ നിന്നുള്ള വിനോദസഞ്ചാരിയായ കാറ്റി ഹോളമന്‍ തന്റെ ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ കാര്‍ട്ടല്‍ സംഘം അടച്ചതായും വിമാനങ്ങള്‍ റദ്ദാക്കിയതായും അവര്‍ പറഞ്ഞു. ഹോട്ടല്‍ ജീവനക്കാര്‍ പോലും മുമ്പ് കണ്ടിട്ടില്ലാത്ത വിധം അക്രമാസക്തമായ അന്തരീക്ഷമാണ് നഗരത്തില്‍ നിലനില്‍ക്കുന്നത്.
എല്‍ മെഞ്ചോയുടെ മരണത്തിന് പിന്നാലെ 20 ഓളം സംസ്ഥാനങ്ങളിലേക്ക് അക്രമം പടര്‍ന്നു. ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ബസുകളും ട്രക്കുകളും തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍മാരെ പുറത്തിറക്കിയ ശേഷം അവയ്ക്ക് തീയിട്ടാണ് അക്രമികള്‍ റോഡുകള്‍ തടസ്സപ്പെടുത്തുന്നത്. റോഡുകളില്‍ ഇരുമ്പാണികള്‍ വിതറിയും ഗതാഗതം മുടക്കുന്നുണ്ട്.
ബാങ്കുകള്‍, ഫാര്‍മസികള്‍ തുടങ്ങിയ സ്ഥാപനങ്ങളും അക്രമികള്‍ ലക്ഷ്യമിടുന്നു. പ്യൂര്‍ട്ടോ വല്ലാര്‍ട്ട എന്ന ടൂറിസ്റ്റ് നഗരവും ഇപ്പോള്‍ ഉപരോധത്തിന് സമാനമായ സാഹചര്യത്തിലാണ്. ഇവിടെ പ്രൊപ്പെയ്ന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതായും കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ വര്‍ഷം നാല് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ട നഗരമാണ് അക്രമം രൂക്ഷമായ ഗുവാഡലജാര എന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
സാഹചര്യം വഷളായതോടെ ജാലിസ്‌കോ ഗവര്‍ണര്‍ പാബ്ലോ ലെമസ് നവാരോ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചു. ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും സുരക്ഷാ സേനയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അദ്ദേഹം അറിയിച്ചു. അമേരിക്കന്‍ എംബസിയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയവും തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എല്‍ മെഞ്ചോയുടെ മരണം മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയയുടെ ശക്തി കുറയ്ക്കുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ഇത് പുതിയൊരു ഗ്യാങ് വാറിന് വഴിവെക്കുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. ഡ്രോണുകളും ഐഇഡികളും ഉപയോഗിച്ച് സൈന്യത്തെപ്പോലും വെല്ലുവിളിച്ചിരുന്ന ഈ സംഘം അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള ഭീകരസംഘടനയായാണ് അറിയപ്പെടുന്നത്.
മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയാന്‍ കടുത്ത നടപടി വേണമെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ മെക്‌സിക്കോയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരു തലവന്‍ മരിച്ചാലും 32 സംസ്ഥാനങ്ങളില്‍ 21 എണ്ണത്തിലും സാന്നിധ്യമുള്ള ഈ കൊടും കുറ്റവാളി സംഘം എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മെക്‌സിക്കോയുടെ വരും ദിവസങ്ങള്‍.


