തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ അത്തിക്കയത്തെ അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ ആയുധമാക്കി സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ഷിജോയുടെ ആത്മഹത്യയില്‍ സര്‍ക്കാര്‍ വീഴ്ച്ച വ്യക്തമാകുമ്പോഴാണ് മുതിര്‍ന്ന നേതാവ് രൂക്ഷ വിമര്‍ശനവുമായ രംഗത്തുവന്നിരിക്കുന്നത്.

അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ ഭരണകൂടം പരാജയപ്പെട്ടതിന്റെ തെളിവാണെന്ന് സുധാകരന്‍ വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതിക്കും അലംഭാവത്തിനും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. സെക്രട്ടറിയേറ്റില്‍ 3.5 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന്റെ കുറ്റം സര്‍ക്കാരിന്റേതാണെന്ന രൂക്ഷ വിമര്‍ശനമാണ് സുധാകരന്‍ ഉയര്‍ത്തിയിരിക്കുന്നത്. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് ഇപ്പോഴത്തെ അവസ്ഥയെന്നതാണ് ശ്രദ്ധേയം.

റാന്നി- അത്തിക്കയം സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന് 12 വര്‍ഷത്തെ ശമ്പള കുടിശിക കിട്ടാതെ വന്ന സാഹചര്യത്തില്‍ ഭര്‍ത്താവ് ഷിജോ ജീവനൊടുക്കിയ സംഭവം വലിയ വിവാദമായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജി സുധാകരന്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിന്റെ പിടിപ്പുകേടിനെ വിമര്‍ശിച്ചത്.

'സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നു മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനമില്ലെങ്കില്‍ ഭരണകൂടം പരാജയപ്പെടുന്നു. ഫയലുകള്‍ താമസിപ്പിച്ചു തെറ്റായ തീരുമാനമെടുത്തവര്‍ക്കു ഭരണകൂടം അനുകൂലമാകുമ്പോള്‍ ആ ഉദ്യോഗസ്ഥരുടെ അഴിമതിയിലും അലംഭാവത്തിനും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്ന് വരുന്നു' എന്നാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് സുധാകരന്‍ പറയുന്നത്. നിയമ വിധേയമായി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥരില്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് തുലോം ചെറിയ വിഭാഗമാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രാഷ്ടീയക്കാര്‍ കാര്യമായ അഴിമതി നടത്തുന്നതെന്നും ഭരണകൂടമാണ് ഉത്തരവാദി എന്നും കുറ്റപ്പെടുത്തുന്നുണ്ട്.

എയ്ഡഡ് സ്‌കൂളിലെ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തിലായിരുന്നു പത്തനംതിട്ട നാറാണംമുഴിയില്‍ ഭര്‍ത്താവ് ജീവനൊടുക്കിയത്. 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ ആരോപിച്ചിരുന്നു. പത്തനംതിട്ട സംഭവം ഒരു ചൂണ്ടുവിരല്‍ ആണെന്നും ഭാവിയിലേക്കുള്ള താക്കീതാണെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയറ്റില്‍ ഫയലുകള്‍ കെട്ടിക്കിടുക്കുന്നത് തടയാന്‍ ഉപദേശങ്ങള്‍ക്കൊണ്ട് കാര്യമില്ലെന്നും നടപടിയാണ് വേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പണം ചോര്‍ത്തുന്ന മൂന്ന വിഭാഗങ്ങളുണ്ടെന്ന് മുന്‍പ് എന്‍ എന്‍ വോറ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ രാഷ്ട്രീയക്കാര്‍ക്കു കാര്യമായ അഴിമതി നടത്താന്‍ കഴിയില്ലെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.

സുധാകരന്‍ ഇക്കഴിഞ ദിവസം ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെ കഴിവില്ലായ്മ യെക്കുറിച്ചും പിടിപ്പുകേടിനെ കുറിച്ചും കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ചെറുപ്പക്കാരെ മന്ത്രിസഭയിലേക്കും പാര്‍ട്ടി തലപ്പത്തേക്കും കൊണ്ടുവന്നതിന്റെ ഗുണഫലങ്ങള്‍ മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ കാണാനില്ല. ഇവരുടെയൊന്നും പെര്‍ഫോര്‍മെന്‍സ് ശരാശരിക്കും മുകളില്‍ പോലുമല്ലെന്ന പരിഹാസവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

