കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരസമിതിക്കെതിരെ ഗുരുതര ആരോപണവുമായി കേരളാ പോലീസ്. തീവ്രസ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന് ആരോപണമുള്ള സമരത്തിനെതിരെ പോലീസ് നിലപാട് കടുപ്പിക്കുകയാണ്. സമരത്തിലെ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുകയാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമരസമിതി ചെയര്‍മാന്‍ ക്രിമിനലാണെന്നും പോലീസ് ആരോപിക്കുന്നു.

സമരക്കാര്‍ മാരകായുധങ്ങള്‍ ശേഖരിച്ചെന്നും കുട്ടികളെ മറയാക്കി സമരം നടത്താന്‍ ആസൂത്രണ ചെയ്‌തെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. സമരത്തില്‍ ഫാക്ടറി ഉടമകളുടെ ആളുകള്‍ നുഴഞ്ഞുകയറിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഫ്രഷ് കട്ട് കേന്ദ്രത്തിനെതിരെ സമരസമിതി കഞ്ഞി വച്ച് സമരം നടത്തിയിരുന്നു. കഞ്ഞി വയ്ക്കാനുള്ള വിറക് കീറാനെത്തിച്ച കോടാലി ഉള്‍പ്പെടെയാണ് പൊലീസ് മാരകായുധമായി ലിസ്റ്റ് ചെയ്തിട്ടുള്ളത്.

മൂന്ന് ആംബുലന്‍സുകള്‍ തയാറാക്കി വച്ചത് സമരസമിതി അക്രമം ആസൂത്രണം ചെയ്തിരുന്നതിന്റെ തെളിവാണെന്നും കുട്ടികള്‍ സ്‌കൂളിലേക്ക് പോവേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നത് അവരെ മറയാക്കി സമരം ചെയ്യാനുള്ള ആസൂത്രണമായിരുന്നെന്നുമാണ് പൊലീസിന്റെ ആരോപണം.

ക്രിമിനല്‍ ഗൂഢാലോചന നടത്തിയ ശേഷമുണ്ടായ അക്രമം ആണെന്നും തീവയ്പ്പ് അടക്കം നടത്തിയത് ബോധപൂര്‍വമാണെന്നും ഇതില്‍ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് വാദം. ആറ് വര്‍ഷമായി സമാധാനപരമായി തങ്ങള്‍ നടത്തിയ സമരം തീവയ്പ്പില്‍ കലാശിച്ചതിനു പിന്നില്‍ ഫാക്ടറിയുടെ ആളുകളാണെന്നും ഇതിന് തെളിവായ സിസിടിവി ദൃശ്യങ്ങള്‍ അവര്‍ പുറത്തുവിടാന്‍ തയാറല്ലെന്നും സമരസമിതി ആരോപിച്ചിരുന്നു. എന്നാല്‍ ഇത് തള്ളുകയാണ് പൊലീസ്.

അതേസമയം താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡിജിപി യതീഷ് ചന്ദ്രക്കെതിരെ തിരിയുകയാണ് സമര സമതിയും. നേരത്തെ നല്‍കിയ പരാതി അന്വേഷണത്തിനായി റൂറല്‍ എസ്പിക്ക് കൈമാറിയെന്നായിരുന്നു പൊലീസ് ഹെഡ്ക്വാര്‍ട്ടെഴ്‌സ് പരാതിക്കാരനെ അറിയിച്ചത്. മേലുദ്യോഗസ്ഥനെതിരായ പരാതി കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ നിക്ഷ്പക്ഷത ഉണ്ടാകില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് വീണ്ടും ഡിജിപിക്ക് കത്തയച്ചു. കര്‍ഷക കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറയാണ് പരാതി നല്‍കിയത്.

അതേസമയം, സമരം വീണ്ടും ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി. ആദ്യഘട്ടമായി സമരവേദി കലക്ടറേറ്റിലേക്ക് മാറ്റും. പരിഹാരം ആയില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യാനും തീരുമാനം. പൊലീസ് പ്രതി പട്ടിക പുറത്ത് വിടണം എന്ന് ആവശ്യം. അറസ്റ്റ് പേടിച്ച് ഏറെ പേരും ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് ഒളിവില്‍ നിന്നും മാറാനാണ് പട്ടിക ചോദിക്കുന്നതെന്നും സമര സമിതി.

കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പൊലീസ് സുരക്ഷയിലാണ് നേരിയ അളവില്‍ സംസ്‌കരണം തുടങ്ങിയത്. അതേ സമയം പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. നിരോധനാജ്ഞ നവംബര്‍ 13 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചിരുന്നു.

പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജങ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്.