കൊച്ചി: എടത്തല പൂക്കാട്ടുപടിയിൽ തീപിടിത്തമുണ്ടായ പ്ലാസ്റ്റിക് ഗോ‍ഡൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ വൈകുന്നതിനാൽ ബുദ്ധിമുട്ടിലായി പ്രദേശവാസികൾ. മാലിന്യങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് 50 ഓളം കുടുംബങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അടക്കം നിരവധി വകുപ്പ് അധികാരികൾക്ക് നിവേദനം സമർപ്പിച്ചിരിക്കുകയാണ് സമീപവാസികൾ. മാലിന്യം തീപിടിച്ചതിനെ തുടർന്ന് പ്രദേശത്താകെ അസഹനീയമായ ദുർഗന്ധം വമിക്കുന്നതായാണ് പരാതിക്കാർ പറയുന്നത്. മാലിന്യം കൊണ്ട് പ്രദേശത്തെ കുളം നികത്തിയതായി പരാതിപ്പെട്ടിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

എത്രയും പെട്ടെന്ന് മാലിന്യം നീക്കാനുള്ള നടപടികൾ അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ പ്രദേശവാസികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നുമാണ് സൂചന. കഴിഞ്ഞ 18നാണ് എടത്തല പഞ്ചായത്തിൽ പൂക്കാട്ടുപടിക്ക് സമീപം മാളക്കപ്പടി കോരങ്ങാട്ട്കരയിൽ‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായത്. അനധികൃതമായി ഈ പ്ലാസ്റ്റിക് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. പ്രായമായവരും, കുട്ടികളും ഉൾപ്പടെ അൻപതോളം കുടുംബങ്ങൾ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. തീയണച്ച ശേഷവും ദിവസങ്ങളോളം പ്രദേശങ്ങളിൽ പുക നിറഞ്ഞു നിന്നിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അർബുദം, ഹൃദയരോഗം, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഉൾപ്പെടെ ജനങ്ങൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.

മഴ പെയ്താൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള അണുക്കൾ മാലിന്യത്തിൽ നിന്നുള്ള അണുക്കൾ പരിസരപ്രദേശത്തുള്ള കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുന്ന മാലിന്യ അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന ആവശ്യമാണ് ഉയർന്ന് വരുന്നത്. മാലിന്യം മാറ്റം ചെയ്യാത്ത കാരണമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നനങ്ങളെ കുറിച്ച് പഞ്ചായത്തിൽ അടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. മാലിന്യം ഉപയോഗിച്ച് പ്രദേശത്തെ കുളം നികത്തിയതായും നാട്ടുകാർ പറയുന്നു. ഇവിടെ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും പരാതിയിൽ പറയുന്നു. ആരോഗ്യ വിഭാഗം സ്ഥലത്ത് ഇന്ന് പരിശോധന നടത്തിയിരുന്നു.

ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. വേർതിരിക്കാനും പുനരുപയോഗിക്കാനുമായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കത്തിനശിച്ചത്. തീപിടിക്കുമ്പോൾ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ ഗോഡൗണിലുണ്ടായിരുന്നു. ഉറക്കത്തിലായിരുന്ന ഇവർ അപകടം അറിഞ്ഞു വേഗത്തിൽ പുറത്തെത്തിയതിനാൽ ജീവൻ രക്ഷിക്കാനായി. സമീപ മേഖലകളിലെ 6 ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള 8 ഫയർ എൻജിനുകളെത്തിച്ചാണ് 6 മണിക്കൂറോളം എടുത്തു തീ അണച്ചത്. ഒന്നര ഏക്കറോളം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നു ഈ ഗോഡൗൺ. നാട്ടുകാർ ഒട്ടേറെ തവണ പരാതിപ്പെടുകയും ചെയ്തിരുന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തു. എന്നാൽ ഇതിനു ശേഷവും ഗോ‍ഡൗൺ പ്രവർത്തിച്ചത് പഞ്ചായത്തിന്റെ ഒത്താശയോടെ ആണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.