- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തുടര്‍ഭരണം കിട്ടാതിരിക്കാന്‍ വിഎസിനെ ഒറ്റിയ യൂദാസുമാര്‍ ആര്‍? കയ്യില്‍ കഠാരയോ കത്തികളോ മിന്നിച്ചിതറും വെടിയുണ്ടയോ ഒന്നുമില്ലാതെ നടന്നുനീങ്ങിയ വി എസ്; പിണറായിക്കെതിരെ ഒളിയമ്പെയ്ത് ജി.സുധാകരന്റെ പുതിയ കവിത; കലാകൗമുദി ആഴ്ച്ചപ്പതിപ്പിലെ കവിതയില്‍ നിറയുന്നത് രൂക്ഷ വിമര്‍ശനം
തുടര്‍ഭരണം കിട്ടാതിരിക്കാന്‍ വിഎസിനെ ഒറ്റിയ യൂദാസുമാര്‍ ആര്‍?
തിരുവനന്തപുരം: തുടര്‍ഭരണ ആഹ്വാനവുമായി രംഗത്തിറങ്ങിയ പിണറായി വിജയനെതിരെ ഒളിയമ്പുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്റെ കവിത. വിഎസ് അച്യുതാനന്ദന് തുര്‍ഭരണം നിഷേധിക്കാന്‍ ഇടയായ പഴയ രാഷ്ട്രീയ സാഹചര്യം ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് സുധാകരന്റെ കവിത. വി.എസ്. അച്യുതാനന്ദന് 2011ല്‍ തുടര്‍ഭരണം നിഷേധിച്ചത് 'യൂദാസു'മാരാണെന്ന് സിപിഎം നേതാവ് പറയുന്നത്. വിഎസിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം പിണറായി വീഴ്ച്ച വരുത്തിയെന്ന ആരോപണം അക്കാലത്ത് ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് സിപിഎം നേതാവിന്റെ കവിത.
'ഇടിമുഴക്കം പോലെ ശബ്ദം,സിംഹഗര്‍ജനം പോലൊരാഹ്വാനം' എന്ന തലക്കെട്ടോടെ കലാകൗമുദി ആഴ്ച്ചപ്പതിപ്പിലാണ് ജി.സുധാകരന്റെ പുതിയ കവിത. യൂദാസുകള്‍ തീര്‍ത്ത പത്മവ്യൂഹം കാണാതിരുന്നത് കൊണ്ടാണ് വി. എസ് സര്‍ക്കാരിന് തുടര്‍ഭരണം നഷ്ടമായതെന്ന് കവിത പറയുന്നു. കത്തിയും കഠാരയുമില്ലാതെ നടന്നുനീങ്ങിയ വി. എസിനു ചുറ്റുമാണ് ആശയറ്റവര്‍ നിറഞ്ഞതെന്നും കവിതയില്‍ പരാമര്‍ശമുണ്ട്. ഇത് പിണറായി വിജയനെ ഉന്നമിട്ടാണെന്ന് വ്യക്തമാണ്.
വിഎസിനെ പ്രകീര്‍ത്തിച്ച് എഴുതിയ കവിതയിലാണ് അന്നു പാര്‍ട്ടിക്കകത്ത് നടന്ന വിഎസ് വിരുദ്ധ നീക്കങ്ങളെക്കുറിച്ചെന്നു കരുതാവുന്ന സൂചനയുള്ളത്. വിഎസ് പിണറായി പോര് പാരമ്യത്തിലെത്തിയ സമയത്തു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 68 സീറ്റാണ് ലഭിച്ചത്. മുഖ്യമന്ത്രിയായിരുന്ന വിഎസ് വീണ്ടും അധികാരത്തിലേറാതിരിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തിയെന്ന് അന്നു ചര്‍ച്ചയുണ്ടായി.
