ദൈവം ലോകത്തെ സൃഷ്ടിച്ച ഏദന്‍തോട്ടം എവിടെയാണ് എന്നതിനെ കുറിച്ച് നിരവധി അവകാശവാദങ്ങളുണ്ട്. പൊതുവേ പലരും കരുതിയിരിക്കുന്നത് ഏദന്‍തോട്ടം ഇറാഖില്‍ ആണെന്നാണ്. എന്നാല്‍ ഈ ധാരണ തിരുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍. ആ പറുദീസ ഈജിപ്തിലെ പിരമിഡുകള്‍ക്ക് ഒപ്പമാണെന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നത്. ചുരുക്കത്തില്‍ നമുക്കെല്ലാം ഇനി ഏദന്‍തോട്ടത്തിലേക്ക് യാത്ര ചെയ്യാം.

ബൈബിള്‍ പ്രകാരം ദൈവം ആദാമിനും ഹവ്വയ്ക്കും വേണ്ടി സ്ഥാപിച്ച ഒരു പറുദീസയായിരുന്നു ഏദന്‍ തോട്ടം. അവിടെ ഗിഹോണ്‍, യൂഫ്രട്ടീസ്, ടൈഗ്രിസ്, പിഷോണ്‍ എന്നീ നാല് ശാഖകളായി ഒഴുകുന്ന ഒരു നദിയും ഉണ്ടായിരുന്നു. ടൈഗ്രിസും യൂഫ്രട്ടീസും ഇറാഖില്‍ ആയതിനാല്‍ ഏദന്‍ തോട്ടം തഴച്ചുവളര്‍ന്നത് ഇവിടെ ആയിരിക്കുമെന്നാണ് പല പണ്ഡിതന്‍മാരും വിശ്വസിച്ചിരുന്നത്. എന്നാല്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ഡോ. കോണ്‍സ്റ്റാന്റിന്‍ ബോറിസോവ് വാദിക്കുന്നത് ഈ നദികള്‍ നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ്, സിന്ധു എന്നിവയാണെന്നാണ്.

മധ്യകാല യൂറോപ്യന്‍ ലോക ഭൂപടങ്ങളുമായി ഏറ്റവും യോജിച്ചിരിക്കുന്നത് ഇതാണെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ വര്‍ഷം ആര്‍ക്കിയോളജിക്കല്‍ ഡിസ്‌ക്കവറിയില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ഓഷ്യാനസ് എന്ന നദിയാല്‍ ചുറ്റപ്പെട്ട ഒരു മേഖലയെ

സൂചിപ്പിക്കുന്ന ഭൂപടം കൊടുത്തിട്ടുണ്ട്.ഇതിന്റെ ഏറ്റവും മുകളിലായിട്ടാണ് പറുദീസ അഥവാ ഏദന്‍ സ്ഥിതി ചെയ്യുന്നത്. ബി.സി. 500 ലെ ഒരു ഭൂപടം പരിശോധിച്ചാല്‍ ഓഷ്യാനസില്‍ നിന്ന് ഉത്ഭവിക്കുന്ന നാല് നദികള്‍ നൈല്‍, ടൈഗ്രിസ്, യൂഫ്രട്ടീസ്, സിന്ധു എന്നിവ മാത്രമാണെന്ന് വ്യക്തമാകുമെന്നും ബോറിസോവ് വാദിക്കുന്നു.

ഈജിപ്തിലെ ഗിസയിലെ ഗ്രേറ്റ് പിരമിഡ് ഒരു കാലത്ത് കഴിക്കുന്നവര്‍ക്ക് നിത്യജീവിതം ഉറപ്പ് നല്‍കുന്ന ഫലമുള്ള ജീവവൃക്ഷം വളര്‍ന്ന് നിന്നിരുന്ന സ്ഥലത്താണെന്നും അദ്ദേഹം പറയുന്നു. ഇവിടെ വലിയ തോതിലുള്ള ഊര്‍ജ്ജ പ്രവാഹം ഉള്ളതായും ബോറിസോവ് ചൂണ്ടിക്കാട്ടുന്നു. ഏദന്‍ തോട്ടത്തെക്കുറിച്ച് തെളിവുകളൊന്നുമില്ലെങ്കിലും, ബൈബിളിലെ വിവരണങ്ങളുമായി ബന്ധപ്പെട്ട് ടൈഗ്രിസും യൂഫ്രട്ടീസും ഇവിടെയുള്ളതിനാല്‍ അത് ഇറാഖിലായിരുന്നുവെന്ന് പല പണ്ഡിതന്മാരും വിശ്വസിച്ചിരുന്നു. ഇറാനും മംഗോളിയയും മുതല്‍ ഫ്ളോറിഡ വരെ ഏദന്‍തോട്ടം നിലനിന്നിരുന്ന സ്ഥലമാണെന്ന് നിരവധി വാദഗതികള്‍ പല സമയങ്ങളിലായി ഉയര്‍ന്ന് വന്നിരുന്നു.

കൂടുതല്‍ പേരും വിശ്വസിച്ചിരുന്നത് മെസോപൊട്ടോമിയ എന്ന സ്ഥലത്താണ് ഏദന്‍ തോട്ടം സ്ഥിതി ചെയ്തിരുന്നത് എന്നാണ്. എന്നാല്‍ അത് ഈജിപ്തില്‍ ആയിരുന്നു എന്നതിന്റെ സൂചനകള്‍ കണ്ടെത്തിയതായിട്ടാണ് ബോറിസോവ് വിശ്വസിക്കുന്നത്. പുരാതന ഗ്രീക്ക് ഗ്രന്ഥങ്ങള്‍, ബൈബിള്‍ തിരുവെഴുത്തുകള്‍, മധ്യകാല ഭൂപടങ്ങള്‍, ആദ്യകാല ചരിത്രകാരന്മാരില്‍ നിന്നുള്ള വിവരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സ്രോതസ്സുകളില്‍ നിന്നാണ് ബോറിസോവ് വിവരങ്ങള്‍ ശേഖരിച്ചത്. ഉല്പത്തി പുസ്തകം പറയുന്നത് തോട്ടം നനയ്ക്കാന്‍ ഒരു നദി ഏദനില്‍ നിന്ന് കിഴക്കോട്ട് ഒഴുകി, അവിടെ നിന്ന് അത് പിളര്‍ന്ന് നാല് ശാഖകളായി മാറിഎന്നാണ്. ഏതായാലും ഗവേഷകര്‍ ഇപ്പോഴും ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരുകയാണ്.