തിരുവനന്തപുരം: കാടിനോട് ഓരം പറ്റിയാണ് സംസ്ഥാനത്തെ മലയോര ജനത ഒരുകാലത്ത് അവരുടെ ജീവിതം കെട്ടിപ്പെടുത്തത്. വനമേഖലകളില്‍ കൃഷി ചെയ്തും ഇന്ധനത്തിനായി വിറകു ശേഖരിക്കാന്‍ വനത്തില്‍ പോയുമെല്ലാണ് ആ ജനത ജീവിച്ചു വന്നത്. അന്നൊക്കെ വനം മനുഷ്യന് അന്യമായ ഇടമായിരുന്നില്ല. എന്നാല്‍, കാലം മാറിയപ്പോള്‍ കാട്ടില്‍ പ്രവേശിക്കുന്നത് പോലും കുറ്റകരമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ അനധികൃതമായി വനത്തില്‍ പ്രവേശിച്ചാല്‍ വന്‍തുക പിഴയായി അടക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്തെ കേരള വനം നിയമം ഭേദഗതിചെയ്യുന്നതിനുള്ള ബില്‍ പ്രസിദ്ധീകിരിച്ചതോടെ വനത്തോട് ചേര്‍ന്നു കിടക്കുന്ന ജനങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്.

വനം കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിവരെ കൂട്ടാനുള്ള നിയമ നിര്‍മാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നത്. ഈ ഭേദഗതി കരിനിയമമാണെന്ന ആക്ഷേപം ശക്തമാണ്. വാറന്റോ കേസ് ഇല്ലാതെ ആരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റഡിയില്‍ എടുക്കാനുള്ള അനുമതി നല്‍കുന്നതാണ് പുതിയ നിയമ നിര്‍മാണം. ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്ന് പറഞ്ഞോ മീന്‍ പിടിച്ചെന്ന് പറഞ്ഞോ അറസ്റ്റ് ചെയ്യാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമ ഭേദഗതി. വന്യമൃഗ ആക്രമണങ്ങള്‍ പതിവാകുമ്പോള്‍ ജനരോഷവും ശക്തമാകാറുണ്ട്. ഇതിന് തടയിടാന്‍ വേണ്ടിയാണ് കരിനിയമം അണിയറയില്‍ ഒരുങ്ങുന്നത്.

1961-ലെ കേരള വനം നിയമം ഭേദഗതിചെയ്യുന്നതിനുള്ള ബില്ലാണ് പൊതുജന അഭിപ്രായം തേടി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനുവരിയില്‍ ചേരുന്ന സമ്മേളനത്തില്‍ ബില്‍ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. വനത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തള്ളുക, വനത്തിനുള്ളില്‍നിന്ന് മണല്‍വാരുക, വനാതിര്‍ത്തിയിലെ വേലികള്‍ക്കും കൈയാലകള്‍ക്കും കേടുവരുത്തുക, തോക്കുകളും സ്‌ഫോടകവസ്തുക്കളുമായി വനത്തില്‍ പ്രവേശിക്കുക, വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക, അവയെ ശല്യപ്പെടുത്തുക, വനത്തിലെ പുഴകളില്‍നിന്ന് മീന്‍പിടിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുക എന്നിവയും കുറ്റകൃത്യങ്ങളാക്കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.




ഇവയെല്ലാം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷവ്യക്തമാക്കുന്ന 27-ാം വകുപ്പില്‍ പുതിയതായി ഉള്‍പ്പെടുത്തും. ഈ കുറ്റങ്ങള്‍ക്ക് ഒന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവും 5000 മുതല്‍ 25,000 രൂപവരെ പിഴയുമാണ് ബില്ലില്‍ നിര്‍ദേശിക്കുന്ന ശിക്ഷ. വനത്തിനുള്ളില്‍വെച്ച് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥകളിലും മാറ്റം വരുത്തും. വാച്ചര്‍മാര്‍ക്കുവരെ അറസ്റ്റിന് അനുമതി നല്‍കുന്നതാണ് ഈ വ്യവസ്ഥ. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്കില്‍ കുറയാത്തവര്‍ക്കുമാത്രം ഇതിന് അധികാരം നല്‍കുന്നതാണ് ഭേദഗതി.