'സര്‍വ പ്രതീക്ഷയുമര്‍പ്പിച്ച സൈന്യാധിപന്‍ പാളിയെങ്കില്‍ ഉണ്ടാകുമോ വിജയങ്ങള്‍, അണികളോ ചിന്നിച്ചിതറി നശിക്കുകില്ലേ'- എന്ന് കുറിച്ചാണ് ജി.സുധാകരന്‍ പുതിയ കവിത ആരംഭിക്കുന്നത്. വി. എസിന്റെ രാഷ്ട്രീയ കാലം അടയാളപ്പെടുത്തുന്ന സുദീര്‍ഘ കവിതയില്‍ ആലപ്പുഴയിലെ തൊഴിലാളി സമരങ്ങളും രക്തസാക്ഷികളും കെ.ആര്‍.ഗൗരിയമ്മയുമെല്ലാം പരിസരവും കഥാപാത്രങ്ങളുമാകുന്നുണ്ട്.
കയ്യില്‍ കഠാരയോ കത്തികളോ മിന്നിച്ചിതറും വെടിയുണ്ടയോ ഒന്നുമില്ലാതെ നടന്നുനീങ്ങിയ വി. എസ് ആശയറ്റ പട്ടിണിപ്പാവങ്ങളെ തൊട്ടെന്ന് ജി.സുധാകരന്‍ എഴുതുന്നു. വി. എസ് സര്‍ക്കാരിന്റെ കാലത്തെ വാനോളം പുകഴ്ത്തുന്ന സുധാകരന്‍ വി. എസിന് തുടര്‍ ഭരണം ലഭിക്കാത്തതിന് പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുമുണ്ട്. വി. എസ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ ജനം ആഗ്രഹിച്ചെങ്കിലും യൂദാസുകള്‍ തീര്‍ത്ത പത്മവ്യൂഹം മുന്‍കൂട്ടി കഴിയാത്തതിനാലാണ് സീറ്റുകള്‍ നഷ്ടമായതെന്ന് പറഞ്ഞുവെക്കുന്നു.
ആലപ്പുഴ അന്ന് ഒമ്പതില്‍ എട്ട് സീറ്റുകളും എല്‍ഡിഎഫിന് നേടിക്കൊടുത്തെന്നും സുധാകരന്റെ ഓര്‍മപ്പെടുത്തലുണ്ട്. വി. എസിന്റെ വിപ്ലവജീവിതത്തെ അലങ്കാര വിശേഷണ പ്രയോഗങ്ങള്‍ കൊണ്ട് വാഴ്ത്തുന്നു നാലു പേജിലായി അച്ചടിച്ചുവന്ന കവിത. വി. എസ് ഭരണത്തിലാണ് നാടിന്റെ മട്ടുമാറിയതെന്നും അതാണ് നവകേരളമെന്നും പറഞ്ഞാണ് ജി.സുധാകരന്‍ കവിത അവസാനിപ്പിക്കുന്നത്.
സുധാകരന്റെ കവിതയില്‍ നിന്ന്:
'മുഖ്യനായി വാണകാലം വീണ്ടും വരാനായി കൊതിച്ചു നാമെങ്കിലും
യൂദാസുകള്‍ തീര്‍ത്ത പത്മവ്യൂഹം
മുന്നിലായി കാണാന്‍ മുന്‍പേ അറിയാതെ
നഷ്ടമായി ഏറെപ്പടക്കളങ്ങള്‍.
മൂന്നു പടക്കളം കൂടി ജയിച്ചെങ്കില്‍
വാഴും ജനസഭാ മന്ദിരത്തില്‍
തേരു തെളിക്കുന്ന നാഥനായി!
വിഎസിന്റെ പോരാട്ടങ്ങളെ വാഴ്ത്തുന്ന സുധാകരന്‍ സര്‍ക്കാരിന്റെ നവകേരള സംരംഭങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു:
'നാടിന്റെ അധ്വാന സമ്പന്നധാരയെ
നാളുതോറും വരളാതെ നിര്‍ത്താന്‍
നവകേരളമെന്നു പറയുന്നവര്‍
നെല്ലുവിളയിക്കും കുട്ടനാട് എന്നു ചൊല്ലൂ
അധ്വാനമാണ് നവകേരളത്തിന്റെ മുദ്ര
അതാവണം മുഖ്യമുദ്ര.'