- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലപ്പുഴയില്‍ ജി സുധാകരന് സ്വതന്ത്രനായി മത്സരിക്കുമെന്ന് വിലയിരുത്തി സിപിഎം; കായംകുളത്തും നിരീക്ഷണവും പ്രചരണവും ശക്തമാക്കാന്‍ സിപിഎം; സുധാകരന് മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വിലയിരുത്തല്‍; ആലപ്പുഴയില്‍ സിപിഎം കരുതലിലേക്ക്
അലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന വിലയിരുത്തില്‍ സിപിഎം. ഈ സാഹചര്യത്തില്‍ അമ്പലപ്പുഴയിലും കായംകുളത്തും സിപിഎം പ്രചരണം ശക്തമാക്കും. സുധാകരന്‍ മത്സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ അണികളെ ചേര്‍ത്ത് നിര്‍ത്താനുള്ള നടപടികളും എടുക്കും. അമ്പലപ്പുഴയില്‍ സുധാകരന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം ശക്തമാണ്.
പാര്‍ട്ടിയംഗമായിരിക്കുമ്പോഴും കോണ്‍ഗ്രസ് വേദികളിലും മറ്റും സുധാകരന്‍ പങ്കെടുക്കുന്നതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രി സജി ചെറിയാന്‍, എ.കെ. ബാലന്‍, എച്ച്. സലാം എംഎല്‍എ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ചു പരസ്യപ്രതികരണം നടത്തിയത്. തൊട്ടുപിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ അനുനയവുമായി സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു. എന്നിട്ടും സുധാകരന്‍ അയഞ്ഞില്ല. അസംതൃപ്തനായ സുധാകരന്‍ അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ അതിശയിക്കാനില്ലെന്നാണ് വിലയിരുത്തല്‍. സുധാകരനെ വിജയിപ്പിക്കാനുള്ള അടവുനയം കോണ്‍ഗ്രസ് സ്വീകരിച്ചേക്കും. തുടര്‍ച്ചയായി രണ്ടു തവണ നഷ്ടപ്പെട്ട അമ്പലപ്പുഴ പിടിക്കാന്‍ കോണ്‍ഗ്രസ് കരുതലോടെയാണ് കരുനീക്കുന്നത്.
സുധാകരനുമായി ഇനി സിപിഎം അനുനയ നീക്കത്തിനും ശ്രമിക്കില്ല. സുധാകരനെ ഒരു പാര്‍ട്ടി പരിപാടിയിലും സഹകരിപ്പിക്കില്ല. സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങില്ലെന്ന സന്ദേശം സുധാകരന്‍ നല്‍കി കഴിഞ്ഞു. കുട്ടനാട്ടില്‍ പാര്‍ട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയു നടത്തുന്ന വി.എസ്.അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടറി ആര്‍. നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്. എന്നിട്ടും സുധാകരന്‍ സമ്മേളനത്തിന് വരാത്തതിനെ ഗൗരവത്തിലാണ് സിപിഎം എടുക്കുന്നത്.
പരിപാടി അവര്‍ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യമില്ലെന്നും സുധാകരന്‍ പറഞ്ഞു. നോട്ടീസില്‍ പേരില്ലാത്തതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. നേതൃത്വവുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന സുധാകരനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ വീട്ടിലെത്തിയിരുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സുധാകരന്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരിപാടിയാണ് ബഹിഷ്‌കരിച്ചത്.
ഇതിനെ കടുത്ത അച്ചടക്ക ലംഘനമായി സിപിഎം കാണും. കോണ്‍ഗ്രസ് വേദികളിലെത്തുന്ന സുധാകരന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സിപിഎം സംശയിക്കുന്നുണ്ട്.