- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നവീകരണത്തിന്റെ ഭാഗമായി കലൂര്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സ്ഥാപിച്ച ഗേറ്റ് തകര്‍ന്നു വീണു; വന്‍ ഭാരമുള്ള ഇരുമ്പു ഗേറ്റ് വീണപ്പോള്‍ ഓട്ടോയാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആളുകള്‍ ഉണ്ടായിരുന്നില്ലാത്തത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി; അശാസ്ത്രീയമായി സ്ഥാപിച്ചതാണ് ഗേറ്റ് വീഴാന്‍ കാരണമെന്ന് ആരോപണം
റിപ്പോര്‍ട്ടര്‍ ചാനല്‍ നവീകരിച്ച കലൂര്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ച ഗേറ്റ് തകര്‍ന്നു വീണു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലെ ഗേറ്റ് തകര്‍ന്നുവീണു. നവീകരണത്തിന്റെ ഭാഗമായി സ്പോണ്‍സറാണ റിപ്പോര്‍ട്ടര്‍ ടി വി സ്ഥാപിച്ച പുതിയ ഗേറ്റ് ആണ് തകര്‍ന്നുവീണത്. അര്‍ജന്റീന ടീം മത്സരത്തിന് എത്തുന്നതിന്റെ ഭാഗം എന്നു പറഞ്ഞാണ് സ്പോണ്‍സറുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നവീകരണം നടത്തിയത്.
നവീകരണത്തിന്റെ ഭാഗമായി അന്ന് സ്പോണ്‍സര്‍ സ്ഥാപിച്ച ഇരുമ്പ് ഗേറ്റാണ് വെള്ളിയാഴ്ച വൈകീട്ട് 5.20 ഓടെ തകര്‍ന്നുവീണത്. നാല് ഇരുമ്പ് ഗേറ്റുകളാണ് സ്റ്റേഡിയത്തില്‍ ഉള്ളത്. സ്റ്റേഡിയത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന പ്രധാന കവാടത്തിന്റെ ഇരുമ്പ് ഗേറ്റാണ് തകര്‍ന്ന് വീണത്. ആ സമയത്ത് ആളുകള്‍ ഉണ്ടായിരുന്നില്ലാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.
വൈകീട്ട് 5.20 ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഗേറ്റ് തുറന്നതിന് പിന്നാലെയാണ് ഗേറ്റ് നിലംപൊത്തിയതെന്ന് അപകട സ്ഥലത്ത് ഉണ്ടായിരുന്ന ചന്ദ്രന്‍ പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായ ചന്ദ്രന്‍ യാത്രക്കാരുമായി പോവുകയായിരുന്നു. ഓട്ടോറിക്ഷ ഗേറ്റിനെ മറികടന്നതിന് പിന്നാലെ വലിയ ശബ്ദം കേട്ടു എന്നും തിരിഞ്ഞ് നോക്കിയപ്പോഴാണ് അപകടം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഭാരമുള്ള ഗേറ്റ് രണ്ട് ചെറിയ ബെയറിംഗുകളിലാണ് സ്ഥാപിച്ചിരുന്നതെന്നും അശാസ്ത്രീയമായി സ്ഥാപിച്ചതാണ് ഗേറ്റ് വീഴാന്‍ കാരണമെന്നും ചന്ദ്രന്‍ പറഞ്ഞു. നാളെ കളിയുള്ള ദിവസമാണ്. ആ സമയത്താണ് ഗേറ്റ് വീണതെങ്കില്‍ ദുരന്തമാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ഗേറ്റുകളും ബലപ്പെടുത്തണമെന്ന് ചന്ദ്രന്‍ പറയുന്നു.
