തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ രോഗക്കിടക്കയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ 2018 ലെ സ്ത്രീപ്രവേശന കാലത്ത് നടന്ന മനീതി സംഘത്തിന്റെ വരവ് വീണ്ടും ചര്‍ച്ചകളിലേക്ക്.

യുവതി പ്രവേശന സമരവും സര്‍ക്കാരിന്റെ പ്രതിരോധവും ചൂടുപിടിച്ചിരിക്കുന്ന സമയത്താണ് മനീതി സംഘത്തിന്റെ രംഗപ്രവേശം. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന വിവിധ തൊഴില്‍ മേഖലകളിലുള്ള സ്ത്രീകളുടെ കൂട്ടായ്മയാണ്. ജാതി, മത ഭേദമന്യേ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിതമായത്.

2018 ഡിസംബറിലാണ് മനീതി സംഘം എത്തിയത്. തമിഴ്നാട്, ഒഡീഷ, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 11 സ്ത്രീകളടങ്ങുന്ന സംഘമാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്.പമ്പയില്‍ എത്തിയ ഇവരെ പ്രതിഷേധക്കാര്‍ തടയുകയും മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാല്‍ പോലീസിന് ഇവരെ സന്നിധാനത്തേക്ക് എത്തിക്കാന്‍ സാധിച്ചില്ല. സുപ്രീം കോടതി വിധിക്ക് ശേഷം സംഘടിതമായി ദര്‍ശനത്തിന് എത്തിയ ആദ്യത്തെ പ്രധാന സ്ത്രീ കൂട്ടായ്മയായിരുന്നു ഇത്.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സെല്‍വിയുടെ നേതൃത്വത്തില്‍ മനീതി സംഘം ശബരിമലയിലേക്ക് എത്തുന്നത്. അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന ശങ്കരദാസായിരുന്നു ഇവരുടെ വരവിന് പിന്നില്‍. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളാണ് ശങ്കരദാസ്. അതു കൊണ്ടു തന്നെ തമിഴ്നാടുമായി അടുത്ത ബന്ധവും.

മനീതി സംഘത്തെ എത്തിക്കാനുള്ള ചുമതല ഏറ്റെടുത്തത് ശങ്കരദാസും അന്നത്തെ കോട്ടയം എസ്.പിയായിരുന്ന എസ്. ഹരിശങ്കറും ചേര്‍ന്നാണ്. ശങ്കരദാസ് സംഘടിപ്പിച്ച മനീതി സംഘത്തെ ചെന്നെയില്‍ നിന്നും ട്രാവലറില്‍ തേനിയില്‍ എത്തിച്ചു. അവിടെ നിന്ന് കുമളി, വണ്ടിപ്പെരിയാര്‍ വഴി ശബരിമലയിലേക്ക് വരേണ്ടതിന് പകരം കമ്പംമെട്ട് വഴിയാണ് സംഘത്തിന്റെ വാഹനം തിരിച്ചു വിട്ടത്. തേനിയില്‍ നിന്ന് നേരെ കമ്പംമെട്ടിലെത്തിയ വാഹനത്തില്‍ മേലുകാവ് എസ്.ഐ വഴികാട്ടിയായി കയറി. പിന്നെ കേരളാ പോലീസിന്റെ റൂട്ട് മാപ്പ് അനുസരിച്ചായിരുന്നു സഞ്ചാരം. അത് നിശ്ചയിച്ചത് അന്നത്തെ കോട്ടയം എസ്.പി ഹരിശങ്കറും.

കമ്പംമെട്ടില്‍ നിന്ന് കട്ടപ്പന വന്ന വാഹനം നേരെ വാഗമണിലേക്കാണ് പോയത്. അവിടെ നിന്ന് ഈരാറ്റുപേട്ട, മുണ്ടക്കയം, പമ്പാവാലി വഴി ഇലവുങ്കലില്‍ എത്തും വിധമായിരുന്നു റൂട്ട് ക്രമീകരിച്ചിരുന്നത്. ഓരോ സ്റ്റേഷന്‍ പരിധിയിലും അതാത് എസ്എച്ച്ഓമാര്‍ വാഹനത്തിന് പൈലറ്റ് പോയി. മുണ്ടക്കയം പോലീസിന്റെ പൈലറ്റ് വാഹനം സംഘവുമായി പോകുന്നതിനിട വണ്ടന്‍പതാലില്‍ വച്ച് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. ഇവരുടെ വരവ് ഇതിനോടകം ബിജെപിക്ക് ചോര്‍ന്നു കിട്ടിയിരുന്നു. എസ്‌കോര്‍ട്ട് വന്ന പോലീസ് സംഘം ബിജെപി പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്ത് നീക്കി. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന എന്‍. ഹരിയുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.

പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. നിസാരവകുപ്പുകള്‍ ചുമത്തി ജാമ്യം നല്‍കി വിട്ടു. അപ്പോഴാണ് എസ്പി ഹരിശങ്കറുടെ വിളി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചെല്ലുന്നത്. വാഹനം തടഞ്ഞ ബിജെപിക്കാര്‍ക്കെതിരേ വധശ്രമം (308) ചുമത്തി കേസെടുക്കാനായിരുന്നു നിര്‍ദേശം. അതിന് കഴിയില്ലെന്നും വകുപ്പില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ഒടുവില്‍ എസ്.പിയുടെ ആജ്ഞയ്ക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ വണ്ടി തടഞ്ഞതിന് വധശ്രമം ഇട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം ബിജെപിക്കാര്‍ക്ക് എതിരേ കേസ് എടുത്തു. ആ കേസ് ഇപ്പോഴും കോടതിയില്‍ നടന്നു വരികയാണ്.

ശബരിമല പ്രക്ഷോഭ കാലത്തെ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും വണ്ടി തടഞ്ഞതിന് വധശ്രമക്കേസില്‍ പ്രതികളായ ബിജെപിക്കാര്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. ഇത്തരം കുതന്ത്രങ്ങളുടെ ഫലമാണ് ശങ്കരദാസും മകനും ഇപ്പോള്‍ അനുഭവിക്കുന്നത് എന്നാണ് വിശ്വാസികള്‍ പറയുന്നത്. അന്ന അനങ്ങാതിരുന്ന അയ്യപ്പന്‍ ഇവര്‍ക്കെതിരേ പിന്നീട് ചെയ്യുന്ന മധുരപ്രതികാരമാണ് ഇപ്പോഴത്തേത് എന്നും അവര്‍ വിശ്വസിക്കുന്നു.

ശങ്കരദാസ് അംഗമായ ദേവസ്വം ബോര്‍ഡ് ശബരിമല യുവതി പ്രവേശനം വിവാദമാക്കുമ്പോള്‍ അതിന്റെ മറവിലാണ് സ്വര്‍ണക്കൊള്ള നടന്നത് എന്നും യാദൃശ്ചികം. മണ്ഡലപൂജയ്ക്ക് നട തുറന്ന വേളയിലാണ് 2018 ല്‍ യുവതി പ്രവേശന സമരം ഉണ്ടാകുന്നത്. വല്‍സന്‍ തില്ലങ്കേരിയും കെ. സുരേന്ദ്രനും അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ പതിനെട്ടാംപടിക്ക് താഴെ പ്രക്ഷോഭം നയിക്കുമ്പോഴാണ് ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയുടെ അളവ് എടുത്തത് എന്ന വിവരം നേരത്തേ പുറത്തു വന്നിരുന്നു.

പക്ഷാഘാതം ബാധിച്ച് കിടപ്പിലായ കെ.പി. ശങ്കരദാസ് കേസില്‍ 11-ാം പ്രതിയാണ്. 2018 ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെയും അംഗം എന്‍. വിജയകുമാറിനെയും എസ്ഐടി അറസ്റ്റ് ചെയ്തെങ്കിലും ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിപ്പട്ടികയില്‍ പേര് വന്ന കാലം മുതല്‍ അയാള്‍ ചികില്‍സയിലാണെന്ന് പരിഹസിച്ച കോടതി എസ്ഐടിയോട് മാന്യത കാണിക്കണമെന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിനേ തുടര്‍ന്നാണ് ചികില്‍സയിലുള്ള ആശുപത്രിയില്‍ ചെന്ന് ശങ്കരദാസിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.