വനത്തിനുള്ളില്‍ അതിക്രമിച്ച് കടക്കുക, വനോത്പന്നങ്ങള്‍ അനധികൃതമായി കൈവശം വെക്കുക, മരങ്ങള്‍ മുറിക്കുകയോ കേടുവരുത്തുകയോ ചെയ്യുക, വനത്തില്‍ കാലിമേക്കുക, ഖനനം നടത്തുക, തീയിടുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നിലവില്‍ വനനിയമ (കേരള ഫോറസ്റ്റ് ആക്ട് 1961) ത്തിന്റെ 27-ാം വകുപ്പിലുള്ളത്.

ഇവയ്ക്ക് ഒന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവ് എന്നതിന് മാറ്റമില്ല. എന്നാല്‍ അയ്യായിരം മുതല്‍ 25,000 രൂപവരെ പിഴ ഇവയ്ക്കും ബാധകമാണ്. ഇത്തരം കേസുകളില്‍ ഇതിനുപുറമേ, കോടതി വിധിക്കുന്ന നഷ്ടപരിഹാരവും നല്‍കണം. വനങ്ങളില്‍നിന്ന് ചന്ദനം മോഷ്ടിച്ചാല്‍ ഏഴുവര്‍ഷംവരെ തടവും 10,000 മുതല്‍ 25,000 രൂപവരെ പിഴയുമാണ് നിലവിലെ ശിക്ഷ. ഇതില്‍ പിഴ 25,000 രൂപ മുതല്‍ 50,000 രൂപവരെയാക്കാനാണ് വ്യവസ്ഥ. മറ്റ് കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴയും കൂടും.

പുതിയ നിയമം നിലവില്‍ വന്നാല്‍, വനാതിര്‍ത്തിയില്‍ അതിര്‍ത്തി രേഖപ്പെടുത്തിയിരിക്കുന്ന ഒരു കല്ല് ഇളക്കിയാല്‍ കൂടി കേസ് എടുക്കുന്ന സാഹചര്യം വരും. വഴിതെറ്റി വനത്തില്‍ കയറിയാല്‍പോലും കുറ്റകരമാകും. ചുരുക്കത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പോലും ഇല്ലാത്ത വിധത്തിലുള്ള കര്‍ശന നടപടികളാകും ഇതോടെ ഉണ്ടാകുക. വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ പലപ്പോഴു പശുവിനെ മേയ്ക്കാനും മറ്റും വനത്തില്‍ പ്രവേശിക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് പോലും ഇനി പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ അത് വലിയ പ്രഹരമായി മാറുമെന്നത് ഉറപ്പാണ്.




മുന്‍പ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കാണ് കേസെടുക്കാന്‍ അധികാരം ഉണ്ടായിരുന്നത് എങ്കില്‍, ഇനിമുതല്‍ ബീറ്റ് ഫോറസ്റ്റര്‍ മുതലുള്ളവര്‍ക്ക് അറസ്റ്റ് ചെയ്യാം. ഇവര്‍ക്ക് ഇനി മുതല്‍ ഏതൊരു വ്യക്തിയേയോ, വാഹനമോ, വീടോ, സ്ഥലമോ വാറന്റ്റ് ഇല്ലാതെ പരിശോധിക്കാമെന്നതുമെല്ലാം അമിതാധികാര പ്രവണതയാണ്. ചുരുക്കി പറഞ്ഞാല്‍ ഭാരതീയ നിയമസംഹിത പ്രകാരമുള്ള കേസുകള്‍ വനംവകുപ്പ് കൈകാര്യം ചെയ്യുന്ന അവസ്ഥയാണ്. കേന്ദ്രസര്‍ക്കാറിനോട് കടുത്ത വന നിയമങ്ങളില്‍ ഇളവ് വരുത്തി ഭേദഗതി ചെയ്യാന്‍ അനുയായികളെകൊണ്ട് സമരം ചെയ്യുന്ന സിപിഎം ഭരിക്കുന്ന സര്‍ക്കാര്‍ ഇവിടെ നിയമം കരിനിയമം നടപ്പിലാക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.