അതേസമയം ഷിജോ ജീവനൊടുക്കിയ വിവാദത്തില്‍ സസ്‌പെന്‍ഷനിലായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് അഭിപ്രായവും ഉയരുന്നുണ്ട്. കേസും വ്യവഹാരങ്ങളും മറ്റുമായി വര്‍ഷങ്ങള്‍ നീണ്ട വിഷയത്തില്‍ ഡി.ഇ.ഓഫീസില്‍ നിന്ന് കൃത്യമായ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ജനുവരി മുതല്‍ ഇക്കഴിഞ്ഞ ജൂലൈ രണ്ട് വരെ ലേഖ രവീന്ദ്രന്‍ ശമ്പളം കൈപ്പറ്റിയിരുന്നു. കിട്ടാനുള്ളത് 2012 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള ശമ്പള കുടിശികയാണ്. ഇത് സ്‌കൂളില്‍ നിന്ന് സ്പാര്‍ക്കില്‍ അപ്ലോഡ് ചെയ്യുന്നത് അനുസരിച്ച് ഘട്ടംഘട്ടമായി ലഭിക്കുന്നതാണ്.

രണ്ടു അധ്യാപികമാര്‍ തമ്മിലുളള കേസും കോടതി വ്യവഹാരവും 2012 ലാണ് ആരംഭിക്കുന്നത്. നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 2004 ല്‍ എച്ച്എസ്എ നാച്വറല്‍ സയന്‍സ് അധ്യാപികയായി സൈജു സഖറിയ എന്നയാള്‍ ജോലിക്ക് കയറിയിരുന്നു. 2008-09 കാലഘട്ടത്തില്‍ ഡിവിഷന്‍ ഫാളിനെ തുടര്‍ന്ന് സൈജുവിന് ജോലി നഷ്ടമായി. തുടര്‍ന്ന് ഇവര്‍ ജോലി രാജി വച്ചുവെന്നാണ് പറയുന്നത്. തുടര്‍ന്ന് 2011-12 കാലത്ത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന അധ്യാപക പാക്കേജില്‍ സൈജുവും ഉള്‍പ്പെട്ടു. 2012 ല്‍ സ്‌കുളില്‍ ഒഴിവു വന്ന അധ്യാപക തസ്തികയില്‍ യുപിഎസ്എ ആയി ലേഖ രവീന്ദ്രനെ നിയമിച്ചു.

മുന്‍പ് ജോലി ചെയ്തിരുന്ന ആളെന്ന നിലയില്‍ സൈജു ഈ തസ്തികയിലേക്ക് അവകാശവാദം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചു. ചട്ടപ്രകാരം തനിക്കാണ് ജോലിക്ക് അവകാശം എന്ന് ചൂണ്ടിക്കാട്ടിയാണ് സൈജു കോടതിയെ സമീപിച്ചത്. സ്‌കൂള്‍ മാനേജരെയും ലേഖ രവീന്ദ്രനെയും എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. 2019 ല്‍ കേസില്‍ ലേഖയ്ക്ക് അനുകൂലമായ കോടതി വിധി വന്നു. രണ്ടു പേരെയും കേട്ട ശേഷം തീരുമാനമെടുക്കാനായിരുന്നു വിധി. സര്‍ക്കാര്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടു. ഒടുവില്‍ ലേഖയുടെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചു.

ശമ്പളം കൊടുക്കുന്ന ഘട്ടമായപ്പോള്‍ സൈജു ഹൈക്കോടതിയെ വീണ്ടും സമീപിച്ച് സര്‍ക്കാര്‍ തീരുമാനത്തിന് സ്റ്റേ വാങ്ങി. സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഇതോടെ ലേഖയ്ക്ക് ശമ്പളം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിര്‍ത്തി വച്ചു. കേസില്‍ അന്തിമ വിധി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വന്നത്. ലേഖയുടെ നിയമനം അംഗീകരിക്കുന്നതിനുളള വിധിക്കെതിരേ സൈജു അപ്പീല്‍ പോയി. തല്‍സ്ഥിതി നിലനിര്‍ത്താന്‍ നവംബറില്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഇരുകൂട്ടര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ അന്തിമവിധി വന്നു. ഇതു പ്രകാരം ലേഖയുടെ ശമ്പളം നല്‍കണം. ഇനി വരുന്ന ഒഴിവില്‍ സൈജുവിന് നിയമനം നല്‍കാമെന്ന് മാനേജ്‌മെന്റ് സത്യവാങ്മൂലം നല്‍കണം എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.