ബാനര്‍ജി റോഡില്‍ നിന്നു സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നിടത്താണു പുതിയ ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിവാദമായ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതിയ കവാടം നിര്‍മിക്കുകയും ഇതിനു ഗേറ്റ് സ്ഥാപിക്കുകയുമായിരുന്നു. ഇരു ഭാഗങ്ങളിലും 2 പാളികള്‍ വീതമുള്ള കൂറ്റന്‍ ഗേറ്റുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ സ്റ്റേഡിയത്തില്‍ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിലൊന്നാണു തകര്‍ന്നു വീണത്. മുകളിലെ ക്ലാമ്പില്‍ നിന്ന് ഭാരം താങ്ങാന്‍ കഴിയാതെ പൊട്ടിവീണതാകാനാണു സാധ്യതയെന്നാണു കരുതുന്നത്.
ഓട്ടോ കടന്നുപോയ തൊട്ടടുത്ത നിമിഷം ഗേറ്റ് റോഡിലേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെത്തി ബാരിക്കേഡ് വച്ച് താല്‍ക്കാലികമായി ഇവിടം സുരക്ഷിതമാക്കി. ഗേറ്റ് റോഡിന് അരികിലേക്ക് മാറ്റിയിടാന്‍ സുരക്ഷാ ജീവനക്കാരടക്കം ശ്രമിച്ചിട്ടും ഭാരം മൂലം അനക്കാന്‍ പോലും കഴിഞ്ഞില്ല. സംഭവത്തില്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) പ്രതികരണം ലഭ്യമായിട്ടില്ല.
റിപ്പോര്‍ട്ടര്‍ ചാനലാണ് സ്‌റ്റേഡിയം നവീകരണത്തിന്റെ സ്‌പോണ്‍സര്‍. നവീകരിച്ച സ്‌റ്റേഡിയം അടുത്തിടെ ചോര്‍ന്നൊലിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അര്‍ജന്റീന സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ നവീകരണം റിപ്പോര്‍ട്ടര്‍ ചാനലിനെ ഏല്‍പ്പിച്ചത്. ഫലത്തില്‍, നവീകരണം ജിസിഡിഎയുടെ ചുമലിലായി. സ്റ്റേഡിയം രാജ്യാന്തര നിലവാരത്തില്‍ 'നവീകരിച്ചെന്നാണ്' ജിസിഡിഎ അവകാശപ്പെട്ടത്. എന്നാല്‍, കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം നടന്ന 22നു തലേ രാത്രിയിലുണ്ടായ കനത്ത മഴയില്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര അണ പൊട്ടിയതു പോലെ ചോര്‍ന്നിരുന്നു. സ്റ്റേഡിയത്തിനുള്ളില്‍ പാനലുകള്‍ ഉപയോഗിച്ചു നിര്‍മിച്ചിരുന്ന മുറികളില്‍ പലതും പൊളിച്ചിട്ട നിലയിലാണ്. ശുചിമുറികളില്‍ പലതിലും വൈദ്യുതിയില്ല.
ഐഎസ്എല്‍ ദിവസം വെളിച്ചമില്ലാത്ത ശുചിമുറി ഉപയോഗിക്കേണ്ട ഗതികേടിലായിരുന്നു പലരും. പല മുറികളിലും ഫോള്‍സ് സീലിങ് പൊളിഞ്ഞു കിടക്കുകയാണ്. അതേസമയം, പുറത്തെ പ്രധാന കവാടവും ചുറ്റുമതിലുമെല്ലാം നിര്‍മിക്കുകയും പെയിന്റ് പൂശുകയും ചെയ്തതിനാല്‍ ഒറ്റക്കാഴ്ചയില്‍ സ്റ്റേഡിയം അടിമുടി നവീകരിച്ചതായി തോന്നുകയും ചെയ്യും. സ്റ്റേഡിയം വാടകയെച്ചൊല്ലി ജിസിഡിഎ കേരള ബ്ലാസ്റ്റേഴ്‌സിനെ സമ്മര്‍ദത്തിലാക്കിയതും സ്റ്റേഡിയം മേല്‍ക്കൂര ചോര്‍ന്നതും ഉള്‍പ്പെടെയുള്ള വിവാദങ്ങളും ആരാധകര്‍ക്ക് ആശങ്ക പകരുന്നു.


